പാചകവാതക വില അടിക്കടി വര്‍ധിപ്പിച്ച് ഉപഭോക്താക്കളെ ചുറ്റിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ ഒരു വിനോദമാക്കി മാറ്റിയ മട്ടുണ്ട്. ഏറ്റവും ഒടുവില്‍ 12 രൂപ വര്‍ദ്ധിപ്പിച്ച് ക്രൂരതകാട്ടിയ സര്‍ക്കാര്‍ ഇനി ജനങ്ങളെ കൊള്ളയടിക്കാന്‍ പുതിയ മാര്‍ഗം കണ്ടെത്തുകയാണ്. പാചകവാതകം സബ്സിഡിയില്ലാതെ കമ്പനികളില്‍ നിന്ന് വാങ്ങണം. സബ്സിഡി പണമായി സര്‍ക്കാര്‍ നേരിട്ട് ഉപഭോക്താവിന് നല്കുമത്രെ. അടുത്തവര്‍ഷം മുതല്‍ ഇത് നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.
ആധാര്‍ കാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ പാചകവാതക സബ്സിഡി തുക കേന്ദ്രസര്‍ക്കാര്‍ മുന്‍കൂറായി ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നാണ് വാഗ്ദാനം. ഈ സംവിധാനം നിലവില്‍വരുന്ന അടുത്ത ജൂലൈ മുതല്‍ ഉപഭോക്താക്കള്‍ വിപണി വില നല്കി ഗ്യാസ് ഏജന്‍സികളില്‍ നിന്നു സിലിണ്ടര്‍ വാങ്ങുന്നവിധമാണ് നടപടികള്‍ തുടരുന്നത്. സബ്സിഡികള്‍ പൂര്‍ണമായും നിര്‍ത്തി എണ്ണക്കമ്പനികളെ സഹായിക്കാനാണ് സര്‍ക്കാര്‍ ശ്രമം. കേന്ദ്രസര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ മുഖേനയാണു സബ്സിഡി നല്കിപോന്നത്. ഈ സംവിധാനത്തിനാണു മാറ്റമുണ്ടാകുന്നത്. അടുത്ത വര്‍ഷം ജനുവരി ഒന്നു മുതല്‍ അഞ്ചു ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കും. നിലവില്‍ ഉപഭോക്താക്കള്‍ക്ക് 435 രൂപയ്ക്ക് പാചകവാതക സിലിണ്ടറുകള്‍ നല്കുമ്പോള് സര്‍ക്കാര്‍ 500 രൂപ സബ്സിഡിയായി എണ്ണക്കമ്പനികള്‍ക്കു നല്കുന്നു. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ സബ്സിഡി തുകയായ 500 രൂപ മുന്‍കൂറായി ഉപഭോക്താക്കളുടെ അക്കൗണ്ടിലെത്തും. ഈ തുകയും ചേര്‍ത്തു വിപണി വിലയ്ക്ക് ഏജന്‍സികളില്‍ നിന്നു സിലിണ്ടറുകള്‍ വാങ്ങണമെന്നാണ് വ്യവസ്ഥ.
ഓരോ തവണയും സിലിണ്ടര്‍ വാങ്ങിയ ശേഷം അടുത്ത ഗഡു സബ്സിഡി ഉപഭോക്താക്കളുടെ അക്കൗണ്ടിലെത്തുമെന്നാണ് ഉപഭോക്താക്കളെ ധരിപ്പിക്കാന്‍ പോകുന്നത്. ഇതനുസരിച്ചു കേരളത്തില്‍ ആദ്യത്തെ ആറു സിലിണ്ടറുകള്‍ക്കു കേന്ദ്രവും പിന്നീടുള്ള മൂന്നു സിലിണ്ടറുകള്‍ക്കു സംസ്ഥാന സര്‍ക്കാരുമാണു സബ്സിഡി നല്‍കുക. ഒന്‍പതു സിലിണ്ടറുകള്‍ വാങ്ങുമ്പോള്‍ 4,500 രൂപ സബ്സിഡിയായി ലഭിക്കും. ആധാര്‍ കാര്‍ഡ് നമ്പറുകളെ ബാങ്ക് അക്കൗണ്ടുകളുമായും ഗ്യാസ് കണക്ഷന് നമ്പറുകളുമായും ബന്ധിപ്പിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുക. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ ഓഫീസ് വിളിച്ചുചേര്‍ത്ത ഉന്നതതല യോഗമാണു പുതിയ സംവിധാനം നടപ്പാക്കാന്‍ തീരുമാനിച്ചത്. പാചകവാതകത്തിനു പുറമേ ഭക്ഷ്യ പൊതുവിതരണ മേഖലയിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കുന്നതു കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്. സാമ്പത്തിക പരിഷ്കരണമെന്ന ഓമനപ്പേരിലാണ് ജനങ്ങളെ കൊള്ളയടിക്കാനുള്ള പുതിയ തന്ത്രം മെനയുന്നത്. ഒരുതരത്തിലും നടപ്പാക്കാന്‍ കഴിയാത്ത പദ്ധതിയാണിതെന്ന കാര്യത്തില്‍ സംശയമില്ല. സബ്സിഡി തുക ഉപഭോക്താവിന് ലഭിക്കാന്‍ പോകുന്നില്ല.
കോടിക്കണക്കായ ഉപഭോക്താവിന് സബ്സിഡി തുക യഥാസമയം നല്‍കാനുള്ള സംവിധാനമില്ല. കൃത്യതയോടെ ജനങ്ങളെ സേവിക്കാന്‍ തയ്യാറുള്ള ഉദ്യോഗസ്ഥ വൃന്ദവുമില്ല. ഉപഭോക്താക്കളെ കൊള്ളയടിക്കാനുള്ള എളുപ്പമാര്‍ഗ്ഗമായി ഈ പഴുത് ഉപയോഗപ്പെടുത്തും എന്ന കാര്യത്തില്‍ സംശയമില്ല. ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയാത്ത ഈ പരിഷ്ക്കാരമാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാന്‍പോകുന്നത്. അതുകൊണ്ടുതന്നെ കക്ഷിവ്യത്യാസമന്യേ എല്ലാ വിഭാഗവും ഈ നീക്കത്തെ ചെറുത്തേ മതിയാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: