ന്യൂദല്‍ഹി: ഇന്ത്യയിലെ മുന്തിയ മെട്രോ നഗരങ്ങളായ മുംബൈയും ദല്‍ഹിയും ലോകനിലവാരത്തിലുള്ള പട്ടണങ്ങളുടെ അടുത്തെങ്ങും എത്തിയിട്ടില്ലെന്ന് പഠനം. ലോകത്തെ പട്ടണങ്ങളെക്കുറിച്ച് ഐക്യരാഷ്ട്രസഭ നടത്തിയ പഠനങ്ങളിലാണ് വാണിജ്യതലസ്ഥാനമായ മുംബൈ 95ല്‍ 52-ാമതും രാഷ്ട്രീയതലസ്ഥാനമായ ദല്‍ഹി 58-ാമതുമാണെന്ന വിവരം രേഖപ്പെടുത്തിയിരിക്കുന്നത്.
യുഎന്‍ ഹാബിറ്റാറ്റ് ബുധനാഴ്ച പുറത്തുവിട്ട ലോകപട്ടണങ്ങളുടെ അഭിവൃദ്ധിയെക്കുറിച്ചുള്ള രേഖകള്ക്കാധാരമായി അഞ്ചു മാനദണ്ഡങ്ങളാണ് നിഷ്കര്‍ഷിച്ചിട്ടുള്ളത്. ഷാങ്കായ്, ബീജിംഗ്, ബാങ്കോക്ക് എന്നീ നഗരങ്ങള്‍ ഇന്ത്യന്പട്ടണങ്ങളെക്കാള് മുന്നില്‍ നില്ക്കുമ്പോള് കാഠ്മണ്ഡുവും ഡാക്കയും ദല്‍ഹിയെക്കാള്‍ പുറകിലാണ്. ഉത്പാദനം, അടിസ്ഥാനസൗകര്യം ജീവിത നിലവാരം, പരിസ്ഥിതി സന്തുലനം, സമത്വം എന്നിവയാണ് അഞ്ച് മാനദണ്ഡങ്ങള്‍.
സാധാരണ ഔന്നത്യം സാമ്പത്തികവളര്‍ച്ചയെ അടിസ്ഥാനപ്പെടുത്തിയാണ് നിര്‍ണയിക്കുന്നതെങ്കിലും സാമ്പത്തിക മേന്മയ്ക്കും ഭൗതികപുരോഗതിക്കും അപ്പുറത്ത് ചിലതുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഈ രണ്ട് ഇന്ത്യന്‍ നഗരങ്ങളും അഭിവൃദ്ധിയുടെ കാര്യത്തില്‍ പകുതിദൂരമെ പിന്നിട്ടിട്ടുള്ളൂ. ഇവിടുത്തെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ രാഷ്ട്രീയപരവും സാങ്കേതികവുമായ ഇടപെടലുകള്‍ വേണ്ടതാണെന്ന് യുഎന്‍ മാനുഷിക പദ്ധതിയിലെ നഗരവത്കരണ ശാഖയുടെ തലവന്‍ എഡ്വാര്‍ഡോ ലോപ്പസ് മോറിനോ പറഞ്ഞു. അദ്ദേഹം ബുധനാഴ്ച ഇതു സംബന്ധിച്ച ആഗോള റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.
ഇതാദ്യമായാണ് യുഎന്‍ ഹാബിറ്റാറ്റ് അഞ്ച് സാധാരണ മാനദണ്ഡങ്ങള്‍ക്കനുസൃതമായി പട്ടികയുണ്ടാക്കിയത്. ദല്‍ഹിയും മുംബൈയും മാതൃകാപരമായി മുന്നോട്ടു പോകുന്നുണ്ട്. താരതമ്യപഠനത്തില്‍ അവര്‍ മുന്നിലാണെന്നും പുരോഗതിയുടെ കാര്യത്തില്‍ വലിയപ്രതീക്ഷയുണ്ടെന്നും മോറിനോ പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിലുണ്ടാകുന്ന വീഴ്ചയാണ് ഈ രണ്ടുനഗരങ്ങളെയും പിന്നിലാക്കുന്നത്. പ്രത്യേകിച്ചും വായുമലിനീകരണത്തില്‍. ഉത്പാദനക്ഷമതയില്‍ കീപ്ടൗണ്, ജക്കാര്‍ത്ത, കസബ്ലാങ്ക തുടങ്ങിയ നഗരങ്ങളെ മുംബൈ ഏറെ പിന്നിലാക്കിയിട്ടുണ്ട്. മുംബൈയിലെ പൊതുഗതാഗത സംവിധാനം ദല്‍ഹിയെക്കാള്‍ ഏറെ കാര്യക്ഷമമാണെന്നും കൂടുതല്‍ വികസനത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്ര ഭവന-ഗ്രാമ ദാരിദ്ര്യനിര്‍മാര്‍ജന വകുപ്പു സെക്രട്ടറി എ.കെ.മിശ്ര പ്രശ്നം കേന്ദ്രസര്‍ക്കാര്‍ പരമ്പരാഗതമായി കാണണമെന്നും നഗരവികസനം ഏതെങ്കിലുമൊരു വീക്ഷണകോണില്‍ നിന്നുമാത്രം കാണരുതെന്നും ആവശ്യപ്പെട്ടു. അടിസ്ഥാനസൗകര്യവികസനവും ക്ഷേമവും സമത്വം ജീവിതമേന്മ എന്നീ തത്ത്വങ്ങളിലധിഷ്ഠിതമായി സമന്വയിപ്പിച്ചില്ലെങ്കില് നഗരവത്കരണം പരാജയപ്പെടുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
നഗരാസൂത്രണവും നഗരവികസനവും സമ്പന്നരെ സംരക്ഷിച്ചു കൊണ്ടാണെന്നുള്ളത് വ്യക്തമാക്കുന്ന ആദ്യ റിപ്പോര്‍ട്ടാണിത്. പല വന്‍കിട നഗരങ്ങളിലെയും ആസൂത്രണം നിയന്ത്രിക്കുന്നത് വന്‍കിട ഭൂമിക്കച്ചവടക്കാരാണ്. ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, അറബ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ അമ്പതു നഗരങ്ങളില്‍ യുഎന്‍ ഹാബിറ്റാറ്റ് നയം വിശകലനം ചെയ്തപ്പോള്‍ സാമ്പത്തികാഭിവൃദ്ധി രാഷ്ട്രീയക്കാര്‍ക്കും സമ്പന്നര്‍ക്കും വേണ്ടിയാണെന്ന് രാജ്യത്തെ പ്രാദേശിക വിദഗ്ധര്‍ 80 ശതമാനം പേരും വിശ്വസിക്കുന്നതായി റിപ്പോര്‍ട്ടിന്റെ ഒരുഭാഗത്ത് വിശദീകരിക്കുന്നു.
രാഷട്രീയ സ്വാധീനം, കൈക്കൂലി, അഴിമതി, നഗരാസൂത്രണത്തിനെ അട്ടിമറിക്കുന്ന ശക്തികള്‍, നിയമങ്ങള്‍ എന്നിവ പൊതുമുതല്‍ ഉത്പാദനം കുറയ്ക്കുന്നതായും ചിലയിടത്തു മാത്രം അധികാര ഉപജാപങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതുവഴി നഗരവത്കരണത്തിന്റെ കാതലായ പങ്ക് അന്യായമായി നേടുകയും ബഹുഭൂരിപക്ഷം വരുന്ന സമ്പന്നരല്ലാത്ത നഗരവാസികളുടെ ക്ഷേമവും സുഖവും കയ്യടക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: