തിരുവനന്തപുരം നഗരസഭയുടെ മാലിന്യപ്ലാന്റ് സ്ഥിതിചെയ്യുന്ന വിളപ്പില്‍ശാലയില്‍ ഇന്ന് സമരാഗ്നി പടരുകയാണ്. ഒരു വ്യാഴവട്ടമായി ഒരു പഞ്ചായത്തിലെ ജനങ്ങളാകമാനം ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അവഗണിച്ച സര്‍ക്കാരും നഗരസഭയും സമരം ചെയ്യുന്ന ജനങ്ങളെ പരിഹസിക്കാനാണ് തയ്യാറാകുന്നത്. മാലിന്യപ്ലാന്റ് സ്ഥാപിക്കുമ്പോള്‍ പ്രഖ്യാപിച്ച സൗകര്യങ്ങളും സംവിധാനങ്ങളും സൗജന്യങ്ങളുമൊന്നും പാലിക്കാത്തത് മൂലം ജനങ്ങള്‍ മരണത്തിനും ജീവിതത്തിനും ഇടയിലാണ്. അക്ഷരാര്‍ത്ഥത്തില്‍ ജീവന്മരണ പോരാട്ടമാണവിടെ നടക്കുന്നത്. ഇതിനിടയില്‍ കോടതിയുടെ ഇടപെടലും കൂടിയായപ്പോള്‍ വല്ലാത്തൊരവസ്ഥയിലായി നാട്ടുകാര്‍.
ഹൈക്കോടതിയില്‍ ജനങ്ങള്‍ക്കനുകൂലമായ സമീപനമല്ല നഗരസഭയും സര്‍ക്കാരും സ്വീകരിച്ചത്. തുടര്‍ന്നുണ്ടായ വിധി സ്വാഭാവികമായും പ്ലാന്റ് പ്രവര്‍ത്തിക്കുന്നതിന് അനുകൂലമായി. കോടതിവിധി നടപ്പാക്കാന്‍ സര്‍ക്കാരിന്റെ ബാദ്ധ്യത കൂടിയായപ്പോള്‍ ജനങ്ങളെ വിഡ്ഡികളാക്കുന്നതാണ് എളുപ്പമെന്നവര് കണ്ടെത്തി. അങ്ങനെയാണ് ജനങ്ങള്‍ ഉറങ്ങുമ്പോള്‍ കള്ളന്മാരെപ്പോലെ സര്‍ക്കാര്‍ സംവിധാനം പ്രവര്‍ത്തിച്ചത്. മാസങ്ങള്‍ക്കുമുമ്പ് തന്നെ മാലിന്യസംസ്കരണ യന്ത്രം വിളപ്പില്‍ശാലയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും മനുഷ്യമതിലിനെ മറികടക്കാന്‍ നഗരസഭയ്ക്കോ സംസ്ഥാന സര്‍ക്കാരിനോ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് രാത്രിയുടെ അന്ത്യയാമത്തില്‍ കള്ളന്മാര് മാത്രം ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്ന സമയത്ത് സര്‍ക്കാര്‍ സംവിധാനം ചലിച്ചത്. കോണ്‍ഗ്രസ് നയിക്കുന്ന സംസ്ഥാന സര്‍ക്കാരും നഗരസഭ ഭരിക്കുന്ന ഇടതുപക്ഷവും ഒരു പഞ്ചായത്തിലെ ജനങ്ങള്‍ക്കുനേരെ ഒത്തൊരുമിച്ചുനീങ്ങി വിജയംവരിച്ചു എന്നാശ്വസിക്കുകയാണവര്.
പതിനൊന്നുമാസമായി വിളപ്പില്‍ശാലയിലെ പോരാട്ടം അതിരൂക്ഷമാണ്. ഒരുലോറി മാലിന്യം പോലും നഗരത്തില്‍ നിന്നും വിളപ്പില്‍ശാലയിലേക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടില്ല. ഇനി ഒരു ലോറിയെപ്പോലും അങ്ങോട്ട് ചലിപ്പിക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ചതീരുമാനത്തിലാണ് നാട്ടുകാര്‍. എന്നിട്ടും പുതിയ യന്ത്രം കൊണ്ടുപോയിട്ടെന്തുകാര്യമെന്ന ചോദ്യം പ്രസക്തമാണ്. അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് വിളപ്പില്‍ശാലയില്‍ നാട്ടുകാര്‍ കഴിഞ്ഞദിവസം ഹര്‍ത്താല്‍ ആചരിച്ചു. വിളപ്പില്‍ശാല പഞ്ചായത്ത് പ്രസിഡന്റ് ശോഭനാകുമാരി നിരാഹാരസമരം രണ്ടാംദിവസം പിന്നിട്ടിരിക്കുന്നു.
നാട്ടുകാര്‍ക്ക് നല്കിയ ഉറപ്പ് പാലിക്കാതെ സര്‍ക്കാരും നഗരസഭയും ഒത്തുകളിച്ചാണ് മാലിന്യ സംസ്കരണ സംവിധാനം പ്ലാന്റിലെത്തിച്ചതെന്ന് വിളപ്പില്‍ശാല സമരസമിതി ആരോപിക്കുന്നു. പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ മരണംവരെ നിരാഹാരം തുടരുമെന്നാണ് ശോഭനാകുമാരി വ്യക്തമാക്കിയിരിക്കുന്നത്. രഹസ്യ നീക്കത്തിലൂടെയാണ് പ്ലാന്റ് വിളപ്പില്‍ശാലയില്‍ എത്തിച്ചത്. മൂന്ന് ഡിവൈഎസ്പിമാരുടെയും പത്തോളം സിഐമാരുടെയും നേതൃത്വത്തില്‍ നൂറിലേറെ പോലീസുകാരുടെ സഹായത്തോടെ ആയിരുന്നു നടപടി. ഇതിന്റെ ഭാഗമായി വിളപ്പില്‍ശാല ഭാഗത്തേയ്ക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചുവെങ്കിലും പ്രതിഷേധത്തെത്തുടര്‍ന്ന് പുന:സ്ഥാപിച്ചു. ഒമ്പത് മാസം മുമ്പ് യന്ത്രം കൊണ്ടുവരാനുള്ള നഗരസഭയുടെ നീക്കം നാട്ടുകാര്‍ സംഘടിതമായി തടഞ്ഞിരുന്നു. പ്രദേശത്ത് ഇപ്പോള്‍ കനത്ത പോലീസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
വിളപ്പില്‍ശാലയില്‍ ഹൈക്കോടതി വിധി നടപ്പാക്കുക മാത്രമാണു ചെയ്തതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയുന്നു. കോടതി വിധി നടപ്പാക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. വൈകിയാണെങ്കിലും കോടതി വിധി നടപ്പാക്കാന്‍ കഴിഞ്ഞു എന്നവര്‍ ആശ്വസിക്കുന്നു. സര്‍ക്കാരിന്റെ കടമ നിറവേറ്റുക മാത്രമാണു ചെയ്തത്. അത് സമരം ചെയ്യുന്നവര്‍ക്കും അറിയാം. കോടതി വിധി നടപ്പാക്കുന്നതു രക്തച്ചൊരിച്ചിലിലൂടെ ആകരുതെന്നു നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് ഇത്രയും സമയമെടുത്തത്. സര്‍ക്കാര്‍ വിളപ്പില്‍ശാലയിലെ ജനത്തെ കബളിപ്പിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി അവകാശപ്പെടുകയാണ്. നഗരസഭയാകട്ടെ അതീവ ആഹ്ലാദത്തിലും.
എന്നാല്‍ ഭരണക്കാരുടെ ചതിക്കെതിരായ നീക്കം ശക്തിപ്പെടുത്താനാണ് നാട്ടുകാരുടെ തീരുമാനം. ഫാക്ടറി പൂട്ടിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് എത്തുംവരെ നിരാഹാരം അനുഷ്ഠിക്കുമെന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രഖ്യാപനവും തിങ്കള്‍ മുതല്‍ അനിശ്ചിതകാലത്തേക്കു പ്രദേശത്തെ വ്യാപാര സ്ഥപനങ്ങളും സര്‍ക്കാര്‍ സ്ഥപനങ്ങളടക്കം പൂട്ടിയിടുമെന്ന സമര സമിതിയുടെ ആഹ്വാനവും നല്കുന്ന സൂചന അതാണ്. ?12 വര്‍ഷം മുന്‍പ് ഫാക്ടറി ആരംഭിച്ചതു മുതല്‍ തുടങ്ങിയ സമരങ്ങളെ ആദ്യഘട്ടത്തില്‍ അടിച്ചമര്‍ത്തിയെങ്കിലും ഒരു വര്‍ഷം മുന്‍പ് ജീവിക്കാന്‍ സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ടു ജനങ്ങള്‍ ഒരുമിച്ചു സമരരംഗത്ത് എത്തിയതു മുതല്‍ വിജയം ഇവര്‍ക്കൊപ്പമായിരുന്നു. നാട്ടുകാര്‍ പൂട്ടിച്ച ഫാക്ടറിയിലെ മലിനജല പ്ലാന്റിലേക്കു യന്ത്രസാമഗ്രികള്‍ എത്തിക്കാന്‍ സര്‍ക്കാര്‍ രണ്ടുതവണ നടത്തിയ നീക്കവും രൂക്ഷമായ ചെറുത്തു നില്പ്പിനെ തുടര്‍ന്നു നിര്‍ത്തിവക്കേണ്ടിവന്നു.
യന്ത്രങ്ങള്‍ കടത്തിവിടുന്നതിനു മൂന്നുജില്ലയിലെ പോലീസുകാരെ വരെ അണിനിരത്തി നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ, യന്ത്രങ്ങള്‍ എത്തിക്കാന്‍ സാഹചര്യമൊരുക്കണമെന്ന കോടതി ഉത്തരവു പാലിക്കാന്‍ ജില്ലാ ഭരണകൂടത്തിനു രാത്രിയുടെ മറ വേണ്ടി വന്നതു ജനകീയ സമരത്തിന്റെ വിജയമാണെന്ന കാര്യത്തില്‍ സംശയമില്ല. സമരം ശക്തമാകുന്ന സാഹചര്യത്തില്‍ മലിനീകരണ പ്ലാന്റ് സ്ഥാപിച്ചാലും ഫാക്ടറിയിലേക്കു ചവര്‍ ലോറികള്‍ കടക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ നഗരസഭക്കുപോലും വ്യക്തമായ ഉത്തരമില്ല. നഗരത്തില്‍ പകര്‍ച്ചവ്യാധികള്‍ വ്യാപകമായിരിക്കേ വിളപ്പില്‍ ജനതയോടു മല്‍സരിച്ചു സമയം കളയാതെ, മാലിന്യ സംസ്കരണത്തിനു വിദേശ രാജ്യങ്ങളില്‍നിന്നു വരെ എത്തിയ നൂതനസാങ്കേതിക വിദ്യ ഉപയോഗിച്ചു ബദല്‍ മാര്‍ഗം ഒരുക്കണമെന്ന ആവശ്യവും നഗരവാസികള്‍ തന്നെ ഉന്നയിച്ചു തുടങ്ങിയിട്ടുണ്ട്. ജനകീയ തീരുമാനങ്ങള്‍ അവഗണിച്ചു യന്ത്രസാധനങ്ങള്‍ ഫാക്ടറിയിലേക്കു കടത്തിയ നടപടിയില്‍ വ്യാപക പ്രതിഷേധങ്ങളാണു സര്‍ക്കാരിനും നഗരസഭക്കുമെതിരെ ഉയര്‍ന്നിരിക്കുന്നത്. എന്നിട്ടും ബദല്‍ നടപടിയെക്കുറിച്ച് ആലോചനയില്ല. മുട്ടാപ്പോക്ക് ന്യായങ്ങള്‍ പറഞ്ഞ് പിടിച്ചുനില്ക്കാന് നോക്കുന്നത് ഒരു ജനകീയ ഭരണക്രമത്തിനും ചേരുന്നതല്ല. നഗരത്തിലെ മാലിന്യം മാറ്റണം. അതിന് ഒരു പഞ്ചായത്തിലെ ജനങ്ങളെ ഒന്നടങ്കം കൊല്ലാക്കൊല ചെയ്തുകൂട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: