വിളപ്പില്‍ശാല മനുഷ്യന്റെ അതിജീവനത്തിന്റെ അന്യാദൃശമായ കരുത്തായി മാറുകയാണ്. നഗര മാലിന്യത്തിന്റെ കെടുതികളില്‍ മനം മടുത്ത നിസ്സഹായരുടെ ഒടുവിലത്തെ നിലവിളിയാണത്. ആ നിലവിളിയ്ക്ക് അര്‍ത്ഥവും വ്യാപ്തിയും ഉണ്ടെന്ന് ഭരണകൂടങ്ങള്‍ തിരിച്ചറിയേണ്ട അവസ്ഥ സംജാതമായിരിക്കുന്നു. ജനകീയ പ്രതിരോധത്തിന്റെ കരുത്തിനു മുമ്പില്‍ അധികാര ശക്തിക്ക് ഒന്നും ചെയ്യാനാവില്ലെന്ന ബോധം ഉണര്‍ന്നെഴുന്നേറ്റിരിക്കുന്നു. ജാതി-മത-രാഷ്ട്രീയ വൈജാത്യങ്ങളും വ്യത്യാസങ്ങളും മറന്നുകൊണ്ട് ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്നുകൊണ്ടുള്ള സമരമാണ് വിളപ്പില്‍ ശാലയില്‍ നടക്കുന്നത്.
ഇന്ത്യയുടെ ജീവന് ഗ്രാമങ്ങളിലാണെന്ന് പറയുകയും അതിന്റെ സ്വത്വാത്മക അവബോധത്തിന്റെ ഉള്ളുറപ്പ് സ്വപ്രയത്നത്തിലൂടെ ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്ത മഹാത്മജിയെ അപമാനിക്കുന്ന തരത്തിലാണ് നഗരമാലിന്യങ്ങള്‍ ഗ്രാമങ്ങളുടെ വിശുദ്ധിയിലേക്ക് തട്ടിയിടുന്നത്. അതിന് ഭരണകൂടത്തിന് ന്യായീകരണങ്ങള്‍ പലതുണ്ടാവാം. പക്ഷേ, നഗരത്തിലെ ജനങ്ങളുടെ അതേ ജീവന് തന്നെയാണ് ഗ്രാമീണരിലും തുള്ളിത്തുളുമ്പുന്നതെന്ന തരിച്ചറിവ് ഉണ്ടാകുന്നില്ല എന്നതാണ് പ്രശ്നം. അതുകൊണ്ടുതന്നെ ധാര്‍ഷ്ട്യത്തിന്റെ മേലാപ്പു ചാര്‍ത്തിക്കൊണ്ടു മാത്രമേ അവര്‍ക്ക് സംസാരിക്കാനുമാവുന്നുള്ളൂ. നഗരജീവിതത്തിനു മാത്രമേ അര്‍ത്ഥമുള്ളൂ എന്ന സ്ഥിതിവിശേഷം വരുന്നത് ക്രൂരവും ലജ്ജാകരവുമാണ്.
മാലിന്യനിര്‍മാര്‍ജനം എന്നത് സ്ഫോടനാത്മകമായ ഒരു സ്ഥിതി വിശേഷത്തില്‍ എത്തിയിട്ടുണ്ട്. അതില്‍ ഒരു തര്‍ക്കവുമില്ല. പക്ഷേ, അതു നേരിടാന്‍ നിയമത്തിന്റെ വാള്‍ത്തല മാര്‍ഗമേയുള്ളൂ എന്നുവരുന്നത് യുദ്ധസമാനമായ മാനസികാവസ്ഥയാണ്. ഭൂമിയില്‍ ജീവജാലങ്ങള്‍ പെറ്റുപെരുകുകയും അവയ്ക്ക് സ്വാതന്ത്ര്യത്തോടെ വിഹരിക്കാന്‍ സ്ഥലമില്ലാതാവുകയും ചെയ്യുമ്പോള്‍ വിശേഷബുദ്ധിയുള്ള മനുഷ്യര്‍ അതിന് പരിഹാരം കണ്ടെത്താന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കണം. ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തി പരിഹാരം തേടണം. അതിന് പക്ഷേ, പരിശ്രമവും പണവും ഏറെ വേണ്ടി വന്നേക്കാം. അതില്‍ പരിതപിച്ചിട്ട് കാര്യമൊന്നുമില്ല. എന്നാല്‍ ഒരു കൂട്ടം മനുഷ്യര്‍ക്ക് സ്വസ്ഥമായി ജീവിക്കാന്‍ മറ്റൊരുകൂട്ടര്‍ നിത്യദുരിതത്തില്‍ കഴിയണമെന്നു വരുന്നത് പൈശാചികമനോഭാവമാണ്.
മാലിന്യനിര്മാര്ജനമെന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയ പ്രതിഭാസമൊന്നുമല്ല. അത് നാളെയോ മറ്റന്നാളോ തീരാനും പോകുന്നില്ല. നിത്യേനെ മാലിന്യത്തിന്റെ അളവ് കൂടുകയല്ലാതെ കുറയുന്നില്ല. എന്നാല്‍ ജനങ്ങള്‍ക്ക് ഇതു സംബന്ധിച്ച് അവബോധം നല്കിയാല് നിശ്ചയമായും മാറ്റം വരും. സ്വന്തം വീടും പരിസരവും വൃത്തിയായിക്കിടക്കാന്‍ അന്യന്റെ സ്ഥലത്തേക്ക് മാലിന്യം വലിച്ചെറിയുന്ന സംസ്കാരത്തിനാണ് മാറ്റം വരേണ്ടത്. ആകാശം മുട്ടുന്ന പാര്‍പ്പിട സമുച്ചയങ്ങള്‍ക്ക് മുന്നും പിന്നും ആലോചിക്കാതെ അനുമതി നല്കുന്നവര് അവിടത്തെ മലിനീകരണപ്രശ്നം എങ്ങനെയാണ് പരിഹരിക്കുന്നതെന്നതിനെക്കുറിച്ച് ബോധവാന്മാരാകുന്നില്ല. പലതരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി, അധികൃതര്‍ അലോസരമുണ്ടാക്കുന്ന ഒട്ടുവളരെ പ്രവര്‍ത്തനങ്ങള്‍ക്ക് പച്ചക്കൊടി കാണിക്കുന്നു. അതിന്റെ ദുരിതം അനുഭവിക്കുന്നതോ നിസ്സഹായരും.
ഈ നിസ്സഹായരുടെ ഒടുവിലത്തെ പരിശ്രമമാണ് വിളപ്പില്‍ ശാലയില്‍ കാണുന്നത്. അവിടത്തെ ജനങ്ങളെ വെടിവെച്ചുകൊന്നു കൊണ്ടല്ലാതെ മാലിന്യസംസ്കരണ പ്ലാന്റിലേക്ക് യന്ത്രഭാഗങ്ങള്‍ കൊണ്ടുപോകാനാവില്ല എന്ന സ്ഥിതി വന്നു. അതുകൊണ്ടാണ് രായ്ക്കുരാമാനം പോലീസിന്റെ അകമ്പടിയോടെ ആ പണി ഭംഗിയായി നിര്‍വഹിച്ചത്. വിവരം അറിഞ്ഞതോടെ തങ്ങളെ വഞ്ചിച്ച അധികൃതര്‍ക്കെതിരെയുള്ള രോഷം അണപൊട്ടുകയായിരുന്നു. ഒരു രാഷ്ട്രീയ കക്ഷിയുടെയും ആഹ്വാനമില്ലാതെ നാടൊന്നടങ്കം സ്വയം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. അവര്‍ക്ക് ശക്തി പകര്‍ന്നുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് ശോഭനകുമാരി മരണം വരെ നിരാഹാരം കിടക്കുകയും അവരെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലാക്കുകയും ചെയ്തു.
ഇത്തരമൊരവസ്ഥയില്‍ കവയിത്രി സുഗതകുമാരിയും ഗാന്ധിയന്‍ ഗോപിനാഥന് നായരും മധ്യസ്ഥരായി പ്രശ്നം തീര്‍ക്കാന്‍ മുന്നോട്ടുവന്നു. സര്‍ക്കാറുമായുള്ള ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ വസ്തുതകള്‍ സുഗതകുമാരി സമരമുഖത്തെത്തി അറിയിച്ചെങ്കിലും ഒരുപാടുകാലം തങ്ങളെ വഞ്ചിച്ചതിന്റെ കയ്പുനീര് കുടിച്ചവശരായ അവര്‍ അത് നിരാകരിക്കുകയാണ് ചെയ്തത്. സര്‍ക്കാര്‍ എഴുതിത്തരുന്ന തീര്പ്പുകൊണ്ടു മാത്രമേ തങ്ങള്‍ തൃപ്തരാവൂ എന്നും അല്ലെങ്കില്‍ സമരം കൂടുതല്‍ തീക്ഷ്ണതയോടെ മുമ്പോട്ടുകൊണ്ടുപോവുമെന്നും അവര്‍ അറിയിച്ചു. വിളപ്പില്‍ശാലയിലെ പ്ലാന്റ് പൂട്ടുമെന്നും അവിടേക്ക് മാലിന്യങ്ങള്‍ കൊണ്ടുവരില്ലെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഒക്ടോ. 19ന് ഹൈക്കോടതി കേസ് പരിഗണിക്കുമ്പോള്‍ ഇതു സംബന്ധിച്ച് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കുമെന്നാണ് ഉറപ്പു നല്‍കിയിരിക്കുന്നത്.
ഏതായാലും എന്തും സംഭവിക്കാവുന്ന ഒരു സ്ഥിതി വിശേഷത്തിന് തല്ക്കാലം അയവു വന്നിരിക്കുന്നു. ഭരണകൂട ധാര്‍ഷ്ട്യത്തിന് നില്‍ക്കക്കള്ളിയില്ലെന്ന് ബോധ്യപ്പെടുന്ന തരത്തിലേക്ക് ജനകീയ ശക്തി ഉയര്‍ന്നിരിക്കുന്നു. ഇനി മനസ്സിലെ മാലിന്യം കൂടി ഇല്ലാതായാല്‍ കാര്യങ്ങള്‍ സുഗമമാവും. ഒരു ദിവസം കൊണ്ടോ മാസം കൊണ്ടോ വര്‍ഷം കൊണ്ടോ തീരുന്നതല്ല മാലിന്യനിര്മ്മാര്ജനപ്രശ്നം. അതിന് ഉചിതമായ ഒരു നയവും ജനങ്ങളില്‍ അവബോധം വളര്‍ത്തുന്ന തുടര്‍നടപടികളും കൂടിയേതീരൂ. ദൈവത്തിന്റെ സ്വന്തം നാടെന്ന പരസ്യക്കാരന്റെ പ്രലോഭനത്തിന് ആക്കംകൂട്ടുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ചെകുത്താന്റെ വിളയാട്ടം കാണാതിരിക്കരുത്. ഉറവിടത്തില്‍ തന്നെ മാലിന്യം സംസ്കരിക്കാനുള്ള പദ്ധതികള്‍ക്ക് വ്യാപക പ്രചാരണവും പ്രോത്സാഹനവും നല്കാന് ഭരണകൂടം കാര്യമായി ശ്രമിക്കണം. കുടുംബശ്രീ പ്രവര്‍ത്തനങ്ങളില്‍ പോലും രാഷ്ട്രീയത്തിന്റെ വൈറസ് സജീവമാക്കാന്‍ പ്രവര്‍ത്തിക്കുന്ന കക്ഷികളും ഇക്കാര്യത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. കേരളത്തിന്റെ മുഖശ്രീയാവുന്ന ഒരു സംസ്കാരത്തിനു മാത്രമേ ദൈവത്തിന്റെ സ്വന്തം നാടെന്ന് പറയാനുള്ള അവകാശമുള്ളൂ. ധാര്‍ഷ്ട്യത്തിന്റെ ബയണറ്റുകള്‍ ചൂണ്ടാന്‍ ആജ്ഞകൊടുക്കുന്ന അധികാരി വര്‍ഗം പൂന്തോട്ടങ്ങളുടെ സമൃദ്ധസൗന്ദര്യത്തിലേക്ക് കണ്ണെറിയാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് വേണ്ടത്. ആത്മാര്‍ത്ഥതയോടെയാണ് അത് ചെയ്യുന്നതെങ്കില്‍ വിളപ്പില്‍ശാലകളും തുടര്‍ന്നുള്ള പ്രശ്നങ്ങളും നമുക്കന്യമായിരിക്കും.
ആശ്വാസമാകുന്ന വിധി
തികച്ചും ന്യായമായ ഒരാവശ്യത്തിലേക്കാണ് സുപ്രീംകോടതിയുടെ വിധി വിരല്‍ചൂണ്ടുന്നത്. കുഞ്ഞുമനസ്സുകളെ പാകപ്പെടുത്തുന്ന കഠിന പരിശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന അധ്യാപികമാര്‍ക്കും ആയമാര്‍ക്കും ആശ്വാസമാകുന്ന വിധിയാണ് വന്നിരിക്കുന്നത്. തൂപ്പുകാരെക്കാള്‍ കുറഞ്ഞ വേതനത്തിന് ജോലി ചെയ്യേണ്ടിവരുന്ന ആയിരക്കണക്കായ നഴ്സറി അധ്യാപകരുടെ സ്ഥിതി പരമ ദയനീയമാണ്. തുച്ഛമായ സംഖ്യയാണ് അവര്‍ക്ക് വേതനമായി കിട്ടുന്നത്. ഇതിനെതിരെ അധ്യാപികമാരുടെയും ആയമാരുടെയും സംഘടന ഹൈക്കോടതിയില്‍ പോയി വിധി സമ്പാദിച്ചു. എന്നാല്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ആ അപ്പീല്‍ തള്ളിയ കോടതി സംസ്ഥാന സര്‍ക്കാറിന് കണക്കിന് കൊടുത്തു. സര്‍ക്കാറല്ല അധ്യാപികമാരെ നിശ്ചയിക്കുന്നതെന്ന വാദം ചൂണ്ടിക്കാട്ടിയപ്പോള്‍ സ്കൂളില്‍ ഉച്ചക്കഞ്ഞി കൊടുക്കുന്നില്ലേയെന്നും എന്താണ് അധ്യാപകര്‍ക്ക് ശമ്പളം നല്കാന് മടിക്കുന്നതെന്നും ചോദിച്ചു. ഗതികേടുകൊണ്ടാണ് അധ്യാപികമാര്‍ കോടതി കയറിയത്. കണ്ണില്‍ ചോരയില്ലാത്ത സര്‍ക്കാര്‍ അവരെ പരമാവധി ബുദ്ധിമുട്ടിക്കാനാണ് നോക്കിയത്. അവരുടെ വിഷമം കണ്ടറിഞ്ഞ കോടതി ചെറിയൊരാശ്വാസം തന്നെയാണ് പകര്‍ന്നിരിക്കുന്നത്. കോടികളുടെ അഴിമതി നടത്തുന്നതില്‍ കയ്യറപ്പില്ലാത്ത ഭരണകൂടം പാവങ്ങളുടെ കാര്യത്തില്‍ എത്രമാത്രം ക്രൂരതകാണിക്കുന്നു എന്ന് നോക്കുക. ഇനിയെങ്കിലും അവര്‍ നേര്‍വഴിക്കു വരുമോ ആവോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: