തൃപ്പൂണിത്തുറ: കൊച്ചിന് ദേവസ്വം ബോര്‍ഡ് ഈ മാസം തന്നെ പുനഃസംഘടിപ്പിക്കുമെന്ന് ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. ദര്‍ശനത്തിന് എത്തുന്ന ഭക്തജനങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നത് സര്‍ക്കാരിന്റേയും ദേവസ്വത്തിന്റേയും ഉത്തരവാദിത്വമാണ് എന്നും അദ്ദേഹം പറഞ്ഞു. ചോറ്റാനിക്കര ഭഗവതിക്ഷേത്രത്തിലെ നവരാത്രിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നവരാത്രിയുത്സവം ഭാരതത്തിലെ വിവിധ പ്രദേശങ്ങളില്‍ ആഘോഷിക്കുന്നത് നമ്മുടെ സാംസ്ക്കാരിക പൈതൃകത്തെയാണ് കാണിക്കുന്നത്. ശാസ്ത്രയുഗത്തിലും ആദ്ധ്യാത്മിക ചിന്ത വളര്‍ന്നുവരുന്ന ഹിന്ദുസമൂഹത്തിന്റെ സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും ഭാഗമാണ്. നവരാത്രി കലാസാംസ്ക്കാരിക സമ്മേളനത്തില്‍ ദേവസ്വം സ്പെഷ്യല്‍ കമ്മീഷണര്‍ എന്‍.സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര സമിതി ഭാരവാഹികളായ കെ.ബി.വേണു, ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ വി.ജി.വിദ്യാസാഗര്‍, മാനേജര്‍ കെ.ബിജുകുമാര്‍, പഞ്ചായത്തംഗം കെ.കൊച്ചനിയന് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ദല്‍ഹി പ്രകാശ് യദുകൃഷ്ണന്, പാര്വ്വതിസോമന് എന്നിവരുടെ ഭക്തിഗാനാമൃതം, സൗപര്‍ണ്ണികയുടെ നൃത്തനൃത്ത്യങ്ങള്‍, കേരള കഥകളി അസോസിയേഷന്റെ മേജര്‍സെറ്റ് കഥകളി എന്നിവയും ഉണ്ടായിരുന്നു. ഇന്ന് രാവിലെ 6ന് സംഗീതോത്സവം ഉദ്ഘാടനം, 4ന് ശാസ്താം പാട്ട്, നൃത്തനൃത്ത്യങ്ങള്‍, 5ന് ഗായത്രി വീണ, 6ന് മോഹിനിയാട്ടം, സംഗീതക്കച്ചേരി, ഭക്തിഗാനാമൃതം 9.30ന് മേജര്‍സെറ്റ് കഥകളി എന്നിവയുണ്ടാകും. 22ന് ദുര്‍ഗ്ഗാഷ്ടമി പൂജവയ്പ്പും, 24ന് വിദ്യാരംഭവും നടക്കും. എല്ലാദിവസവും രാവും പകലും നീളുന്ന കലാപരിപാടികളും ക്ഷേത്രത്തിലെ പ്രത്യേക പൂജാചടങ്ങുകളും നടക്കും.
പെരുമ്പാവൂര്‍: വീണാപാണിനി സരസ്വതിയുടെ അനുഗ്രഹം തേടിയുള്ള ഒമ്പത് രാവുകളിലെ സംഗീതാരാധനക്കായി ക്ഷേത്രങ്ങള്‍ ഒരുങ്ങി. പെരുമ്പാവൂരിലും പരിസരങ്ങളിലുമുള്ള ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും നവരാത്രി ആഘോഷത്തിന്റെ ഭാഗമായി സംഗീത നൃത്ത താളലയ വിരുന്നാണൊരുക്കിയിരിക്കുന്നത്. പെരുമ്പാവൂര്‍ സ്വാതിതിരുനാള്‍ സംഗീത സഭയുടെ നവരാത്രി സംഗീതോത്സവം ഇന്ന് വൈകീട്ട് 5ന് കാലടി ശ്രീശങ്കര സംസ്കൃത സര്‍വ്വകലാശാല സംഗീത വിഭാഗം മേധാവി ഡോ.കെ.പ്രീതി ഉദ്ഘാടനം ചെയ്യും.
24 വരെ നടക്കുന്ന സംഗീതോത്സവത്തില്‍ സിബിഎസ്ഇ സ്കൂള്‍ കലോത്സവ ജേതാവ് രോഹിത് കൃഷ്ണ, ഐഡിയ സ്റ്റാര്‍സിംഗര്‍ താരങ്ങളായ എസ്.ഗായത്രി, ശില്പരാജു, സ്കൂള്‍ യുവജനോത്സവം ശാസ്ത്രീയ സംഗീത ജേതാവ് കാര്‍തിക്, പ്രൊഫ.ജി.ഹരികൃഷ്ണന്, നീലകണ്ഠന് നമ്പൂതിരി, പട്രീസ സിസ്റ്റേഴ്സ് തുടങ്ങിയവര്‍ പങ്കെടുക്കും.
തൊട്ടുവ ആര്‍ട്ട് ഓഫ് ലിവിംഗ് ആശ്രമത്തിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി 18 മുതല്‍ 24 വരെ സംഗീത നൃത്താരാധന നടക്കും. ആഘോഷ പരിപാടികള്‍ എസ്എന്‍ഡിപി യോഗം താലൂക്ക് യൂണിയന് പ്രസിഡന്റ് കെ.കെ.കര്ണ്ണന് ഉദ്ഘാടനം ചെയ്യും. 18ന് രാത്രി 7ന് ചലച്ചിത്ര പിന്നണി ഗായകരായ വിധു പ്രതാപ്, ഗായത്രി അശോകന് എന്നിവര്‍ നയക്കുന്ന ഗാനമേള 19ന് പ്രശസ്ത നര്‍ത്തകിയും പൊതുപ്രവര്‍ത്തകയുമായ രാജശ്രീ വാര്യര്‍ അവതരിപ്പിക്കുന്ന നൃത്തസന്ധ്യ, 22ന് ചലച്ചിത്രതാരം ലക്ഷ്മി ഗോപാലസ്വാമി അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങള്‍ എന്നിവ ഉണ്ടായിരിക്കും.
പുല്ലുവഴി പാനേക്കാവ് ഭഗവതി ശാസ്താക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ 16 മുതല്‍ 24 വരെ നടക്കും. പെരുമ്പാവൂര്‍ ആല്‍പ്പാറ ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് ദിവസേന വിശേഷാല്‍ പൂജകള്‍, ശിവരഞ്ജിനി സംഗീത അക്കാദമി വിദ്യാര്‍ത്ഥികളുടെ സംഗീതാര്‍ച്ചന എന്നിവ നടക്കും. ഇരിങ്ങോള്‍ വനദുര്‍ഗ്ഗ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം പെരുവനം കുട്ടന്മാരാര് ഉദ്ഘാടനം ചെയ്യും. കൊമ്പ് പറ്റ്, കുഴല്‍പ്പറ്റ്, സംഗീത നൃത്ത വിരുന്ന് എന്നിവ വിവിധ ദിവസങ്ങളിലായി നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: