ഭോപ്പാല്‍: ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ ചിത്രം മോര്‍ഫ്ചെയ്ത് വികൃതമാക്കിയ കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ കുറ്റപത്രം. ലോകായുക്ത ജഡ്ജ് പി.പി.നായോലേകറുടെ ചിത്രം മോര്‍ഫ് ചെയ്ത് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെതാക്കിയതിന് കോണ്‍ഗ്രസ് എംഎല്‍എ കല്പനാ പരുലേക്കറിനെ ഉജ്ജൈനി പോലീസ് ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിന് അറസ്റ്റു ചെയ്തിരുന്നു. ഈ ചിത്രം നിയമസഭയുടെ പ്രസ് മുറിയില്‍ വിതരണം ചെയ്തതു കൂടാതെ അവിശ്വാസ പ്രമേയാവതരണത്തിനിടെയും ഉപയോഗിച്ചിരുന്നു. സിഐഡി ആയിരുന്നു കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്.
കഴിഞ്ഞ ആറുമാസത്തിനിടെ കോണ്‍ഗ്രസ് എംഎല്‍എ കല്പനാ പരുലേക്കറിനെതിരെ ലോകായുക്ത സ്പെഷ്യല്‍ പോലീസും സിഐഡി വിഭാഗവും ചേര്‍ന്ന് മൂന്നു കേസുകളാണ് ചാര്‍ജ് ചെയ്തത്. കേസുകളിലെ കൂട്ടുപ്രതികളെ കൂടി പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി തേടിയിട്ടുണ്ടെന്നും അധികം വൈകാതെ കുറ്റപത്രം സമര്‍പ്പിക്കുമെന്നും ഉജ്ജൈനി പോലീസ് സൂപ്രണ്ട് അരുണ്‍ മിശ്ര പറഞ്ഞു.
മാഹിദ്പൂറിലെ സിറ്റിംഗ് എംഎല്‍എയായ പരുലേക്കര്‍ മറ്റ് പത്തു പ്രതികളോടൊപ്പം രണ്ടു വ്യത്യസ്ത കേസുകളിലാണ് ഈ ഫെബ്രുവരിയില്‍ അറസ്റ്റു ചെയ്യപ്പെട്ടത്. പൊതുനിരത്തില്‍ സ്ഥാപിക്കേണ്ടിയിരുന്ന 40 സൗരോര്‍ജ തെരുവുവിളക്കുകള്‍ സ്വന്തം സ്ഥലത്ത് സ്ഥാപിച്ചു എന്നതാണ് ആദ്യത്തെ കേസ്. എംഎല്‍എയുടെ നിയോജകമണ്ഡലത്തില്‍ സ്ഥാപിക്കേണ്ടിയിരുന്ന തെരുവുവിളക്കുകളുടെ പേരുപറഞ്ഞ് 3.85 ലക്ഷം രൂപ എംഎല്‍എയുടെ പ്രാദേശിക വികസഫണ്ടില്‍ നിന്നും പിന്‍വലിച്ചു. അഴിമതി തടയല്‍ വകുപ്പുകള്‍ പ്രകാരമാണ് എംഎല്‍എക്കും മറ്റ് ഏഴുപേര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ഉജ്ജൈനി പ്ലാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസര്‍ എസ്.സി.ഗുപ്ത, ജനപഥ് സിഇഒ ഗോവര്ധന് ലാല്‍ മാളവ്യ മാഹിദ്പൂര്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ബി.കെ.ബാഗുള്‍ തുടങ്ങിയ പ്രമുഖര്‍ ഇതില്‍ പെടുന്നു.
തന്റെയും സഹോദരന്റെയും ഭൂമിയില്‍ അനധികൃതമായി റോഡ് നിര്‍മിക്കാന്‍ നാലുലക്ഷം രൂപയുടെ എംഎല്‍എ ഫണ്ട് ദുരുപയോഗം ചെയ്തെന്നാണ് അടുത്ത കേസ്. ഈ രണ്ടു കേസുകളിലും കുറ്റപത്രം തയ്യാറായെന്നും എസ്.പി പറഞ്ഞു. സിഐഡി ഹെഡ് ക്വാര്‍ട്ടേഴ്സില്‍ ബുധനാഴ്ച മൂന്നു മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് മോര്‍ഫിംഗ് കേസിലെ പരുലേക്കര്ക്കെതിരായ കുറ്റപത്രത്തിന് പോലീസ് അന്തിമ രൂപം നല്‍കിയത്. കുറ്റപത്രം പൂര്‍ണമായും തയ്യാറാണെന്നും ഉടനെ സമര്‍പ്പിക്കുമെന്നും അഡീഷണല്‍ ഡിജിപി എം.ആര്.കൃഷ്ണനും വ്യക്തമാക്കി.
ഭരണകക്ഷിയായ ബിജെപി മുന്‍ സുപ്രീംകോടതി ജഡ്ജി നായോലേകറിനെ ലോകായുക്തയായി നിയമിക്കുന്നതിന് സ്വാധീനം ചെലുത്തിയെന്ന പരുലേക്കറുടെ ആരോപണം തെളിയിക്കാനായില്ല. ഇവര്‍ ആര്‍എസ്എസ് ഗണവേഷം ധരിച്ച മോഹന്‍ ഭാഗവതിന്റെ ചിത്രത്തിലേക്ക് നായോലേകറുടെ ചിത്രം മോര്‍ഫ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: