പൈവളിക: വിലക്കയറ്റം കൊണ്ട് ജനജീവിതം ദുസ്സഹമാകുമ്പോള്‍ സന്തോഷിക്കുന്ന സര്‍ക്കാറാണ് കേന്ദ്രത്തിലേതെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് കുറ്റപ്പെടുത്തി. ജനവിരുദ്ധ നയങ്ങള്‍ മാത്രം ശീലമാക്കിയ കേന്ദ്ര-കേരള സര്‍ക്കാറുകള്‍ നിലനില്ക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലും ആഗ്രഹിക്കാത്ത സ്ഥിതിയാണുള്ളത്. ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ബിജെപി പൈവളിക പഞ്ചായത്ത് കമ്മറ്റി ബായാര്പ്പടവ് സംഘടിപ്പിച്ച സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരണ്റ്റെ ജീവിതദുരിതം കണ്ടില്ലെന്ന് നടിക്കുകയാണ്. സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പിലാക്കുന്ന സാമ്പത്തിക പരിഷ്കരണങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയുള്ളതാണ്. പുതിയ പുതിയ അഴിമതികളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഞങ്ങളാണ് ഭരിക്കുന്നതെന്ന് പറഞ്ഞ ലീഗ് മന്ത്രിക്ക് മറുപടി പറയാന്‍ പോലും നട്ടെല്ലില്ലാത്തവരായി മാറിയിരിക്കുന്നു മുഖ്യമന്ത്രിയും കെപിസിസി പ്രസിഡണ്ടും ലീഗ് ഭരണത്തില്‍ വര്‍ഗ്ഗീയവല്‍ക്കരിക്കപ്പെട്ട കേരളത്തില്‍ ഒടുവില്‍ വിദ്യാരംഭം ചടങ്ങിനും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിശ്ചയിച്ചിരുന്ന വിദ്യാരംഭം ചടങ്ങ് ഒഴിവാക്കിയതിനെ കുറിച്ച് സാംസ്കാരിക നായകന്മാര് പോലും മൗനത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് വിഘ്നേശ്വരഭട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് സരോജ ബള്ളാല്‍, മണ്ഡലം ഭാരവാഹികളായ വത്സരാജ്, പ്രവീണ്‍ ചന്ദ്ര ബള്ളാല്‍, സദാശിവ ചേരാല്‍, എ.കെ.കയ്യാര്‍, ശ്രീദേവിഭട്ട് എന്നിവര്‍ സംസാരിച്ചു. പ്രസാദ് കയ്യാര്‍ സ്വാഗതവും ജയലക്ഷ്മിഭട്ട് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: