പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് പ്രതീക്ഷകള്‍ക്ക് വിപരീതമായി ഇന്നലെ പത്രസമ്മേളനം നടത്തി തന്റെ തെറ്റുകള്‍ പരസ്യമായി ഏറ്റുപറഞ്ഞിരിക്കുകയാണ്. തെറ്റുകള്‍ ഏറ്റുപറയുമ്പോഴും അദ്ദേഹം ആവര്‍ത്തിക്കുന്ന വസ്തുത ഈ ഏറ്റുപറച്ചില്‍ ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടതുകൊണ്ട് മാത്രമാണെന്നും എന്നാല്‍ തന്റെ നിലപാടുകളില്‍ യാതൊരു മാറ്റവും വന്നിട്ടില്ല എന്നും സംഘടനാപരമായി തെറ്റുകള്‍ അംഗീകരിക്കുമ്പോഴും ആശയപരമായി നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നു എന്നുമാണ്. പാര്‍ട്ടി വിലക്ക് ലംഘിച്ച് കൂടംകുളത്ത് പോയത് തെറ്റാണ്, നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ് സമയത്ത് ടി.പി.ചന്ദ്രശേഖരന്റെ വീട്ടില്‍ പോയത് തെറ്റാണ്, ടി.പി.ചന്ദ്രശേഖരനെ സംസ്ഥാന പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആവര്‍ത്തിച്ച് കുലംകുത്തി എന്നുവിളിച്ചപ്പോള്‍ അദ്ദേഹത്തെ ഡാങ്കേയോടുപമിച്ചത് തെറ്റാണ് എന്നൊക്കെയാണ് വിഎസ് ഏറ്റുപറഞ്ഞത്. തത്ത പറയുന്നപോലെയുള്ള ഈ ഏറ്റുപറച്ചില്‍ വിഎസിന്റെ ഇരട്ടത്താപ്പ് നയത്തിന് അടിവരയിടുന്നതാണ്. നിലപാട് വിശദീകരിച്ച് വിഎസ് പറഞ്ഞത് ഹുക്കുഷിമയിലെ ആണവദുരന്തം ജനജീവിതത്തെ ദുരിതമയമാക്കിയ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു തന്റെ കൂടംകുളം യാത്രയെന്നും ഈ വിഷയത്തില്‍ സ്വയം വിമര്ശനമുള്ക്കൊണ്ട് ശാസനാ നടപടി അംഗീകരിക്കുമ്പോഴും കൂടംകുളം വിഷയത്തില്‍ ഇനിയും പ്രതിബദ്ധത പുലര്‍ത്തും എന്നാണ്. ഒഞ്ചിയത്തെ ടിപിയുടെ അരുംകൊലക്കെതിരെ പ്രതികരിക്കാന്‍ വിവാദം ഒഴിവാക്കാനായി മറ്റൊരു ദിവസം പോകാമായിരുന്നു എന്ന് അംഗീകരിച്ച് വിഎസ്, കൊലപാതകത്തില്‍ പാര്‍ട്ടിയ്ക്ക് പങ്കില്ലെന്നും പാര്‍ട്ടി കൊലപാതകികളില്‍ പാര്‍ട്ടിക്കാരുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പാര്‍ട്ടി പ്രസ്താവിച്ചിട്ടുള്ളതിനാലാണ് പരസ്യ പ്രസ്താവന നടത്താന്‍ തയ്യാറാകുന്നതെന്ന് വിശദീകരിക്കുന്നു.
ഈ വിഷയത്തില്‍ താന്‍ ജാഗ്രത പാലിക്കും എന്നാണ് വിഎസ് കൂട്ടിച്ചേര്‍ക്കുന്നത്. ധീരനായ രക്തസാക്ഷിയെ അഞ്ചുപ്രാവശ്യം കുലംകുത്തി എന്നു വിശേഷിപ്പിച്ചപ്പോള്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു. ഇതുവരെ ഒരു പാര്‍ട്ടി നേതാവും ചെയ്യാത്തതാണ് പരസ്യമായ ഏറ്റുപറച്ചില്‍. പക്ഷെ ഒരു കമ്മ്യൂണിസ്റ്റ് നേതാവും ചെയ്യാത്തതും പറയാത്തതുമായ കാര്യങ്ങളാണല്ലൊ ലാവ്ലിന് വിഷയം മുതല്‍ ടിപി വധം വരെ വിഎസ് പറഞ്ഞത്. ഈ ഏറ്റുപറച്ചില്‍ സംസ്ഥാനത്ത് പാര്‍ട്ടി നേരിടുന്ന കടുത്ത വിഭാഗീയതയ്ക്ക് തടയിടും എന്ന് കേന്ദ്ര നേതൃത്വം ആശ്വസിക്കുന്നുണ്ടാകാം. ഏറ്റുപറച്ചില്‍ സംഘടനാപരമായ നിലപാടില്‍ മാത്രമാണ് ആശയപരമായ നിലപാടില്‍ ഉറച്ചുനിന്ന് നയം തുടരും എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. വിഎസിന്റെ ഏറ്റുപറച്ചിലിന് പിന്നില്‍ സ്വന്തംതാല്പ്പര്യ സംരക്ഷണമാണ് എന്നത് തിരിച്ചറിയപ്പെടേണ്ട വസ്തുതയാണ്. പാര്‍ട്ടിയെ നിരന്തരം പ്രതിരോധത്തിലാക്കുന്ന വിഎസിനെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും നീക്കണം എന്ന ആവശ്യം കേരള ഘടകത്തിന്റെ ഭാഗത്തുനിന്ന് ശക്തമായി ഉയര്‍ന്നിരുന്നു.
അധികാരം ഹരമായ വിഎസ് പ്രതിപക്ഷ നേതൃസ്ഥാനം നിലനിര്‍ത്താനാണ് ഈ അഭിനയത്തിന് തയ്യാറായത്. മറ്റൊരു വസ്തുത പാര്‍ട്ടിയില്‍ തന്റെ സ്വീകാര്യത കുറഞ്ഞു എന്ന തിരിച്ചറിവാണ്. ചുരുക്കം ചിലര്‍ മാത്രമേ ഇന്ന് വിഎസ് പക്ഷത്തുള്ളൂ. അവര്‍ പോലും കേന്ദ്ര കമ്മറ്റിയില്‍ വിഎസിനെതിരെ നടപടി വേണം എന്നാവശ്യപ്പെട്ടു. മാര്‍ക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവായ, വന്ത്യാവയോധികനായ വിഎസിന് പാര്‍ട്ടി വിടാന്‍ ഉദ്ദേശ്യമില്ല എന്നതും ഒരു കാരണമാണ്. പ്രസ്ഥാനത്തില്‍ നിന്നും അന്യവല്‍ക്കരിക്കപ്പെടുന്നതും ഇഷ്ടമല്ല. ഇപ്പോള്‍ വിഎസ് പൊതുസമൂഹത്തേയും കേന്ദ്ര കമ്മറ്റിയെയും ഒരുപോലെ അപഹാസ്യരാക്കിയാണ് പരസ്യമായി പിഴ ഏറ്റുപറഞ്ഞിരിക്കുന്നത്. ഇത് വെറും അധരവ്യായാമം മാത്രമാണെന്നും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി, പാര്‍ട്ടി കൊലപാതക രാഷ്ട്രീയത്തിനെതിരെയും വലതുപക്ഷ വ്യതിയാനത്തിനെതിരെയും ഭാവിയിലും വാചാലനായി തുടരും എന്ന പരസ്യ സൂചനയാണ് പത്രസമ്മേളനത്തില്‍ പാര്‍ട്ടിയുടെ വിനീത വിധേയന് എന്നഭിനയിച്ച് വിഎസ് നല്‍കിയത്. മറ്റൊരു വസ്തുത വിഎസിനെതിരെ ഉയര്‍ന്നുവരുന്ന ഭൂമിദാന കേസില്‍ പാര്‍ട്ടി പിന്തുണ ആവശ്യമുണ്ട് എന്ന തിരിച്ചറിവാണ്. പാര്‍ട്ടി പിന്തുണ ഭൂമിദാന കേസില്‍ തന്നെ കുരുക്കുവാന്‍ പ്രതിപക്ഷത്തില്‍ ചിലര്‍ ശ്രമിക്കുന്നു എന്ന വിഎസിന്റെ പ്രസ്താവന ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. വിഎസിന്റെ ബന്ധുവായ സോമന് ഭൂമി അനുവദിച്ചു നല്കാന് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. വിവരാവകാശ കമ്മീഷണര്‍ നടരാജന് അന്വേഷണ ഉദ്യോഗസ്ഥനുമായി നടത്തിയ ഫോണ്‍ സംഭാഷണം ചോര്‍ന്നതും വിഎസിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു.
സോമന് ഭൂമി പതിച്ച് നല്കാന് റവന്യൂ മന്ത്രി അനുമതി നല്‍കിയത് അന്നത്തെ റവന്യൂ സെക്രട്ടറി നിവേദിത ഹരന്റെ എതിര്‍പ്പ് അവഗണിച്ചാണ്. റവന്യൂ മന്ത്രിയാണ് ഭൂമിയുടെ വില്‍പ്പന വിലക്ക് നീക്കിയത്. നടരാജന് ഇടപെട്ടത് വിഎസിന്റെ അറിവോടെയാണെന്ന് സര്‍ക്കാര്‍ വാദിക്കുമ്പോഴും ഫോണ്‍ സംഭാഷണം ചോര്‍ന്നതും ഗൂഢാലോചനയ്ക്ക് തെളിവാണെന്ന് വിഎസ് സമര്‍ത്ഥിക്കുന്നു. സിപിഎം എന്ന പാര്‍ട്ടി വിഎസിന്റെ ഇരട്ടത്താപ്പ് നയവും സംഘടനാപരമായ, ആശയപരമായ വേര്‍തിരിവും തിരിച്ചറിയുമ്പോഴും ജനങ്ങള്‍ക്ക് മുന്നിലുള്ള അദ്ദേഹത്തിന്റെ പ്രതിഛായ അംഗീകരിക്കാന്‍ നിര്‍ബന്ധിതമാകുകയാണ്. വിഎസിന്റെ ജനകീയ ഇടപെടലുകളും അഴിമതിക്കെതിരെയുള്ള പോരാട്ടങ്ങളും ജനസമ്മതി ഉയര്‍ത്തിയതിനാലാണ് അദ്ദേഹത്തിന്റെ പടം പ്രദര്‍ശിപ്പിച്ച് 140 മണ്ഡലങ്ങളിലും പാര്‍ട്ടി വോട്ട് തേടിയത്. വി.എസ്.അച്യുതാനന്ദന്റെ തെറ്റുകളുടെ ഏറ്റുപറച്ചില്‍ ഒരു തന്ത്രപരമായ പിന്മാറ്റമായി മാത്രമേ കാണാനാവൂ. പ്രത്യക്ഷത്തില്‍ പാര്‍ട്ടി വിധേയനെന്ന പ്രതിഛായ നേടി തന്റെ പാര്‍ട്ടിവിരുദ്ധ നിലപാടുകള്‍ തുടരുന്ന വിഎസിനെ ഭൂമിദാന കേസ് പ്രതിരോധത്തിലാക്കുന്നു. അഴിമതി വിരുദ്ധ സമരങ്ങള്‍, പാമോയില്‍ കേസ്, ഐസ്ക്രീം കേസ്, ബാലകൃഷ്ണ പിള്ളയ്ക്ക് ജയില്‍ ശിക്ഷ നേടിക്കൊടുത്ത ഇടമലയാര്‍ അഴിമതി മുതലായവ ഉദ്ധരിച്ചാണ് വിഎസ് ഇതിനെ ചെറുക്കാന്‍ ശ്രമിക്കുന്നത്. പക്ഷെ എല്ലാവരേയും എപ്പോഴും കബളിപ്പിക്കാനാകുകയില്ല എന്ന സാമാന്യബോധം ഈ തന്ത്രശാലിയ്ക്കില്ല എന്ന് വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: