കൊച്ചി: താറുമാറായി കിടക്കുന്ന കുമ്പളങ്ങി – എഴുപുന്ന റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്ന് ജില്ല വികസന സമിതി യോഗം ആവശ്യപ്പെട്ടു. 5.66 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന്റെ ശോച്യാവസ്ഥ ഈ മേഖലയിലെ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്നും യോഗം ചൂണ്ടിക്കാട്ടി. ഡൊമിനിക് പ്രസന്റേഷന് എംഎല്‍എയും കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസിന്റെ പ്രതിനിധി എം.പി. ശിവദത്തനുമാണ് വിഷയം ജില്ലാ വികസന സമിതിയില്‍ അവതരിപ്പിച്ചത്.
തീരദേശ റോഡുകളുടെ അറ്റകുറ്റപ്പണി വൈകരുതെന്നും ഡൊമിനിക് പ്രസന്റേഷന് ആവശ്യപ്പെട്ടു. മഴ വൈകുന്ന സാഹചര്യത്തില്‍ ചെല്ലാനം – പാണ്ടിക്കുടി റോഡിന്റെ നിര്‍മാണം ഉടനെ ആരംഭിക്കണം. പശ്ചിമകൊച്ചിയില്‍ കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിന് വാട്ടര്‍ അതോറിറ്റി നടപടി സ്വീകരിക്കണം. കരുവേലിപ്പടി പമ്പ് ഹൗസില്‍ മോട്ടോര്‍ കേടായത് നന്നാക്കാന്‍ ഏറെ ദിവസങ്ങളെടുത്തു. ഈ മേഖലയിലെ പൈപ്പുകള്‍ മാറ്റിസ്ഥാപിക്കാന്‍ മൂന്ന് കോടി രൂപയുടെ പദ്ധതി അനുവദിച്ചെങ്കിലും ടെന്‍ഡറും തുടര്‍ നടപടികളും വൈകുകയാണെന്ന് എംഎല്‍എ പറഞ്ഞു.
അക്ഷയ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന പരാതി ഹൈബി ഈഡന് എംഎല്‍എ സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. താലൂക്ക്, പഞ്ചായത്ത് തലങ്ങളില്‍ ഹെല്‍പ്പ് ഡസ്കുകള്‍ ആരംഭിച്ച് ഇതിന് പരിഹാരം കാണണം. അക്ഷയ കേന്ദ്രങ്ങളുടെ നിരീക്ഷണ സമിതിയില്‍ എംഎല്‍എമാരെ ഉള്‍പ്പെടുത്തണമെന്നും ഹൈബി പറഞ്ഞു. അസറ്റ് ഡവലപ്മെന്റ് ഫണ്ട് വിനിയോഗിച്ച് നടപ്പാക്കേണ്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഹൈബി നിര്‍ദേശിച്ചു.
മഴയുടെ കുറവ് മൂലം തൃക്കാക്കര മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുകയാണെന്ന് ബെന്നി ബഹന്നാന് എംഎല്‍എ പറഞ്ഞു. പൈപ്പ്ലൈന് ശൃംഖലയില്‍ ക്രമീകരണം നടത്തിയും ആവശ്യമായ സ്ഥലങ്ങളില്‍ പുതിയ ലൈന്‍ സ്ഥാപിച്ചും കുടിവെള്ളം എത്തിക്കണം. തുതിയൂര്‍, കടവന്ത്ര, തൈക്കൂടം, വെണ്ണല, പുഴക്കരപ്പാടം എന്നീ പ്രദേശങ്ങളില്‍ കുടിവെള്ളപ്രശ്നം രൂക്ഷമാണ്. കുടിവെള്ള വിതരണത്തിന് പദ്ധതികള്‍ തയാറാക്കി സമര്‍പ്പിച്ചാല്‍ എംഎല്‍എ, എംപി ഫണ്ടുകളില്‍ നിന്ന് പണം കണ്ടെത്തി നല്‍കാമെന്നും അദ്ദേഹം അറിയിച്ചു.
മലയാറ്റൂര്‍ മേഖലയില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് ശ്രദ്ധയില്‍ പെടുത്തിയിട്ടും പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് ജോസ് തെറ്റയില്‍ എംഎല്‍എ പറഞ്ഞു. ജില്ല വികസന സമിതിയില്‍ നിന്നും മുന്‍കൂട്ടി അറിയിക്കാതെ വിട്ടുനില്‍ക്കുന്ന സീനിയര്‍ ഉദ്യോഗസ്ഥരോട് വിശദീകരണം തേടണം. റേഷന്‍ വിതരണത്തിലെ ക്രമക്കേട് കണ്ടെത്താന്‍ ജില്ല സപ്ലൈ ഓഫീസര്‍ നടത്തുന്ന പരിശോധന പ്രഹസനമാകരുതെന്ന് എം.പി. ശിവദത്തന്‍ പറഞ്ഞു. പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ഹോസ്റ്റലുകളുടെ നടത്തിപ്പ് സംബന്ധിച്ച പരാതികള്‍ ഗൗരവമായി കാണുമെന്ന് ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് പറഞ്ഞു.
എറണാകുളം – ഫോര്‍ട്ടുകൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബോട്ടുകള്‍ മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതായി ഡൊമിനിക് പ്രസന്റേഷന് പറഞ്ഞു. കണ്ണൂരില്‍ നിര്‍മാണത്തിലിരിക്കുന്ന ബോട്ട് കൊച്ചിക്കായലിലെ സര്‍വീസിന് അനുവദിക്കുമെന്ന വാഗ്ദാനം നിറവേറ്റണം. എറണാകുളം ജില്ലയ്ക്ക് അനുവദിച്ചിരിക്കുന്ന നൂറ് കെഎസ്ആര്‍ടിസി ബസ്സുകള്‍ എത്തുന്നതോടെ സര്‍വീസ് കാര്യക്ഷമമാകുമെന്ന് ജില്ല ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ പറഞ്ഞു. അതിവേഗ റെയില്‍പ്പാതയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ നീക്കണമെന്നും പാതയ്ക്കായി ഭൂമി സ്ഥിരമായി മരവിപ്പിക്കുന്ന സാഹചര്യമുണ്ടാകരുതെന്നും വികസന സമിതി നിര്‍ദേശിച്ചു.
ലൂഡി ലൂയിസ് എംഎല്‍എ, സബ് കളക്ടര്‍ സ്വാഗത് ഭണ്ഡാരി രണ്‍വീര്‍ചന്ദ്, ജില്ല പ്ലാനിങ് ഓഫീസര്‍ ആര്. ഗിരിജ, മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ പ്രതിനിധി ഐ.എം. അബ്ദുറഹിമാന്, മന്ത്രി കെ. ബാബുവിന്റെ പ്രതിനിധി ബാബു ആന്റണി, മന്ത്രി അനൂപ് ജേക്കബിന്റെ പ്രതിനിധി ഏലിയാസ് മങ്കിടി തുടങ്ങിയവരും വിവിധ വകുപ്പുകളുടെ ജില്ല ഓഫീസര്‍മാരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: