ചാരക്കേസ് വീണ്ടും ചര്‍ച്ചാ വിഷയമായിരിക്കുന്നു. ആനുകാലികങ്ങളിലൊക്കെ അടുത്തകാലത്തായി ചാരക്കേസിനെ കുറിച്ചാണ് ചര്‍ച്ച. ഒരു കുറ്റസമ്മതത്തിന്റെയോ കുമ്പസാരത്തിന്റെയോ ധ്വനിയുണ്ട് ഈ പുനര്‍ ചര്‍ച്ചയ്ക്ക്. ഐഎസ്ആര്‍ഒയിലെ ആരോപണ വിധേയരായ ശാസ്ത്രജ്ഞരോടും അക്കാലത്തെ ഐജിയോടും അന്നത്തെ മുഖ്യമന്ത്രിയോടും കൊടും പാതകം ചെയ്തുവെന്ന കുറ്റബോധത്തില്‍ നിന്നുടലെടുത്തതാണ് ഈ പുനര്‍ ചര്‍ച്ച. ആരൊക്കെയോ കെട്ടിച്ചമച്ചതാണ് ചാരക്കേസെന്നും അതിന് പിന്നില്‍ അവരുടെ സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ മാത്രമായിരുന്നെന്നും അതുകൊണ്ടാണ് ചാരക്കേസ് ചാരമായതെന്നും സത്യം പുറത്തുവന്നതോടെ പതിനെട്ടാണ്ട് മുമ്പ് ചാരക്കഥകള്‍ ആഘോഷിച്ച മലയാളികളുടേയും മാധ്യമങ്ങളുടേയും മാധ്യമപ്രവര്‍ത്തകരുടേയും മനഃസാക്ഷി വേട്ടയാടപ്പെടുകയാണെന്നും മറ്റുമാണ് പുനര്ചര്ച്ചയില് പൊതുവെ പരാമര്‍ശിക്കപ്പെടുന്നത്.
മാലിയില്‍നിന്നെത്തിയ മറിയം റഷീദ, ഫൗസിയ ഹസന് എന്നീ വനിതകള്‍ക്ക് വൈക്കിംഗ്-വികാസ് ഇഞ്ചിനുകള്‍, ക്രയോജനിക് സാങ്കേതിക വിദ്യ, നിര്‍ദ്ദിഷ്ട പിഎസ്എല്‍വി റോക്കറ്റിന്റെ വിക്ഷേപണ തീയതി തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ വിദേശരാഷ്ട്രങ്ങള്ക്കുവേണ്ടി കൈമാറിയതെന്നതായിരുന്നു തുമ്പ ബഹിരാകാശ കേന്ദ്രത്തിലെ ഡി.ശശികുമാര്‍, എസ്.നമ്പി നാരായണന് എന്നീ ശാസ്ത്രജ്ഞന്മാര്ക്കും റഷ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ഏജന്റെന്ന് വിശേഷിപ്പിക്കപ്പെട്ട കെ.ചന്ദ്രശേഖരനും ബാംഗ്ലൂരിലെ വ്യവസായി എസ്.കെ.ശര്‍മ്മയ്ക്കും എതിരായ കേരളാ പോലീസിന്റെ കണ്ടെത്തല്‍. ആ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുത്ത ചാരക്കേസ് വാസ്തവമാണെന്നായിരുന്നു കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും അന്വേഷണത്തിനുശേഷം സമര്‍ത്ഥിച്ചത്. എന്നാല്‍, പിന്നീട് അന്വേഷണം ഏറ്റെടുത്ത സിബിഐ സ്ഥാപിച്ചത് ചാരപ്രവര്‍ത്തനം നടന്നതിന് യാതൊരു തെളിവുമില്ലെന്നും കേസാകെ കെട്ടിച്ചമച്ചതെന്നുമാണ്.
അതായിരുന്നു അപ്രതീക്ഷിതമായ ‘ആന്റിക്ലൈമാക്സ്’. അപ്പോഴേയ്ക്കും ശശികുമാറും നമ്പി നാരായണനും രാജ്യത്തെ ഒറ്റിക്കൊടുത്തവരാണെന്ന കാരണത്താല്‍ കുറെയേറെ പീഡനം അനുഭവിച്ചു കഴിഞ്ഞിരുന്നു. ഒപ്പം രണ്ട് മാലി വനിതകളും. അവര്‍ക്ക് ഒത്താശ ചെയ്തുകൊടുത്തുവെന്ന് ആരോപിക്കപ്പെട്ട ഐജി രമണ്‍ ശ്രീവാസ്തവയും നടപടിക്ക് വിധേയനായിരുന്നു. കേന്ദ്രത്തിലെ ‘കിംഗ്മേക്കര്‍’ ആയി വിരാജിച്ചിരുന്ന കേരള മുഖ്യമന്ത്രി കെ.കരുണാകരനാവട്ടെ, ചാരക്കേസിനെ തുടര്‍ന്ന് കേന്ദ്രമന്ത്രിസഭയിലേക്ക് സ്ഥാനചലനവും സംഭവിച്ചിരുന്നു. പിന്നീടൊരിക്കലും, എത്ര മോഹിച്ചിട്ടും, അദ്ദേഹത്തിന് കേരള മുഖ്യമന്ത്രി ആവാനായില്ല. കരുണാകരന് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. സിബിഐ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ ചാരക്കേസ് കോടതി തള്ളിയതിനെത്തുടര്‍ന്ന് രമണ്‍ ശ്രീവാസ്തവ സര്‍വീസിലേക്ക് ശക്തനായി തിരിച്ചുവന്നു. കേരളത്തില്‍ ഡിജിപി ആയ ശേഷം ബിഎസ്എഫിന്റെ അമരക്കാരനായി അദ്ദേഹം കേന്ദ്രത്തിലേക്ക് പോയി. കേരളത്തില്‍ ഗവണര്‍ പദവിക്ക് പരിരമണ് ശ്രീവാസ്തവ പരിഗണക്കിപ്പെട്ടിരുന്നുവെന്നും ഏതാനും മാസങ്ങള്‍ മുമ്പ് കേട്ടിരുന്നു. ഏറ്റവും ഒടുവില്‍, നമ്പി നാരായണന് കേരള സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കേരള ഹൈക്കോടതി ഏതാനും ആഴ്ച മുമ്പ് വിധിച്ചതോടെയാണ് ചാരക്കേസ് വീണ്ടും ചര്‍ച്ചയ്ക്ക് വിഷയമായത്. നഷ്ടപരിഹാരത്തിന് അര്‍ഹനായ നമ്പി നാരായണന്റെ തിരുവനന്തപുരത്തെ പെരുന്താന്നിയിലെ വസതിക്കു മുന്നില്‍ മാധ്യമപ്രതിനിധികള്‍ അദ്ദേഹവുമായൊരു അഭിമുഖത്തിന് ഇപ്പോള്‍ ‘ക്യൂ’വിലാണ്. അവരില്‍ കേരളത്തിനകത്തുനിന്നു മാത്രമല്ല, പുറത്തുനിന്നുള്ള മാധ്യമപ്രവര്‍ത്തകരും ഉണ്ട്. അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയിരുന്നല്ലോ ഐഎസ്ആര്‍ഒ ചാരക്കേസ്.
അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ ‘റോയിട്ടേഴ്സ്’ ചാരക്കഥ ‘കവര്‍’ ചെയ്യാന്‍ അന്ന് ചുമതലപ്പെടുത്തിയത് എന്നെയാണ്. ഒരു ഇംഗ്ലീഷ് പത്രത്തിന്റെ മുഴുവന്‍ സമയ ലേഖകനായിരുന്നെങ്കിലും എന്റെ എഡിറ്ററുടെ പ്രത്യേകാനുമതിയോടെ ഒരു ‘സ്പെഷ്യല്‍ അസൈന്മെന്റ്’ എന്ന നിലയില്‍ ‘റോയിട്ടേഴ്സ്’ ഏല്‍പ്പിച്ച ദൗത്യം അഭിമാനപുരസ്സരം ഞാന്‍ ഏറ്റെടുക്കുകയായിരുന്നു. ഞാന്‍ പണിയെടുത്തിരുന്ന പത്രത്തിന് ചാരക്കേസില്‍ വലിയ താല്‍പ്പര്യം ഉണ്ടായിരുന്നതുമില്ല. നമ്പി നാരായണന് നഷ്ടപരിഹാരം നല്കാന് വിധി വരികയും തുടര്‍ന്ന് അദ്ദേഹവുമായുള്ള അഭിമുഖം പല വാരികകളും ‘കവര്‍സ്റ്റോറി’യാക്കുകയും ചെയ്തപ്പോള്‍ എന്റെ പഴയ ‘റോയിട്ടേഴ്സ് ക്ലിപ്പിംഗു’കളില്‍ ഞാനൊന്ന് പരതി. നമ്പി നാരായണനെപ്പറ്റി എന്തൊക്കെ അന്നെഴുതിക്കൂട്ടി എന്നറിയാന്‍ കൂടിയായിരുന്നു അത്.
അധികമൊന്നും എഴുതിയിട്ടില്ലെന്നറിഞ്ഞപ്പോള് ആശ്വാസവും തോന്നി. അതേയവസരത്തില്‍ മറിയം റഷീദയെപ്പറ്റി ഒട്ടേറെ എഴുതിയിരുന്നതായി ഞാന്‍ കണ്ടു. എന്റേതായ ആ റോയിട്ടേഴ്സ് റിപ്പോര്‍ട്ടുകള്‍ പലതും വിദേശപത്രങ്ങളടക്കം പ്രസിദ്ധീകരിച്ചിരുന്നു. സങ്കല്പ്പ സൃഷ്ടികളോ ഭാവനാവിലാസമോ ആയിരുന്നില്ല അവ. അത്തരം സൃഷ്ടികള്‍ റോയിട്ടേഴ്സ് പോലുള്ള മാധ്യമ സ്ഥാപനങ്ങള്‍ അന്നും ഇന്നും അനുവദിക്കാറേയില്ല. ചാരക്കേസിനെപ്പറ്റി ‘മറിയം റഷീദയുടെ മാദകരാത്രികള്‍’ എന്ന ശീര്‍ഷകത്തില്‍ പരമ്പര പ്രസിദ്ധീകരിച്ച പത്രങ്ങള്‍ വരെയുണ്ട്. മലയാള പത്രങ്ങള്‍ അന്ന് പ്രചരിപ്പിച്ചതൊക്കെ വ്യാജകഥകളായിരുന്നു എന്നാണ് ഇന്ന് കേള്‍ക്കുന്നത്. എന്നാല്‍ മാധ്യമങ്ങള്‍ക്കെതിരെയുള്ള ഈ ‘കോറസി’ല്‍ പങ്കാളിയാവാന്‍ എന്റെ മനസനുവദിക്കുന്നില്ല. മറിയം റഷീദയെപ്പറ്റിയും ചാരപ്രവര്ത്തനത്തെപ്പറ്റിയും ഞാനെഴുതിയ ‘കഥ’കള്ക്കാധാരം ആ മാലിക്കാരിയുടെ സ്വന്തം ഡയറിയിലെ കുറിപ്പുകള്‍ തന്നെയായിരുന്നു. വളരെ ബുദ്ധിമുട്ടിയാണ് ആ കുറിപ്പുകളുടെ പകര്‍പ്പെടുത്തതും ‘ദ്വിവേഗി’ ഭാഷയിലുള്ള അവ മൊഴിമാറ്റം ചെയ്യിച്ച് റിപ്പോര്‍ട്ടുകളില്‍ ഉദ്ധരിക്കാനായി മനസ്സിലാക്കിയതും. ‘റോയിട്ടേഴ്സ്’ ഉദ്ധരിച്ച ആ ഡയറിക്കുറിപ്പുകള്ക്കെതിരെ മാള്ദീവ്സ് ഭരണാധികാരികള്‍ ആ വാര്‍ത്താ ഏജന്‍സിക്കും എനിക്കും എതിരെ നിയമനടപടികള്‍ക്ക് മുതിര്‍ന്നു. ഒട്ടേറെ കോടി ഡോളറുകളാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നത്. ഞാനുമായി ചര്‍ച്ച ചെയ്തശേഷം എന്നെയും എന്റെ റിപ്പോര്‍ട്ടുകളേയും വിശ്വസിച്ച ‘റോയിട്ടേഴ്സ്’മേധാവി ഉറച്ചുനിന്നു. അന്താരാഷ്ട്ര തലത്തില്‍ എന്നിലെ മാധ്യമപ്രവര്ത്തകന് നേരിടുന്ന ഒരഗ്നിപരീക്ഷ ആയാണ് എനിക്ക് അന്നത് അനുഭവപ്പെട്ടത്. ജീവിതത്തിലെ മറ്റു ചില വ്യക്തിപരവും തൊഴില്‍പരവുമായ പ്രതിസന്ധികള്‍ പോലെ അതും മലപോലെ വന്ന് എലിപോലെ പോയി.
ഏതാണ്ട് അതുതന്നെയാണ് ചാരക്കേസിനും സംഭവിച്ചതായി തോന്നുന്നത്. പക്ഷെ അതിനിടയില്‍ ഇരകളേറെ അനുഭവിച്ചു എന്ന വ്യത്യാസം മാത്രം. തിരിഞ്ഞുനോക്കുമ്പോള്‍ ആകെ അവിശ്വസനീയമായി അനുഭവപ്പെടുന്നു തുടക്കവും ഒടുക്കവുമൊക്കെ. വാദി പ്രതിയാവുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍ ഇപ്പോള്‍ ചെന്നു നില്‍ക്കുന്നത്. ചാരപ്രവര്‍ത്തനം നടന്നതായി കണ്ടെത്തിയ കേരളാ പോലീസിലേയും കേന്ദ്ര ഇന്റലിജന്‍സിലേയും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും നമ്പി നാരായണനുള്ള നഷ്ടപരിഹാര തുക അവരില്‍ നിന്നീടാക്കണമെന്നും ആവശ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ചാരക്കേസ് മനഃപൂര്‍വ കെട്ടിച്ചമച്ചതാണെങ്കില്‍ തീര്‍ച്ചയായും ആ ആവശ്യങ്ങള്‍ ന്യായമാണ്. അവ നടപ്പിലാക്കേണ്ടതുമാണ്. ഇവിടെയാണ് ഒട്ടേറെ ‘പക്ഷെ’കള്‍ ഉയരുന്നത്.
ചാരക്കേസ് കെട്ടുകഥയെങ്കില് ചാരമാവുന്നത് ആ കേസ് മാത്രമല്ല. ഇവിടെ ഇതുകാരണം ചോദ്യം ചെയ്യപ്പെടുന്നത് ചാരപ്രവര്‍ത്തനം നടന്നുവെന്ന് കണ്ടെത്തിയ കേരളാ പോലീസിന്റേയും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടേയും വിശ്വാസ്യതയാണ്. ഒപ്പം മാധ്യമങ്ങളുടേയും. ഒരു പരിധിവരെ ആദ്യഘട്ടങ്ങളില്‍ ചാരക്കേസ് ശരിവെച്ച നീതി പീഠങ്ങളുടേയും. അസൂയാവഹമായി മുന്നേറിക്കൊണ്ടിരുന്ന ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ പ്രവര്‍ത്തനത്തിന് അന്താരാഷ്ട്രതലത്തില്‍ ചാരക്കേസ് മൂലം ഉണ്ടായ ദുഷ്പ്പേരും ഈ വേളയില്‍ തെല്ലും അവഗണിക്കാവുന്നതല്ല.
ഒരു ‘ക്രൈം ത്രില്ലര്‍’ സിനിമയിലെപ്പോലെയാണ് ചാരക്കേസില്‍ കാര്യങ്ങള്‍ പെട്ടെന്ന് മാറി മറിഞ്ഞത്. ഹീറോ വില്ലനും വില്ലന്‍ ഹീറോയുമായി പെട്ടെന്ന് മാറി. ആ മാറ്റത്തിന് തുടക്കം കുറിച്ചത് അന്നത്തെ പ്രധാനമന്ത്രി പി.സി.നരസിംഹറാവുവിന്റെ പെട്ടെന്നുള്ള തിരുവനന്തപുരം സന്ദര്‍ശനം ആയിരുന്നു. യാതൊരു ഔദ്യോഗിക പരിപാടിയുമില്ലാതെ, മുന്‍കൂട്ടി തീരുമാനിക്കാതെയും അറിയിക്കാതെയുമാണ് പ്രധാനമന്ത്രി ശംഖുമുഖത്ത് പ്രത്യേക വിമാനത്തില്‍ വന്നിറങ്ങിയത്. അവിടെനിന്ന് അദ്ദേഹം നേരെ രാജ്ഭവനിലെത്തി ഒരു രാത്രി ചെലവഴിച്ചു. കാണേണ്ട ചിലരെ കണ്ടു. കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഒക്കെ തികച്ചും വ്യക്തിപരം, സ്വകാര്യം. തൊട്ടടുത്ത നാള് തന്നെ ഒരു പരിപാടിയിലും പങ്കെടുക്കാതെ, പാര്‍ട്ടിക്കാരെയോ പത്രക്കാരെയോ കാണാന്‍ കൂട്ടാക്കാതെ പ്രധാനമന്ത്രി ദല്‍ഹിക്ക് പറന്നു. നരസിംഹറാവു തിരുവനന്തപുരത്തെത്തുമ്പോള്‍ വിമാനത്താവളത്തിലെ ‘ലോഞ്ചി’ല്‍ കിടന്നിരുന്ന അക്കാലത്തെ ഏറ്റവും പ്രചാരമേറിയ ദേശീയ ഇംഗ്ലീഷ് വാര്‍ത്താവാരികയുടെ ‘കവര്‍സ്റ്റോറി’ തുമ്പയിലെ ചാരപ്രവര്‍ത്തനത്തിന്റെ കൂടുതല്‍ വിവരങ്ങളെപ്പറ്റി എഴുതിയത് ആ വാരികയുടെ കേരളത്തിലെ പ്രത്യേക ലേഖകന്റെ. പ്രധാനമന്ത്രി ദല്‍ഹിയില്‍ മടങ്ങിയെത്തിയതിനുശേഷം ഇറങ്ങിയ അതേ വാരികയുടെ അടുത്തലക്കത്തിന്റെ ‘കവര്‍ സ്റ്റോറി’ ചാരക്കേസ് കെട്ടുകഥയാണെന്ന് വാദിച്ചുകൊണ്ട് സാക്ഷാല്‍ എഡിറ്റര്‍ തന്നെ സ്വയം എഴുതിയതും ഹൃസ്വമെങ്കിലും സംഭവബഹുലം ആയിരുന്നിരിക്കണം ആ ഇടവേള എന്നര്‍ത്ഥം. സീസറിനെക്കുറിച്ചുള്ള ഷേക്സ്പിയറുടെ വരികള്‍ ഉദ്ധരിച്ചാല്‍, റാവു വന്നു, കണ്ടു, കീഴടക്കി. നരസിംഹറാവു സര്‍ക്കാര്‍ അധികാരമൊഴിയുന്നതിനു തൊട്ടുമുമ്പാണ് അദ്ദേഹത്തിന് ഏറെ അടുപ്പവും സ്വാധീനവും ഉണ്ടായിരുന്ന വിജയഭാസ്കര്‍ റാവു ഡയറക്ടറായുള്ള സിബഐ ഐഎസ്ആര്‍ഒ ചാരക്കേസ് ഒരു വെറും കെട്ടുകഥയാണെന്ന് പറയുന്ന ‘ക്ലോഷര്‍ റിപ്പോര്‍ട്ട്’ സമര്‍പ്പിച്ചത്. നരസിംഹറാവുവിന്റെ വളരെ അടുത്ത ഒരു ബന്ധുവിന്റെ പേരും ചാരക്കഥയിലുടനീളം കേട്ടിരുന്നുവെന്നത് മറ്റൊരു കാര്യം.
ആരായിരുന്നു ഇതിന്റെയൊക്കെ പിന്നില്‍? എന്തായിരുന്നു അവരുടെ താല്‍പ്പര്യം? പറഞ്ഞുകേള്‍ക്കുന്നതുപോലെ ഒരു പോലീസ് ഇന്‍സ്പെക്ടറുടെ കാമദാഹത്തില്നിന്ന് മാത്രം ഉടലെടുത്ത പ്രതികാരമോ? കേരളാ പോലീസിന്റെ ഉന്നതതലങ്ങളിലെ വെറും കുടിപ്പകയോ? അതോ ഒരു മുഖ്യമന്ത്രിയെ മുട്ടുകുത്തിക്കാന്‍ നടത്തിയ രാഷ്ട്രീയ പറാട്ടുനാടകമോ? എങ്കില്‍ ആരായിരുന്നു അതിന് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തികള്‍? അതിലും അപ്പുറം ഇന്ത്യയുടെ ബഹിരാകാശ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനും ഇന്ത്യന്‍ ശാസ്ത്രജ്ഞസമൂഹത്തിന്റെ ആത്മവീര്യം. നശിപ്പിക്കാനുമായി നടത്തിയ അന്താരാഷ്ട്ര ഗൂഢാലോചനയോ? എങ്കില്‍ അതിന്റെ പിന്നിലെ ശക്തികളാര്? അവര്‍ക്ക് വേണ്ടി ഇവിടെ കരുനീക്കിയ വ്യക്തികള്‍ ആര്?
ഹരി എസ്. കര്‍ത്താ
പ്രതികരിക്കാൻ ഇവിടെ എഴുതുക: