ഒരു വ്യക്തിസത്തയുടെ മേല്‍ സമസ്കന്ധമായ മറ്റൊരു വ്യക്തി ചേതനയുടെ ചിത്രകൂട സമാവേശനത്തിന് ഒന്നിലേറെ കാരണങ്ങള്‍ ഉണ്ടാവാം. ആകസ്മികമായ ഒരു വാക്ക്, അപ്രതീക്ഷിതമായ ഒരു നോട്ടം ഇതൊക്കെ വ്യക്തിബന്ധങ്ങളുടെ സ്ഥിരീകരണത്തിനും രൂപപ്പെടലിനും ചിരപ്രതിഷ്ഠതത്വത്തിനും ന്യായമായ കാരണങ്ങളായി ഭവിക്കാം. മനുഷ്യമനസ്സ് ഇഷ്ടാനിഷ്ടങ്ങളില്‍ ഉടക്കിക്കിടക്കുന്നു. അവ്യാഖ്യേയമോ അതിവ്യാഖ്യേയമോ ആയ ഒരു പ്രഭാവലയം സുദൃഢ സ്നേഹബന്ധത്തിന് ചുറ്റുമുണ്ടാവും. വ്യക്തിമനസ്സിന് ആകര്‍ഷണവും വികര്‍ഷണവും ഉണ്ട്. ആകര്‍ഷണം വ്യക്തിമനസ്സുകളെ അഷ്ടബന്ധമിട്ടുറപ്പിക്കുന്നു. ഈ അടുപ്പിക്കലിനും അകറ്റലിനും പ്രേരണകളും ഉണ്ടാവാം. കണ്ടുനിക്കലും കവിഞ്ഞുനല്കലും സ്നേഹാദരങ്ങള്‍ക്ക് മിനുക്ക് നല്കുന്നു. ഗുരുശിഷ്യബന്ധമാവട്ടെ, ഭാര്യാഭര്ത്തൃബന്ധമാവട്ടെ, സ്നേഹബന്ധം മനുഷ്യമനസ്സിലെ സമാനവികാരങ്ങളുടെ ചേര്‍ച്ചകൊണ്ട് രൂപമെടുക്കുന്നു; ദൃഢീകൃതമാകുന്നു. ബഹുശ്ശതം ശിഷ്യഗണങ്ങളേയും സഹപ്രവര്‍ത്തകരേയും അസൂയാര്‍ഹമാംവിധം തന്നിലേക്ക് അടുപ്പിച്ച് നിര്‍ത്താന്‍ പ്രൊഫ.കെ.വേലായുധന് നായര്‍ എന്ന അപൂര്വമാസ്മരികതയ്ക്ക് കഴിഞ്ഞതിന്റെ കാരണം ഇതാവാം.
കേരളത്തിലെ പ്രശസ്ത ഇംഗ്ലീഷ് അധ്യാപകരില്‍ ഒരാളായിരുന്നു പ്രൊഫ.കെ.വേലായുധന് നായര്‍ എന്ന കെ.വി.എന്‍. സാധാരണതയിലെ അസാധാരണതയായിരുന്നു ഈ അധ്യാപകന്. ഒരു കാലഘട്ടത്തിലെ അധ്യാപനതന്ത്രത്തിന്റെ സൂത്രധാരനാകുവാന് സ്വഭാവികമായും അദ്ദേഹത്തിന് കഴിഞ്ഞു. സര്‍വകലാശാലയുടെ ഔദ്യോഗിക വേഷവിധാനങ്ങള്‍ അണിയിച്ച് അധ്യാപകരെ സെക്രട്ടറിയേറ്റിന് മുമ്പില്‍ പൊതുജനമധ്യത്തിലേക്ക് ഇറക്കിക്കൊണ്ടുവന്നത് എകെപിസിടിഎ യുടെ പ്രമുഖസാരഥി എന്ന നിലയില്‍ അദ്ദേഹത്തിന്റെ നേട്ടമാണ്. ഇന്നത്തെ അവസ്ഥയില്‍ പോലും ഇത്തരം ഒരു സംഭവം അസാധാരണം എന്നേ പറയാനാകൂ. കെ.വി എന്റെ ഏത് പ്രവൃത്തിക്കും ഒരു കെവിഎന്‍ ടച്ച് ഉണ്ടായിരുന്നു. അതിന്റെ നിര്‍വഹണത്തെപ്പറ്റി അല്‍പ്പമൊക്കെ അഭിപ്രായവ്യത്യാസം ഉണ്ടായാലും പ്രവര്‍ത്തനതന്ത്രം പൂര്‍ണമായും വിജയമായിരുന്നു. അധ്യാപന തന്ത്രത്തില്പ്പോലും ഈ അപൂര്‍വത ദൃശ്യമായിരുന്നു.
പ്രൊഫ.എം.പി.പോള്‍, പ്രൊഫ.ഷെപ്പേര്‍ഡ്, പ്രൊഫ.സത്യവാഗീശ്വരയ്യര് തുടങ്ങി കാലം എന്നും നമിച്ചുനില്‍ക്കുന്ന അധ്യാപകപ്രതിഭകളുടെ ശൈലിയായിരുന്നില്ല വേലായുധന്നായര് സാറിന്റേത്. ചിലപ്പോഴത് മേഘനിര്ഘോഷമാവാം; മറ്റു ചിലപ്പോള്‍ അത് നീഹാരാര്ദ്രസാന്ത്വനമാവാം. പഠിപ്പിക്കുന്ന സാഹിത്യകൃതി ഏതായാലും ആരുടേതായാലും സാറിന്റെ സമീപനരീതിയിലായിരുന്നു അതിന്റെ പ്രത്യേകത. ഷേക്സ്പിയര് പോലെ തന്നെ ബര്‍ണാര്‍ഡ്ഷായും ഷെല്ലിയും കീറ്റ്സും ബ്രൗണിംഗും അസൂയ തോന്നിപ്പിക്കുംവിധം കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ആംഗലേയഭാഷാവേഷ ശൈലികള്‍ കേരളത്തിലെ ഇംഗ്ലീഷ് അധ്യാപന രംഗത്തേക്ക് അനുപമിതമാംവിധം കൂട്ടിയോജിപ്പിക്കാന്‍ സാറിന് കഴിഞ്ഞു. കേരളത്തിലെ ഇംഗ്ലീഷ് പഠനത്തിന് ചമ്പക്കുളത്തിന്റെ ശാശ്വത സംഭാവനയാണ് ഈ ചന്ദനപ്പൊട്ട്. ഒരു ഭാവഗാനത്തിന്റെ വികാരസാന്ദ്രതയോടെ ഇംഗ്ലീഷ് കവിതകള്‍ ചൊല്ലിയിരുന്ന പ്രൊഫ.എസ്.എ.വാസുദേവയ്യര്‍, കാളിദാസകൃതികളുടെ അതിസൂക്ഷ്മതലങ്ങള്പോലും വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ ഉന്മീലനം ചെയ്ത പ്രൊഫ. ചന്ദ്രശേഖരന് തുടങ്ങിയ അധ്യാപകര്‍ ഉള്‍പ്പെട്ട അന്നത്തെ എസ്.എന്‍.കോളേജിലെ ഭാഷാവകുപ്പ് കേരളത്തിന്റെ തന്നെ അഭിമാനമായിരുന്നു. അതിന്റെ വിഖ്യാതനായ സാരഥി ആയിരുന്നു പ്രൊഫ.കെ.വി.എന്‍.ഫ്യൂഡല്‍ പ്രഭാവത്തിന്റെ തലയെടുപ്പ് ഈ അപൂര്വവ്യക്തിയുടെ പ്രവര്‍ത്തനങ്ങളില്‍ ഉടനീളം ദൃശ്യമായിരുന്നു. സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെ ആകര്‍ഷിച്ചു തന്നോടൊപ്പം പ്രവര്‍ത്തിപ്പിക്കുവാനും അവരില്‍ പടരുന്ന ജ്വാലയായി നിലനില്ക്കുവാനും കഴിഞ്ഞു എന്നതാണ് പ്രൊഫ.കെ.വി.എന്നിന്റെ പ്രസക്തി.
വേലായുധന് നായര്‍ സര് എന്റെ ശ്വശുരനായിരുന്നു. സാധാരണേതരനായ അദ്ദേഹവുമായി അടുത്തു പെരുമാറാന്‍ അവസരം ലഭിച്ചത് ഒരു ഭാഗ്യമായി കരുതുന്നു. സ്നേഹധനനായ പിതാവായും ശ്വശുരനായും മുത്തച്ഛനായും മാത്രമേ എനിക്ക് അദ്ദേഹത്തെ ഓര്‍മ്മിക്കാനാകൂ. അദ്ദേഹത്തിന്റെ അന്ത്യനിമിഷങ്ങള്‍ക്ക് സാക്ഷിയാകാന്‍ കഴിഞ്ഞു എന്നത് ഈശ്വരിനിയോഗമാവാം.
ഡോ. എന്‍.ആര്.ഗോപിനാഥപിള്ള (കേരള സര്‍വകലാശാല മലയാള വിഭാഗത്തിലെ മുന്‍ അദ്ധ്യാപകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: