കേരളത്തില്‍ സ്ത്രീശക്തി ഉണരുകയാണെന്ന പ്രതീതി നല്‍കുന്നതാണ് സമരമുഖങ്ങളില്‍ പ്രകടമാകുന്ന ശക്തമായ സ്ത്രീസാന്നിധ്യം. വിളപ്പില്‍ശാല പഞ്ചായത്ത് പ്രസിഡന്റ് ശോഭനാകുമാരിയുടെ നിശ്ചയദാര്‍ഢ്യവും അവര്‍ക്ക് ലഭിക്കുന്ന ശക്തമായ സ്ത്രീപിന്തുണയുമാണ് വിളപ്പില്‍ശാലയിലെ മാലിന്യനിക്ഷേപത്തിനെതിരെ നടത്തുന്ന സമരം ഒത്തുതീര്‍പ്പിന്റെ തലത്തിലേക്കുയരുന്നത്. പക്ഷെ ഗാര്‍ഹികമാലിന്യം ഉറവിടത്തില്‍തന്നെ സംസ്കരിക്കണമെന്ന അടിസ്ഥാന തത്വം പ്രയോഗത്തില്‍ വരുത്താന്‍ സ്ത്രീകള്‍ ഇപ്പോഴും തയ്യാറാകുന്നില്ല എന്നത് ഇതിന്റെ മറുവശം.
ഗ്യാസ് സിലിണ്ടര്‍ എണ്ണം വെട്ടിക്കുറച്ചതിനെതിരെ വീട്ടമ്മമാരും രംഗത്തിറങ്ങിയിട്ടുണ്ട്. എറണാകുളം കളക്ടറേറ്റ് മുമ്പാകെ അടുപ്പ് കൂട്ടിയാണ് അവര്‍ ധര്‍ണ നടത്തിയത്. തൃപ്പൂണിത്തുറയില്‍ റസിഡന്റ്സ് അസോസിയേഷനുകള്‍ ഒത്തുചേര്‍ന്ന് ശനിയാഴ്ച നടത്താന്‍ പോകുന്ന പ്രതിഷേധസമരത്തിന്റെ മുന്‍നിരയിലും സ്ത്രീകളാണ്. ഇങ്ങനെ വിവിധ സമരമുഖങ്ങളില്‍ കാണുന്ന സ്ത്രീസാന്നിധ്യം സ്ത്രീശാക്തീകരണവാദികള്‍ക്ക് പ്രചോദനം നല്കുമ്പോഴും സ്ത്രീകള്‍ക്ക് പ്രതികരണശേഷിയില്ല എന്ന വിശ്വാസം തിരുത്തപ്പെടുകയാണെന്ന് കരുതാന്‍ ശ്രമിക്കുമ്പോഴും ഒരു സ്ത്രീപക്ഷ എഴുത്തുകാരിയായ എനിക്കുള്ള സംശയം ഇത് യഥാര്‍ത്ഥ സ്ത്രീശാക്തീകരണത്തിന്റെ പ്രതീകമാണോ അതോ വെറും ഒരു കപടമുഖമാണോ എന്നതാണ്. ഈ സമര തീരുമാനം ഇവര്‍ സ്വമേധയാ എടുക്കുന്നതാണോ അതോ രാഷ്ട്രീയ (പുരുഷ) പ്രേരിതമാണോ എന്നത് ഇപ്പോഴും വ്യക്തമല്ല. ഇങ്ങനെ ഒരു തീരുമാനം എടുക്കാനും അതില്‍ ഉറച്ചുനില്ക്കാനും തീരുമാനങ്ങളെടുക്കാന്‍ സ്വയം ഇനിയും ശേഷിയാര്ജിച്ചിട്ടില്ലാത്ത കേരള സ്ത്രീക്ക് സാധ്യമാണോ?
കേരള മോഡല്‍ സങ്കല്‍പ്പത്തിന്റെ അടിത്തറ സ്ത്രീ ശാക്തീകരണവും സാക്ഷരതയും 84.61 ശതമാനമായ ആരോഗ്യസൂചികയും 73.1 ശതമാനമുള്ള ആയൂര്‍ദൈര്‍ഘ്യവുമാണ്. പക്ഷെ ഇതിന്റെ മറുപുറം ലിംഗാധിഷ്ഠിത ആക്രമണങ്ങള്‍ വര്‍ധിക്കുന്നു എന്നതാണ്. ഇവിടെ ഗാര്‍ഹിക പീഡനം 62.3 ശതമാനമാണ്. സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ 61.61 ശതമാനമാണ്. അനാരോഗ്യമാണ് ഇവിടെയുള്ളതെന്ന് തെളിയിക്കുന്നതാണ് സ്ത്രീകളില്‍ കൂടിവരുന്ന വിഷാദരോഗവും ആത്മഹത്യാ പ്രവണതയും മാനസിക പിരിമുറുക്കങ്ങളും. തിരുവനന്തപുരത്തെ ‘സഖി’ എന്ന സംഘടന നടത്തിയ പഠനം തെളിയിച്ചത് സ്ത്രീകള്‍ കുടുംബങ്ങളില്‍ ഒരു തീരുമാനവും എടുക്കുന്നില്ലെന്നും അതിനുള്ള സ്വാതന്ത്ര്യം പുരുഷ മേധാവിത്വ സമൂഹം അനുവദിക്കുന്നില്ല എന്നുമാണ്. പുരുഷാധിപത്യം ഉച്ചസ്ഥായിയില്‍ നില്ക്കുന്ന ഇവിടെ തീരുമാനങ്ങള്‍ പുരുഷന്റേതാണ്- പുരുഷന്റേതു മാത്രം. അപ്പോള്‍ ഇപ്പോഴത്തെ സ്ത്രീപക്ഷ സമരങ്ങളുടെ ആസൂത്രണം പുരുഷ കേന്ദ്രീതവും ക്രമീകൃതവുമാണെന്നതല്ലേ യാഥാര്‍ത്ഥ്യം? സ്ത്രീകള്‍ ശരീരവല്ക്കരിക്കപ്പെടുക മാത്രമല്ല, അവര്‍ സമരോപകരണങ്ങളും വോട്ടുബാങ്കുകളുമാണെന്ന രാഷ്ട്രീയ തിരിച്ചറിവാണ് ഈ സ്ത്രീ സാന്നിധ്യത്തിന് പിന്നില്‍. മഹാഭാരത യുദ്ധത്തില്‍ ശിഖണ്ഡിയെ മുന്‍നിര്‍ത്തി അര്ജുനന് ഭീഷ്മരെ വധിച്ചപോലെ രാഷ്ട്രീയ കേരളത്തിലെ പുതിയ ശിഖണ്ഡിമാരായി സ്ത്രീകള്‍ മാറുകയാണ്.
കുടുംബശ്രീ സംവിധാനം സ്ത്രീശാക്തീകരണത്തിന്റെയും സ്ത്രീകൂട്ടായ്മയുടെ ശക്തിയുടെയും പ്രായോഗികതയുടെയും മറ്റും പ്രതീകമായാണ് കാണപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ കേരളസ്ത്രീ ശബ്ദമുയര്‍ത്താന്‍ പഠിച്ചതുപോലും കുടുംബശ്രീ പ്രവര്‍ത്തനത്തിലൂടെയാണെന്ന് പല സ്ത്രീകളും എന്നോട് കുമ്പസാരിച്ചിട്ടുണ്ട്. മന്ത്രിസഭയിലെ ഏക വനിതയായ ജയലക്ഷ്മിയും പറഞ്ഞത് അവര്‍ ശക്തി നേടിയത് കുടുംബശ്രീ പ്രവര്ത്തനത്തിലൂടെയാണെന്നാണല്ലൊ. കൂട്ടായ്മ പലതും നേടിത്തരും എന്ന തിരിച്ചറിവ് അവര്‍ സ്വായത്തമാക്കി. പക്ഷെ സമാനമായ ഒരു ചിന്താധാര രാഷ്ട്രീയ നേതൃനിരയിലും രൂപപ്പെട്ടു. ഈ സ്ത്രീകൂട്ടായ്മ എങ്ങനെ ഉപകരണമാക്കാം എന്ന ചിന്ത. അങ്ങനെ കുടുംബശ്രീ സംവിധാനം വളരെ വേഗം അന്നത്തെ ഭരണകക്ഷിയുടെ നിയന്ത്രണത്തില്‍ വന്നു. പിന്നീട് ഇത് ഇടതുപക്ഷ വോട്ടുബാങ്കായി രൂപപ്പെട്ട് വലതുപക്ഷത്തിന് ഭീഷണി ഉയര്‍ത്തിയപ്പോഴാണ് ‘ജനശ്രീ’ രൂപീകരിച്ച് കോണ്‍ഗ്രസും വോട്ടുബാങ്ക് രാഷ്ട്രീയക്കളി തുടങ്ങിയത്. യുഡിഎഫ് ജനശ്രീക്ക് നല്കിയ, പ്രതിഷേധമുയര്‍ത്തിയ ധനസഹായം ഇതിന്റെ തെളിവാണ്.
ഇത് സ്ത്രീകൂട്ടായ്മക്ക് ഫലത്തില്‍ പാരയായി. കുടുംബശ്രീ വനിതകളെ ജനശ്രീക്കെതിരെ സമരം നടത്താന്‍ പ്രേരിപ്പിക്കുക വഴി ഈ സ്ത്രീ കൂട്ടായ്മയില്‍ വിള്ളല്‍ വീഴ്ത്തുകയായിരുന്നു. സമരത്തിന്റെ ഭവിഷ്യത്തുകളോ ന്യായാന്യായങ്ങളോ തീര്‍ത്തും പുരുഷവിധേയരായ സ്ത്രീകള്‍ പഠനവിധേയമാക്കിയില്ല. സ്ത്രീശക്തി ഉണര്‍ത്തിയ കൂട്ടായ്മയെ രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി വിഭജിച്ചപ്പോള്‍ ഫലത്തില്‍ സ്ത്രീകള്‍ സ്ത്രീകള്‍ക്കെതിരെ ചെയ്യുന്ന സമരമായി ജനശ്രീ വിരുദ്ധ സമരം മാറി. ജാതി-മത രാഷ്ട്രീയത്തിനതീതമായിരുന്ന കുടുംബശ്രീ സംവിധാനത്തിന്റെ ദിശതെറ്റിച്ചത് രാഷ്ട്രീയ താല്പര്യങ്ങളാണ്.
“സമൂഹത്തെയോ സംസ്കാരത്തെയോ ഭൂമിയുടെ ഭാവിയെയോ നിര്‍ണയിക്കുന്നതില്‍ പരിശീലിക്കുന്നിടത്തൊന്നും ആണ്‍കുട്ടികളില്ല. ഭാവി കേരളത്തെ സ്വഛായയില് പുനഃസൃഷ്ടിക്കുന്നിടത്തെല്ലാം ഇനി സ്ത്രീയെ കാണൂ” എന്ന കല്‍പ്പറ്റ നാരായണന്റെ ഒരു ദിനപത്രത്തില്‍ വന്ന ലേഖനത്തിലെ പ്രവചനം സ്ത്രീപക്ഷ വാദികള്‍ക്ക് കേള്‍ക്കാന്‍ സുഖകരമാണ്. പ്രധാനപ്പെട്ട പദവികളിലൊക്കെ സ്ത്രീകള്‍ ഇരിക്കുന്നത് കാണാം എന്നദ്ദേഹം പറയുന്നു. സ്വയംഭരണ സ്ഥാപനങ്ങളില്‍ 51 ശതമാനം സ്ത്രീകളാണെന്ന് പറയുമ്പോഴും അവര്‍ പുരുഷ രാഷ്ട്രീയത്തിന്റെ ശിഖണ്ഡികളാണ് എന്നതാണ് വാസ്തവം; ചില അപവാദങ്ങള്‍ ഉണ്ടെങ്കിലും! വിദ്യാലയങ്ങളിലും മാധ്യമ കോഴ്സുകളിലും പെണ്കുട്ടികള്തന്നെയാണധികം. ദൃശ്യമാധ്യമ രംഗത്തും പെണ്‍കുട്ടികള്‍ ധാരാളമുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ഷാനി പ്രഭാകരന് അവിടെനിന്ന് വാര്‍ത്ത നല്‍കുന്നത് കണ്ടപ്പോള്‍ കേരളത്തിലെ ആദ്യത്തെ വനിതാ റിപ്പോര്‍ട്ടറായ എന്റെ മനം കുളിര്‍ത്തു. പെണ്‍കുട്ടികള്‍ ആത്മവിശ്വാസം നേടി എന്ന അഭിമാനം.
ഇപ്പോള്‍ വിളപ്പില്‍ശാലാ സമരത്തിന്റെ രക്തസാക്ഷി മണ്ഡപത്തില്‍ ശോഭനാകുമാരിയാണെങ്കിലും സമരം ഒത്തുതീര്‍പ്പാക്കാന്‍ ബന്ധപ്പെട്ടത് പിണറായി വിജയനെയാണ് എന്നോര്‍ക്കണം. വിളപ്പില്ശാലയില്തന്നെ മാലിന്യം തള്ളണമെന്ന നിര്‍ബന്ധബുദ്ധിയോടെ വേണമെങ്കില്‍ പട്ടാളത്തെ വിളിപ്പിച്ച് മാലിന്യനിക്ഷേപം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ തിരുവനന്തപുരം മേയറുടെയും ശക്തിസ്രോതസ്സ് ഇടതുപക്ഷമല്ലെ?
ഈ സ്ത്രീശാക്തീകരണ കപടമുഖമാണ് കേരളത്തില്‍ വര്‍ധിച്ചുവരുന്ന ലൈംഗിക-ബാലികാ ലൈംഗിക പീഡനവും സ്ത്രീധന-ആഡംബര വിവാഹങ്ങളും വര്‍ധിച്ചുവരുന്ന സ്ത്രീപീഡനമാണ്. ഏറ്റവും സുരക്ഷിതമെന്ന് കരുതപ്പെടുന്ന കുടുംബങ്ങളില്‍പോലും പിഞ്ചുബാലികമാര്വരെ കടുത്ത ലൈംഗികചൂഷണത്തിനിരയാകുന്നുണ്ട്. ചുരുക്കം സ്ത്രീകളെങ്കിലും ഇതിനെതിരെ പോലീസിനെയും കോടതിയെയും വനിതാ കമ്മീഷനെയും സമീപിച്ചുതുടങ്ങി എന്നത് ഒരു രജതരേഖയാണ്- മലയാളി സ്ത്രീകളെ ഉപയോഗിച്ച് നടത്തുന്ന സെക്സ് ട്രാഫിക്കിംഗും വര്‍ധിക്കുകയാണെന്ന് ചീഫ്ജസ്റ്റിസ് മഞ്ജുള ചെല്ലൂരും പറയുകയുണ്ടായി. മുംബൈയിലെ വേശ്യാലയങ്ങളില്‍ 20,000 നേപ്പാളി പെണ്‍കുട്ടികളാണെന്ന് റെയ്ഡുകള്‍ തെളിയിച്ചു. കേരളത്തില്‍നിന്നും പെണ്‍കുട്ടികളെ ജോലി നല്‍കാമെന്ന് പ്രലോഭിപ്പിച്ച് മുംബൈയിലെ വേശ്യാലയത്തിലും ദുബായ് സെക്സ് മാര്‍ക്കറ്റിലും എത്തിക്കുകയാണ്.
ഇതിന് പുറമെ മറ്റൊരു നിഷേധാത്മക വശം സ്ത്രീകള്‍ കൂടുതല്‍ ക്രിമിനല്‍വല്‍ക്കരിക്കപ്പെടുന്നു എന്നതാണ്. കേരളത്തിലെ കോളേജ് കുമാരികള് ഇന്ന് ക്വട്ടേഷന്‍ സംഘത്തിന്റെ സബ് ക്വട്ടേഷന്‍ ഏറ്റെടുക്കുന്നുവെന്ന് തെളിയിച്ചത് മിത്രാ സൂസന് എബ്രഹാം എന്ന കോളേജ് കുമാരിയാണ്. വെള്ളക്കോളര്‍ കുറ്റങ്ങളും ബാങ്ക് ഫ്രാഡും തട്ടിപ്പുകളും നടത്തുന്നതില്‍ സ്ത്രീകള്‍ കഴിവ് തെളിയിക്കുകയാണ്.
കേരളത്തിലെ ആദ്യത്തെ വനിതാ മാഫിയാ നേതാവ് ശോഭാ ജോണ്‍ ആണല്ലൊ. വരാപ്പുഴ പെണ്‍കുട്ടിയെ സ്വന്തം അമ്മയില്‍നിന്നും ഒരുലക്ഷം രൂപക്ക് വിലക്ക് വാങ്ങി പെണ്‍വാണിഭം നടത്തിയ വ്യക്തി. അതിന് മുമ്പ് ഷെറിന് എന്ന സ്ത്രീ സ്വന്തം ഭര്‍തൃപിതാവിന്റെ സ്വത്ത് ലക്ഷ്യമിട്ട് അദ്ദേഹത്തെ വധിച്ചിരുന്നു. പെണ്‍കുട്ടികളെ ജോലി വാഗ്ദാനം ചെയ്ത് മാത്രമല്ല, സിനിമാ-സീരിയല്‍ മോഹവും ഉണര്‍ത്തി കബളിപ്പിച്ച് ലൈംഗിക കമ്പോളത്തിലെത്തിക്കുന്നത് സ്ത്രീകള്‍തന്നെയാണ്.
എന്തുകൊണ്ട് അഭ്യസ്തവിദ്യരായിട്ടും തൊഴില്‍ വിദ്യാഭ്യാസം നേടിയിട്ടും സ്ത്രീകള്‍ ക്രിമിനല്‍വല്‍ക്കരിക്കപ്പെടുന്നു എന്നത് പഠനവിധേയമാക്കേണ്ടതാണ്. പണത്തോടുള്ള ആര്‍ത്തിയും. പ്രശസ്തിയോടുള്ള കമ്പവും ഇവരെ വഴിതെറ്റിക്കുമ്പോള്‍ വിദ്യാഭ്യാസം വിവേചനശക്തി നല്‍കിയില്ല എന്നാണ് തെളിയുന്നത്. 50,000 കോടി രൂപയുടെ വിദേശപണം ലഭിക്കുന്ന കേരളത്തില്‍ വളരുന്നത് ഉപഭോഗ സംസ്കാരവും പൊങ്ങച്ചസംസ്കാരവും ആണെന്ന വസ്തുത ഖേദകരംതന്നെയാണ്.
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: