പുത്തൂര്‍: കിണറ്റിനുള്ളില്‍ നിന്ന് കണ്ടെത്തിയ തലയോട്ടിയും എല്ലിന് കഷണങ്ങളും മനുഷ്യന്റേതാണെന്ന് സ്ഥിരീകരിച്ചതോടെ ഇന്നലെ വീണ്ടും പോലീസ് കിണര്‍ വറ്റിച്ച് പരിശോധന നടത്തി. കണ്ടെത്തിയ ഭാഗങ്ങള്‍ക്കൊപ്പം പല്ല്, വാരിയെല്ല് എന്നിവ കണ്ടെത്താന്‍ കഴിയാത്തത് ആണ് ഇപ്പോള്‍ പോലീസിനെ കുഴക്കുന്നത്.
കൂടുതല്‍ തെളിവുകള്‍ എന്തെങ്കിലും കണ്ടെത്താന്‍ കഴിയുമോയെന്ന് അറിയാനാണ് വീണ്ടും കിണര്‍ വറ്റിച്ച് പരിശോധന നടത്തിയത്. സംഭവത്തെക്കുറിച്ച് പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. മൊബെയില്‍ ഫോണും സിംകാര്‍ഡും സൈബര്‍സെല്ലിന് കൈമാറി എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുമോയെന്നാണ് പോലീസ് ഇപ്പോള്‍ നോക്കുന്നത്. വിശദമായ ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ വന്നാല്‍ മാത്രമേ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയു. മരിച്ചയാളിന്റെ പ്രായം, പുരുഷനോ, സ്ത്രീയോ, പഴക്കം തുടങ്ങി വിവിധ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കണമെങ്കില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കണം. ഇതിനായി കാത്തിരിക്കുമ്പോള്‍ തന്നെ മുന്‍കാലങ്ങളില്‍ കാണാതായവരെ പറ്റിയുള്ള പരാതികള്‍ എന്നിവയും പരിശോധന വിധേയമാക്കി തുടങ്ങി. മനുഷ്യന്റേതാണ് എന്ന് സ്ഥിരീകരണം ലഭിച്ചതോടെ വിവിധ ഊഹാപോഹങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് സത്യം പുറത്ത് കൊണ്ടുവരാന്‍ ഉളള തയാറെടുപ്പിലാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: