ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ 167 രാജ്യങ്ങളില്‍ ജനാധിപത്യം നിലനില്‍ക്കുന്നുണ്ടെങ്കിലും മതേതരത്വം ഭരണഘടനയുടെ ആമുഖത്തില്‍ പറഞ്ഞിട്ടുള്ള ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ് ഭാരതം. ഭാരതത്തിലെ ജനസംഖ്യയുടെ 80 ശതമാനത്തിലധികവും ഹിന്ദുക്കളായിരുന്നിട്ടും മതേതര രാഷ്ട്രം എന്ന് ഭരണഘടനയില്‍ രേഖപ്പെടുത്തിയിട്ടുള്ളത് നമ്മുടെ രാഷ്ട്രത്തിലെ ജനങ്ങളുടെ ഹൃദയവിശാലതയെയാണ് സൂചിപ്പിക്കുന്നത്. ലോകത്തുള്ള മിക്കവാറും എല്ലാ രാജ്യങ്ങളും ഏതെങ്കിലും ഒരു മതത്തെ ആ രാജ്യത്തിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചു, ആ മതത്തിന്റെ പേര് രാഷ്ട്രമെന്ന പദത്തിന്റെ പുറകില്‍ ചേര്‍ത്ത് അറിയപ്പെടുന്ന കാലഘട്ടത്തിലാണ് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത്. ഭാരതം വിഭജിച്ച് പാക്കിസ്ഥാന് എന്ന മുസ്ലീം രാഷ്ട്രം രൂപീകരിച്ചിട്ടും നമ്മുടെ രാഷ്ട്രം മതേതര രാഷ്ട്രമാണ്, ഇവിടെ എല്ലാ മതങ്ങള്‍ക്കും തുല്യപ്രാധാന്യമാണുള്ളത് എന്ന നയം പ്രഖ്യാപിച്ച നമ്മുടെ രാഷ്ട്രം എത്ര ശ്രേഷ്ഠമായ ഒരു സംസ്ക്കാരത്തെ അഥവാ ധര്‍മത്തെയാണ് ഉള്‍ക്കൊണ്ടിരിക്കുന്നത് എന്ന കാര്യം നമ്മുടെ നാട്ടിലെ ഭരണകര്‍ത്താക്കള്‍ എപ്പോഴും ഓര്‍ക്കേണ്ട കാര്യമാണ്. ഇങ്ങനെ പറയുവാന്‍ കാരണം, ‘മതേതരത്വം’ എന്ന പദംകൊണ്ട് എന്താണ് ഉദ്ദേശിച്ചിരിക്കുന്നത് അല്ലെങ്കില്‍ എന്താണതിന്റെ ശരിയായ അര്‍ത്ഥം എന്നുള്ള കാര്യം നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരും ഭരിക്കുന്നവരും മറന്നുപോയോ എന്നുള്ള സംശയം കൊണ്ടാണ്. ‘മതേതരത്വം’ എന്നുള്ള നയത്തെപ്പറ്റി നമ്മുടെ പുതിയ തലമുറയ്ക്ക് പറഞ്ഞുകൊടുക്കേണ്ട ഗതികേടിലേയ്ക്ക് നമ്മള് പോവുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം ഇന്ന് അധികാരത്തിന് വേണ്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, മുതലെടുപ്പ് നടത്തുവാന്‍ ഉപയോഗിക്കുന്ന ഒരു പദമായി മാത്രം ‘മതേതരത്വം’ അധഃപതിച്ചിരിക്കുന്നു. എന്താണ് മതേതരത്വം? റോഡിന്റെ ഇരുവശങ്ങളിലും വിവിധ മതക്കാരുടെ ആരാധനാലയങ്ങള്‍ പരസ്പ്പരം നോക്കിയിരുന്നതുകൊണ്ട് ‘മതേതരത്വം’ നിലനില്‍ക്കുന്നുണ്ട് എന്ന് പറയാന്‍ സാധിക്കുമോ? ഈ അവസരത്തിലാണ് ശ്രീ മാതാ അമൃതാനന്ദമയീ ദേവി വര്‍ഷങ്ങള്‍ക്ക് മുമ്പ് മതേതരത്വത്തിന്റെ നിര്‍വചനമായി പറഞ്ഞ കാര്യം കണക്കിലെടുക്കാവുന്നതാണ്. അമ്മ പറഞ്ഞു: “എല്ലാ മതങ്ങളിലും പെട്ടജനങ്ങള് പരസ്പ്പര സാഹോദര്യത്തോടെ ജീവിക്കുകയും ഇതര മതങ്ങളുടെ ആചാരങ്ങളിലും വിശ്വാസങ്ങളിലും പരസ്പ്പരം പങ്ക് ചേര്‍ന്ന് ഒരുമയോടുകൂടി മുന്നോട്ട് പോകുന്നതിനെയാണ് മതേതരത്വം എന്ന് പറയുന്നത്.” ഈ ഒരു കാര്യമാണ് മതേതരത്വമെന്നുള്ളതിന് നിര്‍വചനമായി എല്ലാവരും അംഗീകരിക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ മനസ്സിന്റെ ഐക്യം ഉണ്ടായാല്‍ മാത്രമേ ഇത് പൂര്‍ണമായും പാലിക്കപ്പെടുകയുള്ളൂ. പക്ഷെ ജനങ്ങളില്‍ അനൈക്യം ഉണ്ടാകുന്ന രീതിയില്‍ ഭരണകര്‍ത്താക്കളും അവര്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളും മുമ്പോട്ട് പോകുകയും അതിന് മതേതരത്വം എന്ന മേലങ്കി ചാര്‍ത്തിക്കൊടുക്കുകയും ചെയ്യുന്ന രീതിയിലാണ് നമ്മുടെ കാര്യങ്ങള്‍ പോകുന്നത് എന്നുള്ളത് വളരെ ആശകള്‍ സൃഷ്ടിക്കുന്ന കാര്യമാണ്. ഒരേ ബഞ്ചിലിരുന്ന് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മതം നോക്കി സ്കോളര്‍ഷിപ്പ് നല്കിയ നടപടി സ്കോളര്‍ഷിപ്പ് ലഭിക്കാത്ത കുട്ടിക്ക് സ്വന്തം മതത്തിനോട് വെറുപ്പും അപകര്‍ഷതാബോധവും 15 വയസ്സ് തികയുന്നതിന് മുമ്പുതന്നെ കുട്ടികളുടെ മനസ്സില്‍ അനൈക്യവും വിദ്വേഷവും സൃഷ്ടിക്കാന്‍ സാധ്യതയുണ്ട് എന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല. മതത്തിന്റെ അടിസ്ഥാനത്തില്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നത് കേവലം വോട്ട് ബാങ്ക് നേടുന്നതിന് വേണ്ടിയാണെങ്കിലും ഇത് നിഷേധിക്കപ്പെടുന്ന ഭൂരിപക്ഷ ജനത കൈവശഭൂമിയുടെ കാര്യത്തിലാണെങ്കിലും സ്ഥാപനങ്ങളുടെ കാര്യത്തിലാണെങ്കിലും വളരെ പിന്നോട്ട് പോയിട്ടുണ്ട്. ഈ അടുത്തകാലത്ത് ഒരു മലയാളം ചാനല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശനുമായി അഭിമുഖം നടത്തിയപ്പോള്‍, “കേരളത്തില്‍ എസ്എന്‍ഡിപിക്ക് സ്വകാര്യ മെഡിക്കല്‍ കോളേജ് തുടങ്ങുവാന്‍ കഴിയാത്തത് അതിനാവശ്യമായ ഭൂമി കേരളത്തിലെവിടെയും തങ്ങളുടെ കൈവശമില്ലാത്തതിനാലാണെന്ന് അദ്ദേഹം പറഞ്ഞത് ഇതിന് തെളിവാണ്. കേരളത്തിലെ ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ എണ്ണത്തിന്റെ പകുതിയില്‍ താഴെ മാത്രമേ ഭൂരിപക്ഷ വിഭാഗത്തിനുള്ളൂ എന്ന സത്യം കണക്കുകള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കുന്ന കാര്യമാണ്. ഇതെല്ലാം സംഭവിക്കുന്നത് മതേതരത്വം മറയാക്കി മതപ്രീണനം നടത്തുന്നതിനാലാണ്.
മതേതരത്വം നിലനില്ക്കണമെങ്കില് എല്ലാ മതങ്ങളുടേയും ലക്ഷ്യം ഒന്നാണെന്നും ഇതരമതങ്ങളുടെ വിശ്വാസങ്ങളെയും നാടിന്റെ പൈതൃക സംസ്ക്കാരത്തെയുമൊക്കെ സഹിഷ്ണുതയോടുകൂടി കാണണമെന്ന ജനങ്ങളുടെ മനോഭാവത്തിന് കോട്ടം തട്ടുവാന്‍ പാടില്ല. അങ്ങനെയുണ്ടായാല്‍ അത് അത്യന്തം അപകടകരമാണ്. ജനങ്ങളുടെ ഇടയില്‍ സഹിഷ്ണുതാ മനോഭാവവും സമത്വവുമൊക്കെ നിലനിര്‍ത്തേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമായി കാണേണ്ട ഭരണകര്‍ത്താക്കള്‍ അതിന് വിഘ്നമായ രീതിയില്‍ നടത്തുന്ന ചില അനാരോഗ്യകരമായ പ്രവണതകള്‍ ദേശവിരുദ്ധശക്തികള്‍ മുതലെടുക്കുവാനും അവരുടെ പ്രവര്‍ത്തനത്തിനുള്ള പരോക്ഷമായ പ്രോത്സാഹനമായി അവര്‍ കരുതുവാനും സാധ്യതയുണ്ട്. നിലവിളക്ക് കൊളുത്തുന്നതില്‍ നിന്നൊഴിഞ്ഞുനിന്നതും ഗംഗയെ ഗ്രേസാക്കിയതും വകുപ്പുകളില്‍ സ്വസമുദായാംഗങ്ങള്‍ക്ക് മാത്രം കൂടുതല്‍ പരിഗണന നല്‍കിയതിന്റെയുമൊക്കെ തുടര്‍ച്ചയായിട്ടാണ് മതേതരത്വത്തിന് ഭീഷണിയാകുന്ന വിധത്തിലുള്ള ചില ദുഷ്പ്രവണതകള്‍ക്ക് കേരളം അടുത്തിടെയായി സാക്ഷ്യം വഹിക്കേണ്ടിവരുന്നത്. മൈനാഗപ്പള്ളിയിലെ ഒരു സ്കൂളില്‍ സ്കൂള്‍ എംബ്ലത്തില്നിന്ന് വിളക്കും വീണയും എടുത്ത് കളയണമെന്ന് തീവ്രവാദികള്‍ ആവശ്യപ്പെട്ടതും എടുത്തുകളയണമെന്ന തീവ്രവാദികളുടെ ആവശ്യത്തിന് മുമ്പില്‍ ബിജെപി ഒഴികെയുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ മുട്ടുമടക്കിയതും മുമ്പ് പറഞ്ഞ തെറ്റായ പ്രവണതകളുടെ തുടര്‍ച്ചയാണ്. പൊന്നാനിയില്‍ ഗണേശോത്സവത്തിന് അനുമതി നിഷേധിക്കുന്ന നടപടിയെടുക്കുവാനുള്ള ധൈര്യം ഭരണകര്‍ത്താക്കള്‍ക്ക് ലഭിച്ചതും തീവ്രവാദികളുടെ ആവശ്യവും അവര്‍ക്ക് ഭരണതലത്തിലുള്ള സ്വാധീനവും കൊണ്ടാണ്.
ഭാരതത്തിലെ ഹിന്ദുസമൂഹത്തിന്റെ സഹിഷ്ണുത മൂലമാണ് മതേതരത്വം നിലനില്ക്കുന്നതെന്ന കാര്യം എല്ലാവരും ഇടയ്ക്കിടെ ഓര്‍ക്കേണ്ടതാണ്. മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്നാരോപിച്ചു ഈ അടുത്തകാലത്തിറങ്ങിയ ഒരു ചിത്രത്തിനെതിരെ ലോകം മുഴുവന്‍ പ്രക്ഷോഭം നടക്കുകയാണ്. ഹിന്ദുവിശ്വാസികളെ മോശമായി ചിത്രീകരിക്കുകയും ദേവീദേവന്മാരെ പരിഹാസ കഥാപാത്രങ്ങളായി ചാനലുകളില്‍ അവതരിപ്പിക്കുകയും ചെയ്യുമ്പോള്‍ ഭാരതത്തിലെ ഹിന്ദുക്കള്‍ പ്രതികരിക്കുവാന്‍ തുടങ്ങുകയാണെങ്കില്‍ തെരുവിലിറങ്ങാനെ നേരം കാണുകയുള്ളൂ. ഗുരുക്കന്മാരായ ശ്രീനാരായണ ഗുരുദേവനേയും മാതാ അമൃതാനന്ദമയി ദേവിയെയുമൊക്കെ മോശമായി ചിത്രീകരിക്കുകയും ചെയ്യുന്നത് പതിവായി മാറിക്കൊണ്ടിരിക്കുകയാണ്. കോടിക്കണക്കിന് ഭക്തന്മാര് സന്ദര്‍ശിക്കുന്ന കടുവാ സങ്കേതങ്ങളിലുള്ള ക്ഷേത്രങ്ങളില്‍ ഭക്തരുടെ എണ്ണം നിയന്ത്രിക്കണമെന്നുള്ള രീതിയില്‍ അധികാരികള്‍ ചിന്തിക്കുമ്പോള്‍ മറ്റ് മതസ്ഥരോടാണ് ഈ വിധം ആവശ്യം പെടുന്നതെങ്കില്‍ എന്തായിരിക്കും അവസ്ഥ എന്ന് ഇന്നാട്ടിലെ രാഷ്ട്രീയക്കാരും ഭരണകര്‍ത്താക്കളും ചിന്തിച്ചുനോക്കണം. ഇതിനൊക്കെയെതിരെ തെരുവ് യുദ്ധം നടക്കാത്തത് ഭൂരിപക്ഷ ജനതയുടെ സഹിഷ്ണുതയും ഹൃദയവിശാലതയും ഒന്നിനോടും വിരോധം പാടില്ല എന്ന വിശാലമായ ചിന്താഗതിയും മൂലമാണ്. രാഷ്ട്രീയക്കാരന്റെ ആജ്ഞാനുവര്‍ത്തിയായി ഹിന്ദുവിനെ ഉപയോഗിക്കുകയും അവന്റെ അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ട്, കേവലം വോട്ട് ബാങ്കിന് വേണ്ടി ന്യൂനപക്ഷ പ്രീണനം നടത്തുകയും ഹിന്ദു സംഘടിക്കുന്നതിനെ വര്‍ഗീയമായി കാണുകയും ഹിന്ദുസംഘടനാ പ്രവര്‍ത്തകരെ വര്‍ഗീയവാദികളെന്ന് മുദ്ര കുത്തുകയും ചെയ്യുന്നവര്‍ ഒരു കാര്യം എപ്പോഴും ഓര്‍ക്കേണ്ടതാണ്. ഹിന്ദുധര്‍മം ഭാരതത്തില്‍ ഇല്ലാതായാല്‍ മതേതരത്വം നശിക്കുകയും ഭാരതം ഛിന്നഭിന്നമാവുകയും ചെയ്യും. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം നടക്കുമ്പോള്‍ നമ്മുടെ രാഷ്ട്രത്തിന്റെ അവയവങ്ങളായ പല ഭാഗങ്ങളും വേര്‍പെട്ട് മറ്റ് രാജ്യങ്ങളായത് ആ ഭാഗങ്ങളില്‍ ഹിന്ദുധര്‍മം ആചരിക്കുന്നവര്‍ ന്യൂനപക്ഷമായപ്പോഴാണെന്ന കാര്യം വിസ്മരിക്കരുത്. ഭാരതം നിലനിന്നാല്‍ മാത്രമേ ഹിന്ദുവിനും നിലനില്‍പ്പുള്ളൂ എന്ന കാര്യം ഹിന്ദുസമൂഹവും എപ്പോഴും ഓര്‍ക്കേണ്ടതാണ്.
എ.എസ്.കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: