പത്തനാപുരം: കുണ്ടയം മൂലക്കട വാര്‍ഡില്‍ ബിഫാം വിദ്യാര്‍ത്ഥിയായ ബിനുവിനെ അകാരണമായി വീട്ടില്‍കയറി അറസ്റ്റു ചെയ്ത് മര്‍ദിച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി പത്തനാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനാപുരം പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. കോണ്‍ഗ്രസ്- സിപിഎം നേതാക്കന്മാരുടെ ഗൂഢാലോചനപ്രകാരം മൂലക്കടയിലെ വീടുകളില്‍ കല്ലേറു നടത്തി നാട്ടില്‍ കലാപം സൃഷ്ടിക്കുന്ന ക്രിമിനലുകളെ പോലീസിന് നാട്ടുകാര്‍ പറഞ്ഞു കൊടുത്തിട്ടും പോലീസ് അറസ്റ്റു ചെയ്യാന്‍ തയാറാകുന്നില്ലെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി ബി. രാധാമണി പറഞ്ഞു.
നിരപരാധികളെ അകത്താക്കാന്‍ പോലീസ് ശ്രമിക്കുകയാണ്. സമീപകാലത്ത് അമ്പതോളം പട്ടികജാതിക്കാര്‍ ബിജെപിയിലേക്ക് മറ്റു രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നും എത്തിയിരുന്നു. ഇതില്‍ വിളറിപൂണ്ട യുഡിഎഫ്- എല്‍ഡിഎഫ് നേതാക്കന്മാരാണ് മൂലക്കടയില്‍ കല്ലേറിനും വിഷയങ്ങള്‍ക്കും പിന്നിലെന്നും അവര്‍ പറഞ്ഞു. ബിജെപി പ്രവര്‍ത്തകര്‍ക്ക് പോലീസ് സ്റ്റേഷനില്‍ നീതി ലഭിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
പട്ടികജാതി സ്നേഹം പ്രസംഗത്തില്‍ മാത്രം വിളമ്പുന്ന എംപി കൊടിക്കുന്നില്‍ സുരേഷും മന്ത്രി ഗണേഷ്കുമാറും മൂലക്കടയിലെ തങ്ങളുടെ പാര്‍ട്ടിക്കാരുടെ പീഡനങ്ങള്‍ കാണുന്നില്ലേയെന്ന് ബിജെപി പത്തനാപുരം നിയോജകമണ്ഡലം പ്രസിഡന്റ് സുഭാഷ് പട്ടാഴി ചോദിച്ചു. മാര്‍ച്ച് കല്ലുംകടവില്‍ നിന്നുമാരംഭിച്ച് പോലീസ് സ്റ്റേഷനു സമീപം പോലീസ് തടഞ്ഞു. മണ്ഡലം വൈസ്പ്രസിഡന്റ് ജെ. രമേശന്, ജനറല്‍ സെക്രട്ടറി സേതു നെല്ലിക്കോട്, രാജഗോപാല്‍, സഹദേവന്, ഹരീഷ്കുമാര്‍, കറവൂര്‍ കണ്ണന്, ദേവകിയമ്മ, സുകു പി. ഉണ്ണിത്താന്, വിശ്വനാഥനാചാരി, സുജീന്ദ്രന്പിള്ള എന്നിവര്‍ മാര്‍ച്ചിനും യോഗത്തിനും നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: