കോട്ടയം: ഒരു യഥാര്‍ത്ഥ ഭാരതീയന്റെ മുഖമായിരുന്നു ആര്‍എസ്എസ് മുന്‍ സര്‍സംഘചാലകായിരുന്ന കെ.എസ്. സുദര്‍ശന്റേതെന്ന് സുപ്രീംകോടതി മുന്‍ ജസ്റ്റിസ് ജസ്റ്റിസ് കെ.ടിതോമസ് അനുസ്മരിച്ചു. ഭാരതീയത്വം എന്നതിനോടുള്ള രാജിയില്ലാത്ത നിലപാടുകളായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നതെന്നും ജസ്റ്റിസ് അനുസ്മരിച്ചു. കോട്ടയത്തു നടന്ന കെ.എസ്. സുദര്‍ശന്‍ജി അനുസ്മരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ മതങ്ങളോടുള്ള ബഹുമാനവും മതങ്ങളേപ്പറ്റിയുള്ള അഗാധപാണ്ഡിത്യവും സുദര്‍ശന്‍ജിയില്‍ പ്രകടമായിരുന്നു. 2003ല്‍ പാലായില്‍ ക്രൈസ്തവ മതാദ്ധ്യക്ഷന്മാരുമായി നടത്തിയ ചര്‍ച്ചാവേളയിലാണ് അദ്ദേഹത്തെ ആദ്യമായി കണ്ടത്. ആദ്യ കാഴ്ചയില്‍തന്നെ ഔന്നിത്യമുള്ള വ്യക്തിത്വമാണദ്ദേഹം എന്നു തിരിച്ചറിയാനായി. അദ്ദേഹത്തിന്റെ വാക്കുകള്‍ കരുതലോടു കൂടിയതും കരുത്തുള്ളതുമായിരുന്നു. അന്നുമുതല്‍ ആരംഭിച്ച സൗഹൃദം അവസാനം വരെ തുടര്‍ന്നു. എല്ലാ വര്‍ഷവും ബൈബിളിലെ പ്രധാനമായ വാചകങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് അയച്ചിരുന്ന ക്രിസ്തുമസ് ആശംസാകാര്‍ഡുകള്‍ സൗഹൃദത്തെ വളര്‍ത്തി. ഏതു മതങ്ങളായാലും അവയെല്ലാം ഭാരതത്തിന്റെ ഭാഗമായിത്തീരണമെന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ഹിന്ദുസ്ഥാന്‍ എന്നുള്ളത് ഒരു സംസ്ക്കാരത്തിന്റെ പേരാണ്. അതിനെ ഒരു മതത്തിന്റെ ഭാഗമായി ചിത്രീകരിച്ചത് രാഷ്ട്രീയക്കാരുടെ വര്‍ഗ്ഗീയ താല്പര്യങ്ങളായിരുന്നു. മുസ്ലീംങ്ങളിലെ വലിയൊരു വിഭാഗത്തിന് ആര്‍എസ്എസില്‍ താല്പര്യമുണ്ടാക്കിയത് അടിയന്തരാവസ്ഥക്കാലത്തെ പ്രവര്‍ത്തനഫലമായിട്ടായിരുന്നു. രാജ്യത്തിനുവേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ കഴിവുള്ളവര്‍ ഇല്ലാതായിട്ടില്ലെന്ന തിരിച്ചറിവാണ് കെ.എസ്. സുദര്‍ശന്‍ജിയുടെ ജീവിതം നല്‍കുന്നതെന്നും ജസ്റ്റിസ് കെ.ടി. തോമസ് കൂട്ടിച്ചേര്‍ത്തു.
സാര്‍ത്ഥകമായ ചിന്തയും നിസ്വാര്‍ത്ഥമായ സേവനവും സരളമായ പ്രവര്‍ത്തനശൈലിയുമായിരുന്നു കെ.എസ്. സുദര്‍ശന്‍ജിയുടെ സവിശേഷതയെന്ന് പ്രൊഫ. ഒ.എം. മാത്യു പറഞ്ഞു. രാഷ്ട്രത്തിന്റെ ആത്മാവിന്റെ പുനരാവിഷ്ക്കാരമാണ് ആര്‍എസ്എസിന്റെ പ്രവര്‍ത്തനം. ആദ്ധ്യാത്മികതയില്‍ അടിസ്ഥാനമാക്കിയുള്ള ഭാരതത്തിന്റെ വളര്‍ച്ചയാണ് സുദര്‍ശന്‍ജി സ്വപ്നം കണ്ടതെന്നും ഒ.എം. മാത്യു പറഞ്ഞു.
അശ്രാന്തമായ പരിശ്രമത്തിലൂടെ ഉയര്‍ന്ന ഉത്തമമായ സ്വയംസേവക മാതൃകയായിരുന്നു സുദര്‍ശന്‍ജിയെന്ന് ആര്‍എസ്എസ് അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. വ്യക്തിജീവിതത്തില്‍ ശുദ്ധത കാത്തുസൂക്ഷിക്കണമെന്ന് അദ്ദേഹം നിഷ്കര്‍ഷിച്ചു. പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടുന്നതിനുവേണ്ടി പഠനങ്ങള്‍ നടത്തുകയും പ്രായോഗിക മാര്‍ഗ്ഗങ്ങള്‍ തേടുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം. ക്രൈസ്തവ മതാദ്ധ്യക്ഷന്മാരുമായി നടത്തിയതുപോലെ മുസ്ലീം മതനേതാക്കളുമായും ചര്‍ച്ചയ്ക്ക് തീയതി നിശ്ചയിക്കുകയും അജണ്ട തീരുമാനിക്കുകയും ചെയ്തിരുന്നതാണ് അദ്ദേഹം. എന്നാല്‍ സ്വാര്ത്ഥതാല്പര്യമുള്ള ചിലര്‍ ആ ചര്‍ച്ചയെ അട്ടിമറിച്ചില്ലായിരുന്നെങ്കില്‍ മാറാട് കൂട്ടക്കൊല ഒഴിവാക്കപ്പെടുമായിരുന്നു എന്നും ജെ. നന്ദകുമാര്‍ പറഞ്ഞു. ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് പി.പി. ഗോപി സ്വാഗതവും ജില്ലാ സമ്പര്‍ക്ക പ്രമുഖ് കെ.എന്‍. സജികുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: