ചണ്ഡീഗഡ്: സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന മാനഭംഗക്കേസുകളില്‍ 90 ശതമാനവും പെണ്‍കുട്ടികളുടെ സമ്മതത്തോടെയാണ് നടക്കുന്നതെന്ന ഹരിയാന കോണ്‍ഗ്രസ് കമ്മിറ്റി അംഗം ധരംവീര്‍ ഗോയതിന്റെ പരാമര്‍ശം പുതിയ വിവാദത്തിലേക്ക്. ഹിസാറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം വിവാദ പ്രസ്താവന നടത്തിയത്.
ഗോയതിന്റെ പ്രസ്താവനക്കെതിരെ സത്രീസംഘടനകള് രംഗത്തെത്തി. ഇത്തരം മോശം പരാമര്‍ശം നടത്തരുതെന്നും സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കണമെന്നും ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ മമത ശര്‍മ്മ പറഞ്ഞു. മാനഭംഗം തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. എന്നാല്‍ ഇത്തരം പ്രസ്താവനകള്‍ വഴി ബലാത്സംഗങ്ങള്‍ പ്രോത്സാഹിപ്പക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ പ്രതിപക്ഷ നേതാവ് ഓംപ്രകാശ് ചൗട്ടാല നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ശൈശവവിവാത്തെ പ്രോത്സാഹിപ്പിക്കണമെന്നും ഇത്തരം സംഭവങ്ങള്‍ തടയാന്‍ കുട്ടികളെ നേരത്തെ വിവാഹം കഴിപ്പിച്ചയക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രസ്താവന ഏറെ വിവാദമായപ്പോള്‍ പരാമര്‍ശം പിന്‍വലിക്കുകയാണ് ഉണ്ടായത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ഹരിയാനയില്‍. കഴിഞ്ഞ ഒരു മാസത്തിനിടയ്ക്ക് 15 സംഭവങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.
ഇതിനിടയില്‍ സംസ്ഥാനത്തു നടന്ന സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി ഭൂപീന്തര്‍ സിംഗ് ഹൂഡ അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ക്കെതിരെയുള്ള കേസുകള്‍ തീര്‍പ്പാക്കുന്നതിന് അതിവേഗ കോടതികള്‍ സ്ഥാപിക്കും. ഇതിനായി സ്പെഷ്യല്‍ പ്രോസിക്ക്യൂട്ടര്‍മാരെ നിയമിക്കും തുടങ്ങിയ ഉറപ്പുകളാണ് മുഖ്യമന്ത്രി ഇന്നലെ പ്രഖ്യാപിച്ചത്. സംഭവത്തെത്തുടര്‍ന്ന് കുറച്ചുദിവസങ്ങളായി മൗനം പാലിച്ചിരുന്ന മുഖ്യമന്ത്രി പ്രശ്നം ഗുരുതരമായതോടെയാണ് പ്രസ്താവനയുമായി രംഗത്തെത്തിയത്.
ഇന്നലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളെ കയ്യിലെടുക്കാനുള്ള മുഖ്യമന്ത്രിയുടെ അടവാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു. അതേസമയം, സംസ്ഥാനത്ത് മാനഭംഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറക്കാനുള്ള തീരുമാനമെടുക്കാന്‍ ഖാപ് പഞ്ചായത്ത് ഇന്ന് യോഗം ചേരും. സംസ്ഥാനത്തുടനീളം ശാഖകളുള്ള പഞ്ചായത്തിന്റെ തീരുമാനങ്ങള്‍ക്ക് നിയമപരിഗണനയില്ല. എങ്കിലും പല തരത്തിലുള്ള നിരോധനങ്ങളാണ് പഞ്ചായത്ത് ഇതുവരെ കൈക്കൊണ്ടിരിക്കുന്നത്. ഖാപ് പഞ്ചായത്തില്‍ അംഗങ്ങളായ 100 ഓളം അംഗങ്ങള്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: