കൊച്ചി: കുട്ടികള്‍ക്കു ആവശ്യത്തിന് സ്വാതന്ത്ര്യം നല്കി അവരിലെ കഴിവിനെ വളര്‍ത്തിയെടുത്തുകൊണ്ടുള്ള ഒരു പാഠ്യപദ്ധതിയാണ് സ്കൂളുകള്‍ പിന്തുടരേണ്ടതെന്ന് ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ പറഞ്ഞു. കൊച്ചിയില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് കേരള സഹോദയ കോംപ്ലക്സസിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സിബിഎസ്ഇ പ്രിന്‍സിപ്പല്‍മാരുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസത്തിലൂടെ കുട്ടികള്‍ക്ക് സമൂഹത്തില്‍ ഉന്നതസ്ഥാനം കൈവരിക്കുവാന്‍ കഴിയും. എന്നാല്‍ നമുക്കുചുറ്റുമുള്ള വയറസ്സുകള്‍ കുട്ടികളെ ബാധിക്കാതെ അവരെ മികച്ച പൗരന്മാരായി വളര്‍ത്തിയെടുക്കുക എന്നത് അധ്യാപകരുടെ ചുമതലയാണ്. സമൂഹത്തിനോട് പ്രതിബദ്ധതയുള്ള യുവതലമുറയെ സൃഷ്ടിക്കുവാനുള്ള ശ്രമമാണ് അധ്യാപകര്‍ നടത്തേണ്ടതെന്നും കെ.ജയകുമാര്‍ പറഞ്ഞു.
ഒരു സ്ക്കൂളിന്റെ പ്രഥാനാധ്യാപകന് എന്നാല്‍ ആ സ്ഥാപനത്തില്‍ കേന്ദ്രസ്ഥാനമാണ് ഉള്ളത്. കുട്ടികളെയും മറ്റ് അധ്യാപകരെയും മാനേജ്മെന്റിനെയും ഒന്നായി കൊണ്ടുപോവുക എന്നത് പ്രധാനാധ്യാപകന്റെ കര്‍ത്തവ്യമാണ്. ഈ കര്‍ത്തവ്യം കൃത്യമായി നിറവേറ്റുവാന്‍ കഴിഞ്ഞാല്‍ മാത്രമെ പ്രധാനാധ്യാപകന് തന്റെ ചുമതലയില്‍ വിജയം നേടാന്‍ കഴിയൂഎന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അധ്യാപകര്‍ കുട്ടികള്‍ക്ക് അറിവ് പകര്ന്നുനല്കുന്നതിനോടൊപ്പം തന്നെ അവരും പഠനം തുടരണം. അതിലൂടെമാത്രമെ മികച്ച കുട്ടികളെ വാര്‍ത്തെടുക്കുവാന്‍ കഴിയുവെന്നും കെ.ജയകുമാര്‍ പറഞ്ഞു.
കോണ്‍ഫെഡറേഷന്‍ സംസ്ഥാനപ്രസിഡന്റ് കെ.ഉണ്ണികൃഷ്ണന് അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് കെ.എ, സെക്രട്ടറി എന്‍.രാമചന്ദ്രന്‍നായര്‍, ഫാ.ജോര്‍ജ്ജ് പുഞ്ചയില്‍,പ്രൊഫ.മധു പ്രസാദ് എന്നിവര്‍ സംസാരിച്ചു. സംസ്ഥാനത്തിലെ വിവിധ സ്ക്കൂളുകളില്‍ നിന്നായി അറുന്നൂറോളം പ്രിന്‍സിപ്പല്‍മാര്‍ പങ്കെടുക്കുന്ന സമ്മേളനം ചൊവ്വാഴ്ച സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: