സ്വാതന്ത്ര്യത്തിന്റേയും സ്വയംഭരണത്തിന്റേയും പിന്നിട്ട വര്ഷങ്ങളിലൂടെയത്രയും നമ്മുടെ ജനാധിപത്യം ആര്‍ജ്ജിച്ചെടുത്തത് ഉദാസീനതയുടേയും നീട്ടിവയ്ക്കലിന്റേയും സംസ്ക്കാരമാണ്. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ കാര്യത്തില്‍ ഭരണകൂടങ്ങളുടെ ഈ ഭാവനയില്ലായ്മയുടെ വില പകര്‍ച്ചവ്യാധികളും പരിസ്ഥിതി നാശവുമായി നാം അനുഭവിച്ചുകൊണ്ടിരിക്കുന്നു. മാലിന്യ സംസ്ക്കരണ പ്രക്രിയതന്നെ ഒരിക്കലും സംസ്ക്കരിക്കാനാവാത്ത രാസ-ജൈവ മാലിന്യങ്ങളെ സൃഷ്ടിച്ചുവിടുന്ന തലതിരിഞ്ഞ രീതിയാണ് നാം പുലര്‍ത്തുന്നത്.
മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനായി മാത്രം രൂപീകൃതമായ നഗര ഭരണകൂടങ്ങള്‍ മാലിന്യസംസ്ക്കരണ മൊഴിച്ച് മേറ്റ്ല്ലാം നിര്‍വഹിക്കുന്നുണ്ട്. നഗരത്തിന്റെ വ്യക്തിയെ നഗരപ്രാന്തത്തിന്റെ മാലിന്യം എന്ന അബദ്ധ ധാരണ അധികൃതര്‍ക്കുണ്ട്. അങ്ങനെയല്ലെന്നും നഗരത്തിന്റെ വിസര്‍ജ്ജ്യങ്ങള്‍ നഗരം തന്നെയാണ് കഴുകിക്കളിയേണ്ടതെന്നും നഗരത്തിന്റെ മാലിന്യങ്ങളേറ്റു വാങ്ങാന്‍ വിധിക്കപ്പെട്ട കുണ്ടിലെ പന്നികളല്ല നഗരപ്രാന്തത്തിലെ മനുഷ്യരെന്നും പല നഗരനിയന്ത്രിത ഗ്രാമങ്ങളും വിളിച്ചുപറയാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. എന്നിട്ടും ഭരണകൂടങ്ങള്‍ അതുകേള്‍ക്കാതെ അവരവരുടെ അന്തപ്പുരങ്ങളില്‍ വീണയും വായിച്ചിരിക്കുകയായിരുന്നു. അധികാരത്തിന്റെ ഈ ഹീന സംഗീതത്തെയത്രയും അതിലംഘിച്ചുകൊണ്ടാണ് വിളപ്പില്‍ശാലയുടെ വിക്ഷുബ്ധ സ്വരം ഭരണസാരഥ്യങ്ങള്ക്കുമേല് വെള്ളിടിയായി വീണത്. കോടതിവിധി നടപ്പാക്കാന്‍ സകലസന്നാഹങ്ങളുമായെത്തിയ അധികാരവര്‍ഗ്ഗത്തിന് നേരെ അത് മനുഷ്യനില്‍നിന്ന് മനുഷ്യരിലേക്ക് വ്യാപരിച്ചു. പ്രതിഷേധത്തിന്റെ മഹാസാഗരം. വിളപ്പിന്ശാലയില്നിന്ന് വളര്‍ന്ന് അത് മാലിന്യത്തിനെതിരായുയരുന്ന മലയാളിയുടെ ശബ്ദമായി. അതിവേഗത്തിലും ബഹുദൂരത്തിലും നാട് വില്‍ക്കാനിറങ്ങി പുറപ്പെട്ട മുഖ്യമന്ത്രിയോ സ്വന്തം രാഷ്ട്രീയ ചക്രവ്യൂഹത്തില്‍ കിടന്ന് വെറും തടവും പയറ്റുന്ന അച്യുതാനന്ദനോ ബാങ്കുവിളിയൊഴിച്ച് മറ്റൊന്നും കാതില്‍ മുഴങ്ങാത്ത മഞ്ഞളാംകുഴി അലിയോ ആ ദിഗന്ത സ്വരം കേട്ടില്ല. അല്ലെങ്കില്‍ അങ്ങനെ ഭാവിച്ചില്ല. നഗരസഭാ അദ്ധ്യക്ഷയ്ക്കാകട്ടെ അന്നേദിവസം തന്നെ ടെലിവിഷന്‍ സൗകര്യമില്ലാത്ത ഒരാശുപത്രിയില്‍ കിടപ്പായതിനാല്‍ അശുഭമായതൊന്നും കേള്‍ക്കേണ്ടിയും വന്നില്ല. ചരിത്രത്തിന്റെ മണിവീണ ഇപ്പോഴും ചിലര്‍ക്ക് കൈമോശം വന്നിട്ടില്ലെന്ന് സാരം.
നഗരങ്ങളുടെ മാലിന്യം ഇനി വരുംകാലത്തില്‍ നഗരങ്ങളില്‍ത്തന്നെ സംസ്കരിക്കേണ്ടിവരും. ഊര്ജ്ജമായോ ഉല്‍പ്പന്നമായോ ഉപോല്പ്പന്നങ്ങളായോ മാറ്റിയെടുക്കേണ്ടി വരും. സ്വന്തം മാലിന്യം സ്വയമായി നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ഓരോ പൗരനേയും പഠിപ്പിക്കുകയും തയ്യാറാക്കുകയും ചെയ്യേണ്ടി വരും. സ്ഥാപനങ്ങളിലും വ്യവസായ ശാലകളിലും വാസ സമുച്ചയങ്ങളിലും സംസ്ക്കരണ സംവിധാനം നിര്‍ബന്ധവും കുറ്റമറ്റതും ആക്കേണ്ടി വരും. നഗരസഭകള്‍ ഇതില്‍നിന്ന് ഒളിച്ചോടിയിട്ടോ മേല്‍ ഭരണകൂടങ്ങള്‍ക്കും കോടതിയ്ക്കും വീതംവെച്ചു നല്കി കയ്യൊഴിഞ്ഞിട്ടോ കാര്യമില്ല. സംസ്ഥാന നേതൃത്വം സമഗ്രവും ദീര്‍ഘവുമായ പദ്ധതികള്‍ ആവിഷ്ക്കരിക്കാത്തതില്‍ അര്‍ത്ഥമില്ല. കോടതിയെ കബളിപ്പിച്ചും കണ്ണില്‍ പൊടിയിട്ടും കാലതാമസം വരുത്തിയും ഒരു ഭരണ സ്ഥാപനങ്ങള്‍ക്കും നിലനില്‍പ്പില്ല. തെറ്റിദ്ധരിപ്പിക്കപ്പെട്ട കോടതികളാകട്ടെ ജനങ്ങള്‍ക്കുമേല്‍ വിഷവും മലവും വര്‍ഷിക്കാന്‍ ഇടയാക്കുകയുമരുത്; അതിന് രാഷ്ട്രീയ നേതൃത്വം തന്നെ ധാരാളം.
ഭരണകൂടങ്ങള്‍ ജനതയ്ക്കുറപ്പാക്കേണ്ട പ്രാഥമികാവകാശമാണ് ശുദ്ധജലവും ശുദ്ധവായുവും ആരോഗ്യപ്രദമായ പരിസ്ഥിതിയും. അത് നല്കുന്നില്ലെന്നതോ പോകട്ടെ ഉള്ളവയെത്തന്നെ നശിപ്പിക്കാനും വിഷമയമാക്കാനും അടിസ്ഥാന സൗകര്യങ്ങളെ താറുമാറാക്കാനും ഭരണകൂടങ്ങള്‍ തന്നെ കാരണമാകുന്നു. അവയുടെ കെടുകാര്യസ്ഥതയും പരിഗണനയില്ലായ്മയും ഭൂഗര്‍ഭജലത്തേയും നദികളേയുംപോലും മലിനമാക്കുന്നു. അന്തരീക്ഷത്തെ ദുര്‍ഗന്ധപൂരിതവും വിഷമയവുമാക്കുന്നു. ഇത്തരം ഉദാസീനതയും അവഗണനയുമാണ് മാലിന്യ സംസ്കരണ പ്ലാന്റുകള്‍ക്കെതിരെ ജനരോഷം ഉണര്‍ത്തിവിട്ടത്. പ്ലാന്റുകള്‍ കൃത്യതയോടെ പ്രവര്‍ത്തിപ്പിച്ചാല്‍ പരിസരവാസികള്‍ അത് തിരിച്ചറിയുകപോലുമില്ല. എന്നാല്‍ നമ്മുടെ മൂന്നാംലോകത്തിന്റെയും നാലാം ലോകത്തിന്റേയും മുഖമുള്ള പ്ലാന്റുകള്‍ അത് പ്രവര്‍ത്തിക്കുന്ന ഗ്രാമത്തിന്റെ ആവാസവ്യവസ്ഥയെ തന്നെ അടിയോടെ പറിച്ചെറിയുന്നു. ഭരണകൂടം ഗിനിപ്പന്നികളെപ്പോലെ കരുതുന്ന അവിടങ്ങളിലെ മനുഷ്യര്‍ നിത്യരോഗത്തിലേക്കും ജന്മവൈകല്യത്തിലേക്കും വിഷാദത്തിലേക്കും വീഴുന്നു. കുട്ടികള്‍ ഭീതിയോടെയും നിന്ദയോടെയും അപകര്ഷതയോടെയും വളര്‍ന്നുവരുന്നു. യുവതരോഷാകുലരും നിഷേധികളുമാകാന് തുടങ്ങുന്നു. മാലിന്യം മാംഗല്യം മുടക്കിയ യുവതികള്‍ പുരയും പുറമ്പോക്കും നിറഞ്ഞുനില്ക്കുന്നു. സഹനം നശിച്ച മനുഷ്യര്‍, ശുദ്ധരായ ഗ്രാമീണര്‍ അഭയാര്‍ത്ഥികളായി നാടോടികളായി പരിണമിച്ചൊടുങ്ങുന്നു. ലാലൂര്പോലെ കേരളത്തിന്റെ പല നഗരാന്തര ഗ്രാമങ്ങളും ഭരണകൂടങ്ങളുടെ രാഷ്ട്രീയഭേദമില്ലാത്ത അടിച്ചമര്‍ത്തലിനും അവഗണനയ്ക്കും വിധേയമായി മാലിന്യ ഗ്രാമങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. അധികാരം അനധികൃത നിര്‍മാതാക്കളെപ്പോലെ മാലിന്യത്തിന്റെ പിരമിഡുകള്‍ കേരളത്തിലെ ഓരോ നഗരാതിര്‍ത്തികളിലും ഉയര്‍ത്തിക്കൊണ്ടുവരുന്നു. മഹത്തായൊരു നാഗരികതയുടെ ശരിയായ ശവക്കൂനുകള് ആയി.
കേരളത്തില്‍ ഒന്നോ രണ്ടോ ഇടങ്ങളിലൊഴികെ ട്രീറ്റ്മെന്റ് പ്ലാന്റുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല. അവിടങ്ങളില്‍ പ്രതിഷേധവുമില്ല. മറ്റിടങ്ങളിലൊക്കെത്തന്നെ പ്രവര്‍ത്തനത്തിന്റെ നിബന്ധനകള്‍ അപ്പാടെ ലംഘിക്കപ്പെടുകയാണ്. ശേഷിയുടെ നാലില്‍ ഒന്നുപോലും വിനിയോഗിക്കാനാവുന്നതുമില്ല. പ്ലാന്റുകള്‍ വൃത്തിയായും കൃത്യമായും നടത്തിക്കൊണ്ടുപോകുന്നതിനുള്ള സംവിധാനങ്ങളില്ല എന്നതാണ് വാസ്തവം.
സ്ഥലമേറ്റെടുക്കല്‍, നിര്‍മ്മാണം, യന്ത്രസാമഗ്രികള്‍ വാങ്ങി സ്ഥാപിക്കല്‍, അതിന്റെ വിപുലമായ ഉദ്ഘാടന മാമാങ്കങ്ങള്‍ എന്നിവ മാറിവരുന്ന സര്‍ക്കാരുകള്‍ മത്സരിച്ചു നടത്തി. അത് കൃത്യമായി പ്രവര്‍ത്തിപ്പിക്കാനും അറ്റകുറ്റപ്പണി നടത്താനുമുള്ള ടെക്നീഷ്യന്മാര്, വൃത്തിയായും ഭംഗിയായും സൂക്ഷിക്കാനുള്ള മനുഷ്യശേഷി, ചുറ്റുമുള്ള പ്രകൃതിയെ പരിപാലിക്കുന്നതിനുള്ള പരിചരണ സംവിധാനം. മാലിന്യം ജലത്തിലും വായുവിലും കലരാതെ കാക്കാനുള്ള ജാഗ്രതാ വ്യവസ്ഥകള്‍. മാലിന്യരോഗങ്ങള് ഉരുത്തിരിയാതിരിക്കാനുള്ള ആരോഗ്യസംബന്ധിയായ പരിരക്ഷകള്‍. ഇവയെ അത്രയും സംയോജിപ്പിച്ചു മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ഭരണ സംവിധാനത്തിന്റെ നിതാന്തമായ ജാഗ്രത എന്നിവ ഇല്ലാത്തതാണ് ആത്യന്തികമായ പ്രശ്നം. പ്ലാന്റുകള്‍ സ്ഥാപിക്കുമ്പോള്‍ അവകാശപ്പെടുന്ന വൃത്തിയും കാര്യക്ഷമതയും നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ ഒരു ഭരണകൂടങ്ങളും സജ്ജമല്ല. ബാധ്യതയില്ല എന്ന മട്ടിലാണ് പെരുമാറ്റം. കൃത്യമായ നിര്‍വഹണങ്ങളില്‍ നിര്‍വഹിച്ചു എന്ന ആഘോഷപൂര്‍ണമായ പ്രതീതിയാണ് അധികാരത്തിന് ആവശ്യം. ജനത്തില്‍ സൃഷ്ടിക്കുന്ന ഇത്തരം പ്രതീതികളാണ് രാഷ്ട്രീയത്തിന്റെ മെയിലേജ്. അതിനുവേണ്ടി ഓരോ പ്ലാന്റിനും ചുറ്റുമുള്ള ജനതയുടെ മനുഷ്യാവകാശങ്ങള്‍ നിരന്തരം ലംഘിക്കപ്പെടുന്നു. അവന്റെ ആവാസപരിസരങ്ങള് നിര്‍ദ്ദയം ചവുട്ടിയുടയ്ക്കപ്പെടുന്നു. അശരണരായ മനുഷ്യര്‍ ഈ ദുര്‍വിധി ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവരാണെന്ന ബോധമാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കുള്ളത്; അവനവന്റെ വാസപരിസരങ്ങളിലേക്ക് മാലിന്യവണ്ടികള്‍ കടന്ന് വരുന്നത് വരെ.
മാലിന്യസംസ്കരണത്തിന്റെ മാനദണ്ഡങ്ങള്‍ സാമാന്യമായി പാലിക്കപ്പെട്ടിരുന്നെങ്കില്ക്കൂടി വിളപ്പില്‍ശാലക്കാര്‍ എതിര്‍പ്പുമായി രംഗത്തുവരുമായിരുന്നില്ല. ഭരണകൂടങ്ങളുടെ അവഗണന എതിര്‍പ്പിനെ കഠിനവും രൂക്ഷവുമാക്കി. സൗകര്യങ്ങളേര്‍പ്പെടുത്താന്‍ വേണ്ടി ഭരണകൂടങ്ങള്‍ ആവര്‍ത്തിച്ചു ചോദിച്ച അവധികളത്രയും മൂക്കുപൊത്തിപ്പിടിച്ചും ഓക്കാനം ഒതുക്കിപ്പിടിച്ചും ആശുപത്രികളിലന്തിയുറങ്ങിയും അവര്‍ നല്കി. മാറിമാറി വന്ന സര്‍ക്കാരുകള്‍ ഒന്നും ചെയ്തില്ല.
നഗരസഭയാകട്ടെ വിളപ്പില്‍ശാലയെ പുച്ഛത്തോടെ തള്ളി. അധികാരവര്‍ഗ്ഗത്തിന് ആശ്രിതരോടുള്ള അവഗണനമാത്രമായിരുന്നില്ല അത്. മാലിന്യപൂരിതമായ ജീവിതങ്ങളോട് അതിനിടയാക്കിയവരുടെ ധാര്‍ഷ്ട്യം കൂടിയായിരുന്നു. പാര്‍ട്ടി സെന്ററിന്റെ സാമീപ്യം നഗരഭരണകൂടത്തിലേക്ക് സ്വന്തം രാഷ്ട്രീയത്തിന്റെ ഹുങ്കും താന്‍പോരിമയും കൂടി കലര്ത്തിവിട്ടിരിക്കണം. മാലിന്യത്തിന്റെ കുലംകുത്തികള്‍ക്ക് മുകളില്‍ കാരുണ്യത്തിന്റെ നിറനിലാവ് ഉദിക്കാത്തത് അങ്ങനെയാവണം. പകരം ചൊരിഞ്ഞത് നിന്ദയും പറയാതെ പ്രകടിപ്പിച്ച പരിഹാസവും മാത്രം. അത് ഒരു ജനതയുടെ ആത്മാഭിമാനത്തെയും പോരാട്ടവീര്യത്തേയും പലമടങ്ങായി ഇരട്ടിപ്പിച്ചു.
ഭരണകൂടങ്ങള്‍ മാലിന്യപ്രശ്നത്തില്‍ തീരുമാനമെടുക്കാതെ നീട്ടിനീട്ടിക്കൊണ്ടുപോയി വിളപ്പില്‍ നിവാസികളെ വിഡ്ഢികളാക്കാമെന്നു കരുതി. അങ്ങനെ അവര്‍ക്ക് ഭരണകൂടത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്തി. കോടതിയുടെ നീതിബോധം പോലും രാഷ്ട്രീയത്തിലൂടെ സഞ്ചരിച്ച് തങ്ങളിലേക്കെത്തുമ്പോള്‍ അനീതിയായി മാറുമെന്ന് അവരില്‍ തോന്നലുണ്ടാക്കി. ആ തോന്നല്‍ അവരെ ജീവിതത്തിനും മരണത്തിനുമിടയിലുള്ള ഒരു പോരാട്ടത്തിലേക്ക് വീര്യത്തോടെ വിളിച്ചിറക്കി. വിളപ്പിന്ശാലയിലേക്ക് ഭരണകൂടങ്ങള്‍ തന്നെ സ്പോണ്സര് ചെയ്ത പ്രതിസന്ധിയാണ്.
വിനയന് കോന്നി
പ്രതികരിക്കാൻ ഇവിടെ എഴുതുക: