സ്ത്രീ-പുരുഷ സമത്വബോധമുള്ള ഒരു പാര്‍ലമെന്റിന് മാത്രമേ ഉള്‍ക്കാഴ്ചയോടെ സ്ത്രീപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുകയുള്ളൂ എന്നും ഗ്രാമീണ വനിതകളുടെ നേതൃപാടവം വര്‍ധിപ്പിച്ച്, നിയമങ്ങളും നയങ്ങളും പരിപാടികളും സംബന്ധിച്ച തീരുമാനങ്ങളില്‍ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടതാണെന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി സ്പീക്കര്‍മാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറയുകയുണ്ടായി. ഇന്ന് ലോക്സഭയില്‍ വനിതാ സാന്നിദ്ധ്യം വെറും 11 ശതമാനം മാത്രമാണല്ലൊ. ലിംഗ സമത്വം, ലിംഗ നീതി, വിദ്യാഭ്യാസത്തിനും ജോലിയ്ക്കും തുല്യവേതനത്തിനുള്ള അവകാശം ഇതെല്ലാം ഇന്നും പ്രയോഗത്തില്‍ വന്നിട്ടില്ലെന്നും ഇന്ത്യയ്ക്ക് വേണ്ടത് താഴെനിന്ന് മുകളിലേയ്ക്കുള്ള വികസനമാണെന്നും ഉപരാഷ്ട്രപതിയും പ്രസ്താവിച്ചു. പക്ഷെ ഇന്ത്യയില്‍ 92 ശതമാനം സാക്ഷരതയുണ്ട് എന്ന് അഭിമാനിക്കുന്ന കേരളത്തിലും സ്ത്രീ ഇന്ന് അവഗണനയുടെ നീര്ച്ചുഴികളില്പ്പെട്ട് പീഡനത്തിനിരയായി, ഇരകളായി ജീവിക്കേണ്ടുന്ന അവസ്ഥാ വിശേഷമാണ് നിലവിലുള്ളത്. കേരള വനിതാ കമ്മീഷന് അടുത്തയിടെ നടത്തിയ പഠനത്തില്‍ മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്കുനേരെയുള്ള ലൈംഗിക അക്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. തെക്കന്‍ കേരളം, മധ്യകേരളം വടക്കന്‍ കേരളം എന്നിങ്ങനെ കേരളത്തിലെ മത്സ്യമേഖലയെ മൂന്നായി തിരിച്ച് നടത്തിയ പഠനത്തില്‍ എല്ലാ മേഖലകളിലും സ്ത്രീകള്‍ ഒരേ തോതില്‍ അക്രമത്തിനിരയാകുന്നു എന്ന് കണ്ടെത്തിയിരിക്കുകയാണ്. തൊഴിലിടങ്ങളിലെ സൗകര്യക്കുറവിന് പുറമെ സഹപ്രവര്‍ത്തകരായ പുരുഷ തൊഴിലാളികളില്‍നിന്ന് മാത്രമല്ല കരാറുകാരില്‍നിന്നും പുലര്‍ച്ചെയും രാത്രിയും മാര്‍ക്കറ്റുകളിലേയ്ക്ക് പോകുകയും വരികയും ചെയ്യുമ്പോള്‍ അവര്‍ ലൈംഗിക പീഡനത്തിനിരയാകുന്നുവത്രെ.
അക്രമികളില്നിന്നുള്ള ഭീഷണിയും പീഡനവിവരമറിഞ്ഞാല്‍ സമൂഹത്തില്‍ ഒറ്റപ്പെട്ടേക്കാമെന്ന ഭീതിയുമാണ് ഇവരെ നിശ്ശബ്ദരാക്കുന്നത്. ഈ റിപ്പോര്‍ട്ട് വനിതാ കമ്മീഷന് സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ പോകുകയാണ്. സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടിലുള്ള മത്സ്യത്തൊഴിലാളി സ്ത്രീകള്‍ മുതല്‍ ഉന്നത ശ്രേണിയിലുള്ള വനിതകള്‍ വരെ പലതരം ലൈംഗിക-ശാരീരിക-മാനസിക പീഡനത്തിനിരയാകുമ്പോഴും അവരുടെ നിശ്ശബ്ദതയ്ക്ക് കാരണം പ്രതികരണ ശേഷിയില്ലായ്മ മാത്രമല്ല, സമൂഹത്തിന്റെയോ സര്‍ക്കാരിന്റെയോ പിന്തുണ ഇല്ലാത്തതുകൊണ്ടും കൂടിയാണ്. സ്ത്രീകളുടെ പ്രശ്നപരിഹാരത്തിന് യഥേഷ്ടം നിയമങ്ങളുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 33 ശതമാനം സംവരണം (കേരളത്തില്‍ ഇത് 50 ശതമാനമാണ്) നടപ്പാക്കിയശേഷം 1.2 ദശലക്ഷം സ്ത്രീകള്‍ പഞ്ചായത്തുതലത്തില്‍ രാഷ്ട്രീയത്തില്‍ സജീവമാണ്. പക്ഷെ സ്ത്രീ സംവരണ ബില്‍ ഇന്നും ലോക്സഭയില്‍ പാസ്സാക്കപ്പെട്ടിട്ടില്ല. സ്ത്രീധന നിരോധന നിയമം സ്ത്രീധന പീഡന നിരോധന നിയമം, സ്ത്രീധന പീഡന വിരുദ്ധനിയമം എല്ലാം നിലവിലുണ്ട്. തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം, ബാലികാ പീഡനം മുതലായവയ്ക്കെതിരെയും നിയമങ്ങളുണ്ട്. സ്ത്രീധനം നല്‍കുന്നത് നിരോധിക്കപ്പെടുമ്പോഴും സ്ത്രീധനം നല്കി താങ്ങാനാവാത്ത ചെലവില്‍ ആര്‍ഭാട വിവാഹം നടത്തി കടക്കെണിയിലാകുന്ന കുടുംബങ്ങള്‍ വര്‍ധിക്കുകയാണ്. സ്ത്രീധനം തടയാന്‍ ഇതുവരെ സാധ്യമാകാത്ത സ്ഥിതിയ്ക്ക് ആഡംബര വിവാഹങ്ങള്‍ തടയാന്‍ ഉള്ള നിയമനിര്‍മ്മാണം ഇപ്പോള്‍ കേരള സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.
സ്ത്രീധനം എന്നത് ഒരു സാമൂഹ്യവിപത്താണെന്നിരിക്കെ ഈ ക്രിമിനല്‍ സമ്പ്രദായത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ കുടുംബങ്ങള്‍ തയ്യാറാകുന്നില്ല. ബാലിക ലൈംഗിക പീഡനം പോലും പുറത്തറിയിയ്ക്കാത്തത് ആ വിവരമറിഞ്ഞാല്‍ അവള് വിവാഹിതയാകുകയില്ല എന്ന ഭയമാണ്. സ്ത്രീ പീഡിപ്പിക്കപ്പെടുന്നത് സ്ത്രീയുടെ മാത്രം കുറ്റമായി കരുതുന്ന സമൂഹമാണ് ഇവിടെയുള്ളത്. ഈ വിധം കാലഹരണപ്പെട്ട മിഥ്യാ ധാരണകള്‍ തിരുത്താതെ, വിവാഹമല്ല സാര്‍ത്ഥകമായ ജീവിതമാണ് അന്തിമ ലക്ഷ്യം എന്നു തിരിച്ചറിയാനാകാതെ സ്ത്രീകള്‍ ഇപ്പോഴും ഇരകളായി തുടരുന്നതും രണ്ടാംതരം പൗരകളാകുന്നതും സ്ത്രീ സമൂഹം ക്ഷണിച്ചുവരുത്തുന്ന വിപത്താണ്. പ്രതികരണത്തിന് പോലും വിലക്ക് കല്‍പ്പിക്കുന്ന സ്ത്രീ സമൂഹം തന്റേടം എന്ന തന്റെ ഇടം മാത്രമല്ല നഷ്ടപ്പെടുത്തുന്നത്, പൊതു ഇടങ്ങളും കൂടിയാണ്. ഇന്ന് സ്ത്രീയ്ക്ക് പൊതു ഇടങ്ങളില്‍, സുരക്ഷിതത്വമില്ലാത്തതിന് കാരണം സ്ത്രീകളുടെ തന്നെ ചെറുത്ത് നില്‍പ്പിനുള്ള ശേഷിക്കുറവും പരമ്പരാഗത പിതൃമേധാവിത്വ ധാരണകളും സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെപ്പറ്റിയുള്ള അജ്ഞതയുമാണ്. നിയമങ്ങളും ഉന്നതതലങ്ങളില്‍ നടക്കുന്ന ഗിരിപ്രഭാഷണങ്ങളും സ്ത്രീ പദവി ഉയര്‍ത്തുകയില്ല. തുല്യ വിദ്യാഭ്യാസം ലഭിക്കുമ്പോഴും തുല്യ ജോലിയില്‍ പ്രവേശിക്കുമ്പോഴും മാനസികമായി അടിമത്തം പേറുന്ന സ്ത്രീ എങ്ങനെ ലോക്സഭ പോലുള്ള സംവിധാനങ്ങളില്‍ തുല്യത നേടും? ഒരു സോണിയാ ഗാന്ധിയോ സുഷമാസ്വരാജോ സ്ത്രീശാക്തീകരണത്തിന്റെ പ്രതീകങ്ങളല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: