മതം യുക്തിക്കതീതമാണ്. പ്രകൃതിക്കതീതം. ശ്രദ്ധ വിശ്വാസമല്ല, അത് പരമസത്യത്തിന്മേലുള്ള മുറുകെപ്പിടിക്കലാണ്. ഒരു തേജസ്സമുദ്ദീപനം. ആദ്യം ശ്രവിക്കുക. പിന്നെ മനനം ചെയ്യുക. എന്നിട്ട് ആത്മാവിനെക്കുറിച്ച് മനനം ചെയ്ത് കിട്ടിയതെല്ലാം ദര്‍ശിക്കുക. അതിന്റെ മേല്‍ യുക്തിയുടെ പെരുംവെള്ളം ഒഴുക്കട്ടെ. എന്നിട്ടും ശേഷിക്കുന്നത് എടുത്തോളു, ബാക്കിയൊന്നുമില്ലെങ്കിലും ഒരന്ധവിശ്വാസത്തില്‍ നിന്ന് രക്ഷപ്പെട്ടുവല്ലോ എന്ന് വിചാരിച്ച് ഈശ്വരന് നന്ദി പറയുവിന്‍. ഒന്നിനും ആത്മാവിനെ അപഹരിക്കുവാന്‍ സാദ്ധ്യമല്ലെന്ന് തീര്‍ച്ചപ്പെട്ടാല്‍, അത് സകല പരീക്ഷണങ്ങളും അതിജീവിക്കുന്നുവെന്ന് കണ്ടാല്‍, അതിനെ മുറുകെപ്പിടിക്കുക, അതെല്ലാവര്‍ക്കും പറഞ്ഞുകൊടുക്കുക. സത്യത്തിന് പക്ഷപാതമില്ല, അത് ഏവരുടെയും ശ്രേയസ്സിനുള്ളതാണ്. അവസാനം പരിപൂര്ണശമദമങ്ങളോടുകൂടി അതിനെക്കുറിച്ച് ധ്യാനം ചെയ്യുക. മനസ്സിനെ അതില്‍ ഏകാഗ്രമാക്കുക, അതുമായി സാത്മ്യം പ്രാപിക്കുക. ഏകാന്തതയില്‍ ധ്യാനം ശീലിക്കുക.
ബാഹ്യപ്രപഞ്ചത്തിന്റെ തള്ളിക്കയറ്റം കൊണ്ട് ഉലഞ്ഞു പോകരുത്. നിങ്ങളുടെ മനം അത്യുച്ചാവസ്ഥയിലായിരിക്കുമ്പോള് നിങ്ങള്‍ അതിനെ അറിയുന്നില്ല. ശാന്തമായി ശക്തി സംഭരിക്കുക, ആദ്ധ്യാത്മികശക്തികൂടമായിത്തീരുക. ഭൂപതി കൊടുക്കുന്നത് തനിക്കായിട്ടൊന്നും വേണ്ടാത്തപ്പോള്‍ മാത്രം.
ഈശ്വരനുള്ള മുതലിന്റെ സൂക്ഷിപ്പികാരനെന്ന നിലയില്‍ മാത്രം നിങ്ങളുടേതെന്ന് കരുതുന്ന ധനം വെച്ചുകൊള്ളുക. അതിനോട് ഒട്ടലൊന്നും അരുത്. പേരും പെരുമയും പണവുമൊക്കെ പോകട്ടെ. അതൊക്കെ ഭയങ്കരപാശങ്ങള്. സ്വതന്ത്ര്യത്തിന്റെ അദ്ഭുതാന്തരീക്ഷത്തെ ആസ്വദിക്കുക. നിങ്ങള്‍ സ്വതന്ത്രന്. ഞാന്‍ ധന്യന്‍. സ്വാതന്ത്യമാണ് ഞാന്‍. അനന്തമാണ് ഞാന്‍. ആദിയും അന്തവും ആത്മാവില്‍ കാണാനില്ല. സര്‍വവും ഞാന്‍ തന്നെ. ഇത് ഇങ്ങനെ നിര്‍ത്താതെ ജപിക്കുക.
സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: