മലയാളികള്‍ പൗരബോധം വീണ്ടെടുത്ത് അനീതിക്കെതിരെയും തങ്ങളുടെ ജീവിതത്തിലേയ്ക്കുള്ളകടന്നുകയറ്റങ്ങള്ക്കെതിരെയും പ്രതികരണശേഷി കൈവരിച്ചു എന്നത് അഭിലഷണീയമായ പ്രവണതയാണ്. ഇവിടെ പൊതുജനം കഴുതയല്ല, വോട്ട് രേഖപ്പെടുത്താനുള്ള ഉപകരണങ്ങള്‍ മാത്രമല്ല, ജീവിത സൗകര്യങ്ങള്‍ അര്‍ഹിക്കുന്നവരും കൂടിയാണ് എന്ന് ഇന്ന് ജനങ്ങള്‍ തെളിയിക്കുകയാണ്. സംസ്ഥാനത്തുടനീളം സര്‍ക്കാര്‍ സംവിധാനം മാലിന്യ നിക്ഷേപം നടത്തുന്നതിനെതിരെ പ്രതികരിച്ചും അനീതിയ്ക്കും അക്രമത്തിനും കൊള്ളയ്ക്കും കുട്ടികളെ പീഡിപ്പിക്കുന്നതിനുമെതിരെയും ശക്തമായ സമരങ്ങളും പ്രതിഷേധങ്ങളുമാണ് നടക്കുന്നത്. ഗ്യാസ് സിലിണ്ടര്‍ നിയന്ത്രണത്തിനെതിരെ വീട്ടമ്മമാര്‍ രംഗത്തിറങ്ങിയത് മറ്റൊരുദാഹരണം. ഭരണം നിയന്ത്രിക്കുന്ന മുസ്ലീംലീഗിന്റെ അപ്രമാദിത്വങ്ങളെക്കാളും അനധികൃത ഭൂമിദാനത്തെക്കാളും പ്രകോപനകപരം ലീഗ് മന്ത്രിയുടെ നേതൃത്വത്തില്‍ ക്വാറികളില്‍ മാലിന്യം നിക്ഷേപിക്കാനുള്ള നീക്കമാണ്. ആരെതിര്‍ത്താലും ക്വാറികളില്‍ മാലിന്യം നിക്ഷേപിക്കും എന്നാണ് അഞ്ചാംമന്ത്രി സ്ഥാനം വിലപേശി നേടി നഗരാസൂത്രണ മന്ത്രിയായ മഞ്ഞളാംകുഴി അലി പ്രഖ്യാപിച്ചത്. വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയാകട്ടെ തന്റെ വകുപ്പിലുള്ള കെഎസ്ഡിപി ഉല്‍പ്പാദിപ്പിക്കുന്ന മരുന്നുകള്‍ കെഎംഎസ്ഡിഎല്ലിന്റെ തലയില്‍ കെട്ടിവെയ്ക്കാനാണ് അധികാരം ദുര്‍വിനിയോഗം ചെയ്യുന്നത്. ഏതു രംഗത്തെയാണ് ലീഗ് ഒഴിവാക്കുന്നത്. ഇന്ന് കേരളം മാലിന്യക്കൂമ്പാരമാണ്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഓരോ പ്രദേശത്തും ഇന്ന് മാലിന്യ തലസ്ഥാനങ്ങളുണ്ട്.
തിരുവനന്തപുരത്ത് വിളപ്പില്‍ശാല, തൃശ്ശൂരിലെ ലാലൂര്‍, ഗുരുവായൂരിലെ ചക്കംകണ്ടം, കോഴിക്കോട്ടെ ഞെളിയന്‍ പറമ്പ്, കൊച്ചിയില്‍ ബ്രഹ്മപുരവും ഫോര്‍ട്ട്കൊച്ചിയും തലശ്ശേരിയില്‍ ചെട്ടിപ്പാലം, കോട്ടയത്ത് വടവാതൂര്‍, ആലപ്പുഴയില്‍ കനാലുകള്‍-ഇങ്ങനെ മാലിന്യ തലസ്ഥാനം രൂപപ്പെട്ട് ജനങ്ങള്‍ പലവിധ രോഗങ്ങള്ക്കടിമപ്പെടുമ്പോള് അവര്‍ രോഷാകുലരാവുക സ്വാഭാവികം. മാലിന്യ പ്രശ്നത്തില്‍ കോടതി ഇടപെടല്‍പോലും ജനവിരുദ്ധം എന്ന തോന്നലുണ്ടാക്കി. വിളപ്പില്‍ശാലയില്‍ മാലിന്യസംസ്ക്കരണം നിലച്ചിട്ടും അവിടെ മാലിന്യം തള്ളാന്‍ നിര്‍ദ്ദേശം നല്കിയതും മംഗളവനത്തിലെ മാലിന്യനിക്ഷേപം കോടതിയെവരെ ദുര്ഗന്ധപൂരിതമാക്കിയിട്ടും സംസ്ക്കരണ ശേഷിയില്ലാത്ത ബ്രഹ്മപുരത്ത് നഗരമാലിന്യം നിക്ഷേപിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. വിളപ്പില്‍ശാല മാലിന്യ സംസ്ക്കരണ കേന്ദ്രം അടച്ചുപൂട്ടി സ്വയംഭരണ സ്ഥാപനങ്ങളുടെ ശക്തി തെളിയിച്ചാണ് പഞ്ചായത്ത് പ്രസിഡന്റ് ശോഭനാകുമാരി മാലിന്യനിക്ഷേപം തടഞ്ഞത്. വിളപ്പില്‍ശാലയിലെ മാലിന്യനിക്ഷേപവും ജനങ്ങള്‍ തടഞ്ഞു. മാലിന്യ സംസ്ക്കരണത്തിന് വ്യക്തമായ ശാസ്ത്രീയ സംവിധാനം തയ്യാറാക്കേണ്ടതുണ്ട്. ശാസ്ത്രീയമായി നിക്ഷേപിക്കുന്ന മാലിന്യത്തിന് കളിമണ്‍ ക്യാപ്പിംഗ് വേണം. ക്വാറിയില്‍ നിക്ഷേപിക്കുന്നതിന് മുന്‍പ് ഭൂഗര്‍ഭജലം മലിനമാകാതിരിക്കാനുള്ള സംവിധാനം ഒരുക്കണം. മാലിന്യത്തില്‍നിന്നും വളം ഉല്‍പ്പാദിപ്പിക്കുമ്പോള്‍ പുറത്തുവരുന്ന ജലം സംസ്ക്കരിക്കാന്‍ ലിച്ചാറ്റ് ട്രീറ്റ്മെന്റ് പ്ലാന്റ് വേണം. ഇതൊന്നും സജ്ജീകരിക്കാതെ ഏതുവിധത്തിലും എവിടെ എങ്കിലും മാലിന്യം നിക്ഷേപിക്കുന്ന പ്രക്രിയയാണ് അധികാരികള്‍ അവലംബിക്കുന്നത്.
ഫാക്ടറികളിലെ രാസമാലിന്യങ്ങളാല്‍ മലിനീകരിക്കപ്പെടാത്ത നദികളില്ല. പാര്‍വതി പുത്തനാര്‍, മൂവാറ്റുപുഴയാര്‍, പെരിയാര്‍, ചാലിയാര്‍ മുതലായവ ഇതിന് ദൃഷ്ടാന്തമാണ്. ഉറവിടത്തില്‍തന്നെ സംസ്ക്കരണം, വികേന്ദ്രീകൃത സംസ്ക്കരണം മുതലായ രീതികള്‍ ജനങ്ങളുടെയോ അധികൃതരുടെയോ പരിഗണനയില്‍ പോലും വരുന്നില്ല. ഗൃഹമാലിന്യ സംസ്ക്കരണത്തിനുള്ള ബോധവല്‍ക്കരണവും പരിശീലനവും സൗഹൃദ കൂട്ടായ്മകളിലൂടെയും റസിഡന്റ്സ് അസോസിയേഷനുകളിലൂടെയും ബന്ധപ്പെട്ടവര്‍ നടത്തേണ്ടതാണ്. പക്ഷെ പ്ലാസ്റ്റിക്കും ജൈവമാലിന്യങ്ങളും വേര്‍തിരിച്ച് നല്‍കാന്‍പോലും കുടുംബിനികള്‍ തയ്യാറാകുന്നില്ല. മണ്ണിര കമ്പോസ്റ്റിംഗ് വിന്‍ഡ്രോ കംപോസ്റ്റ് പ്ലാന്റ്, ബയോഗ്യാസ് പ്ലാന്റുകള്‍, പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റുകള്‍, ഗുണം കുറഞ്ഞ പ്ലാസ്റ്റിക് നിരോധനം മുതലായവ പ്രാവര്‍ത്തികമാക്കാവുന്നതാണ്. മാലിന്യനിര്‍മ്മാര്‍ജ്ജനത്തില്‍ കുടുംബശ്രീ വനിതകളും പങ്കാളികളായി. അവരുടെ തെളിമ എന്ന പദ്ധതിയില്‍ കൂടി വീടുകളില്‍നിന്നും മാലിന്യം ശേഖരിച്ച് സംസ്ക്കരിച്ചിരുന്നു. ഇതും ഇപ്പോള്‍ നിലച്ച മട്ടാണ്. കേരളം വിനോദസഞ്ചാര കേന്ദ്രമാക്കാന്‍ കഠിന യത്നം നടത്തുന്ന സര്‍ക്കാര്‍ വിനോദസഞ്ചാര കേന്ദ്രങ്ങളായ ആലപ്പുഴയിലും ഫോര്‍ട്ട് കൊച്ചിയിലുമുള്ള മലിനീകരണം അവഗണിക്കുന്നു. ഹൗസ് ബോട്ടുകള്‍ കക്കൂസ് മാലിന്യം കായലില്‍ തള്ളുന്നു. ഗാര്‍ഹിക-ഫാക്ടറി മാലിന്യങ്ങള്‍ക്ക് പുറമെ ഇന്ന് ഉയരുന്ന മറ്റൊരു ഭീഷണി ഇ-വേസ്റ്റ് ആണ്. മാലിന്യസംസ്ക്കരണ സാക്ഷരതയാണ് ഇനി കേരളം ആര്‍ജിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: