കൊച്ചി: ഐടി മേഖലയിലടക്കം യുവതീയുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന ടെക്നോഡ്രൈവ് റിക്രൂട്ട്മെന്റ് പരിപാടിയുമായി എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്. കാക്കനാട് ജില്ലാ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ 15ന് രാവിലെ പത്തിന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ ടെക്നോഡ്രൈവ് ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് പത്രസമ്മേളനത്തില്‍ അറിയിച്ചു. അശരണര്‍ക്കുള്ള തൊഴില്‍ സഹായ പദ്ധതിയായ ശരണ്യ, ജോബ് ക്ലബ്ബ് എന്നിവയുടെ ഗുണഭോക്താക്കള്‍ക്കുള്ള 36 ലക്ഷം രൂപയുടെ സഹായധനവും ഇതോടൊപ്പം വിതരണം ചെയ്യും.
ഉദ്യോഗാര്‍ഥികളുടെ രജിസ്ട്രേഷന് രാവിലെ ഒമ്പതിന് തുടങ്ങും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന ആയിരം പേര്‍ക്കാണ് പ്രവേശനം. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 0484 2422458, 8281237720 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഈ വര്‍ഷം സംഘടിപ്പിക്കുന്ന രണ്ടാമത്തെ റിക്രൂട്ട്മെന്റ് പരിപാടിയാണിതെന്ന് ജില്ല എംപ്ലോയ്മെന്റ് ഓഫീസര്‍ എം.എന്‍. പ്രഭാകരന് പറഞ്ഞു. ഈ വര്‍ഷം ജനുവരിയില്‍ നടന്ന റിക്രൂട്ട്മെന്റില്‍ 1100 പേര്‍ക്ക് വിവിധ കമ്പനികളിലായി തൊഴില്‍ ലഭിച്ചു. ബഹുരാഷ്ട്ര കമ്പനികളും ഐ.ടി കമ്പനികളുമടക്കം 14 തൊഴില്‍ദായകരാണ് ആദ്യത്തെ ടെക്നോഡ്രൈവിനെത്തിയത്. ഇത്തവണ മുപ്പതോളം കമ്പനികളെയാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്ലസ് ടു മുതല്‍ ബിരുദാനന്തരബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവര്‍ക്ക് ടെക്നോഡ്രൈവില് പങ്കെടുക്കാം. ഐടിഐ, ഡിപ്ലോമ, ബിടെക് യോഗ്യതയുള്ളവരെ തേടിയും കമ്പനികളെത്തും. ടെക്നോഡ്രൈവ് ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത്, തൃക്കാക്കര നഗരസഭ ചെയര്മാന് പി.ഐ. മുഹമ്മദാലി, എംപ്ലോയ്മെന്റ് ജോയിന്റ് ഡയറക്ടര്‍ പി.ആര്. റെയ്നോള്‍ഡ്, റീജിയണല്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഒ.ആര്. ശ്രീകാന്തന്, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ എം.എന്‍. പ്രഭാകരന്, വൊക്കേഷണല്‍ ഗൈഡന്‍സ് ഓഫീസര്‍ പി.എസ്. റഷീദ്, പ്രോഗ്രാം കോ ഓഡിനേറ്റര്‍ ബെന്നി മാത്യു തുടങ്ങിയവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: