ന്യൂദല്‍ഹി: രാജ്യത്ത് കഴിഞ്ഞ വര്‍ഷം 1.35 ലക്ഷം പേര് ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. ആത്മഹത്യാ നിരക്കില്‍ ഒന്നാം സ്ഥാനത്ത് പശ്ചിമ ബംഗാളാണ്. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ( എന്‍സിആര്‍ബി) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
കുടുംബ പ്രശ്നങ്ങളും( 24.3ശതമാനം) അസുഖങ്ങളുമാണ് ( 19.6) ആത്മഹത്യക്കുള്ള പ്രധാന കാരണം. ദാരിദ്ര്യം മൂലം 1.7 ശതമാനം പേര് ജീവനൊടുക്കുന്നു. പ്രണയ നൈരാശ്യം ( 3.4 ശതമാനം), മയക്കുമരുന്നിന്റെ ഉപയോഗം (2.7), സ്ത്രീധന പ്രശ്നം (2.40), എന്നിവയും ആത്മഹത്യക്ക് കാരണമാകുന്നുണ്ട്.
കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്നത് ദല്‍ഹിയിലാണ്( 1,716), തൊട്ടുപുറകില്‍ പുതുച്ചേരി (557). രാജ്യത്ത് മൊത്തം നടക്കുന്ന ആത്മഹത്യയുടെ 1.9 ശതമാനവും നടക്കുന്നത് ഏഴു കേന്ദ്രഭരണ പ്രദേശങ്ങളിലാണ്. 2001 നും 2011നും ഇടക്ക് ആത്മഹത്യ ചെയ്തവരുടെ എണ്ണം 25 ശതമാനം ഉയര്‍ന്ന് 108506 ല്‍ നിന്ന് 1,35585 ല്‍ എത്തി. ആത്മഹത്യ നിരക്കില്‍ ഒന്നാം സ്ഥാനത്ത് പശ്ചിമബംഗാളാണ് (16,492 എണ്ണം). അതായത് രാജ്യത്തെ മൊത്തം ആത്മഹത്യ നിരക്കിന്റെ 12.2 ശതമാനവും നടക്കുന്നത് പശ്ചിമ ബംഗാളിലാണ്. തൊട്ടുപുറകില്‍ തമിഴനാട് ( 15,963), മഹാരാഷ്ട്ര ( 15,947), ആന്ധ്രപ്രദേശ് (15,077), കര്‍ണ്ണാടക(12, 622) എന്നീ സംസ്ഥാനങ്ങളാണ്. അതായത് 56.2 ശതമാനം ആത്മഹത്യകളും നടക്കുന്നത് ഈ സംസ്ഥാനങ്ങളിലാണ്. ബാക്കി 43.8 ശതമാനവും നടക്കുന്നത് മറ്റു 23 സംസ്ഥാനങ്ങളിലുമായാണ്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ ആത്മഹത്യ നിരക്ക് കുറവാണ്( 3.6 ശതമാനം).
ചില നിസാര കാരണങ്ങള്‍, മയക്കുമരുന്നിന്റെ ഉപയോഗം, പ്രണയനൈരാശ്യം, കുടുംബപ്രശ്നങ്ങള്‍, സ്ത്രീധന പീഡനം, അവിഹിത ബന്ധത്തെ തുടര്‍ന്നുള്ള പ്രശ്നങ്ങള്‍ എന്നിവ മൂലം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതായി എന്‍സിആര്‍ബിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീധന പ്രശനത്തില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്നത് ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലുമാണ്. കുടുംബപ്രശ്നങ്ങള്‍ കാരണം ഏറ്റവും അധികം ആളുകള്‍ ആത്മഹത്യ ചെയ്യുന്നത് കേരളം, പുതുച്ചേരി, മഹാരാഷ്ട്ര, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. ആസാമില്‍ പ്രണയനൈരാശ്യം, തൊഴിലില്ലായ്മ, പരീക്ഷയിലെ തോല്‍വി എന്നിവയും ജമ്മുകാശ്മീരില്‍ കുട്ടികള്‍ ഇല്ലാത്തതും ആത്മഹത്യക്ക് ഇടയാക്കുന്നു. ദാരിദ്ര്യവും തൊഴിലില്ലായ്മയുമാണ് പഞ്ചാബില്‍ നടക്കുന്ന ആത്മഹത്യകള്‍ക്ക് കാരണമെന്ന് എന്‍സിആര്‍ബിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: