എരുമേലി: അടിയന്തിര പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ട ഗ്രാമപഞ്ചായത്ത് വികസന പദ്ധതിരേഖ ചര്‍ച്ചകള്‍ക്ക് ഭരണസമിതിയുടെ അനാസ്ഥ. അജണ്ട ചെയ്തു തീരുമാനിച്ച ചര്‍ച്ചയില്‍ പ്രസിഡന്റും സെക്രട്ടറിയും പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഭരണ-പ്രതിപക്ഷ അംഗങ്ങളും ചര്‍ച്ചകളില്‍നിന്നും വിട്ടുനിന്നു.
എരുമേലി പഞ്ചായത്തില്‍ ഇന്നലെ ഉച്ചകഴിഞ്ഞാണ് നാടകീയ സംഭവങ്ങള്‍. പദ്ധതിരേഖ ചര്‍ച്ച രാവിലെയും അപേക്ഷകളും പരാതികളും ഉച്ചകഴിഞ്ഞും ചര്‍ച്ച ചെയ്യാനായിരുന്നു ആദ്യത്തെ അജണ്ട. എന്നാല്‍ പദ്ധതിരേഖ ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം വേണമെന്ന് പറഞ്ഞ് ഇതിന്റെ ചര്‍ച്ച ഉച്ചകഴിഞ്ഞുള്ള കമ്മറ്റിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ അപ്രാധാന്യമുള്ള കാര്യം രാവിലെ ചര്‍ച്ച ചെയ്ത് പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ഉച്ചകഴിഞ്ഞുള്ള കമ്മറ്റിയില്‍ പങ്കെടുക്കാതിരുന്നതില്‍ പ്രതിഷേധിച്ച് ഭരണപ്രതിപക്ഷ അംഗങ്ങളും ചര്‍ച്ചകളില്‍ വിട്ടുനിന്നതോടെ വികസനരേഖ എങ്ങുമെത്തിയില്ല. ഭരണസമിതിയുടെ ഭരണമാറ്റത്തിന്റെ പേരില്‍ വികസന പദ്ധതിരേഖകളുടെ ചര്‍ച്ചകളിലും രേഖ രൂപീകരണത്തിലും കടുത്ത അനാസ്ഥയാണ് കാട്ടുന്നതെന്നും ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഒന്നടങ്കം പറയുന്നു. വികസന പദ്ധതി നിര്‍വ്വഹണ ചര്‍ച്ചകള്‍ക്ക് വേണ്ടത്ര ഉത്തരവാദിത്വബോധം പ്രസിഡന്റടക്കമുള്ളവര്‍ കാട്ടുന്നില്ലെന്നാണ് അംഗങ്ങളായ ജോപ്പന് മണ്ഡപത്തിലും എ.ആര്.രാജപ്പന് നായരും പറയുന്നത്. വികസനപദ്ധതി രേഖകള്‍ക്ക് അടിയന്തിര പ്രാധാന്യം നല്കി ചര്‍ച്ച ചെയ്യേണ്ടതിനുപകരം അപേക്ഷ-പരാതി-കത്തുകള്‍ എന്നിവ ചര്‍ച്ച ചെയ്ത് ഉച്ചയൂണിനായി പഞ്ചായത്ത് കമ്മറ്റി പിരിയുകയായിരുന്നുവെന്നും അംഗങ്ങള്‍ പറഞ്ഞു.
പഞ്ചായത്തിലെ പരിചയ സമ്പന്നതയുള്ള ജീവനക്കാരനെ ഒഴിവാക്കി പുതുതായി ജോലിക്കെത്തിയ ഒരു യുഡി ക്ലര്‍ക്കിനെ പണി ഏല്‍പ്പിച്ചവരും, പാതിയിലാക്കിയ പദ്ധതിരേഖ ചര്‍ച്ച ചെയ്യാതെ വിട്ടുനില്‍ക്കുന്നതുമെല്ലാം ഭരണമാറ്റത്തിന്റെ നാടകീയതയാണ് സൂചിപ്പിക്കുന്നതെന്നും അംഗങ്ങള്‍ പറഞ്ഞു. ഭരണമാറ്റം തര്‍ക്കമില്ലാത്ത കാര്യമാണ്. പക്ഷെ എരുമേലി പഞ്ചായത്ത് ഭരണം സുഖകരമല്ലാതെയാണ് പോകുന്നതെന്നും കോണ്‍ഗ്രസ് അംഗമായ എ.ആര്.രാജപ്പന്‍നായര്‍ ജന്മഭൂമിയോട് പറഞ്ഞു.
പദ്ധതി രേഖകളെ സംബന്ധിച്ച് വിശദമായ ചര്‍ച്ചകളൊന്നും കൂടാതെ മുന്നോട്ട് പോയാല്‍ വരാന്‍പോകുന്ന ഭരണസമിതിയെ മാത്രമല്ല എരുമേലിയുടെ വികസനത്തിനു പോലും വന്തിരിച്ചടിയാണുണ്ടാകുക. പദ്ധതിരേഖകളുടെ രൂപീകരണത്തിലെ അനാസ്ഥകളെക്കുറിച്ച് മുമ്പ് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പദ്ധതിരേഖ നിയമമനുസരിച്ചെന്ന്
എരുമേലി: പഞ്ചായത്തിന്റെ വികസനപദ്ധതി രേഖകള്‍ രൂപീകരിച്ച്, ചര്‍ച്ച് ചെയ്ത് തീരുമാനിക്കേണ്ട ഉത്തരവാദിത്വം പഞ്ചായത്തംഗങ്ങള്‍ക്ക് മാത്രമാണ്. ഇതിനു വീഴ്ച വരുത്തുന്നതുകൊണ്ട് പഞ്ചായത്തിലെ ഉദ്യോഗസ്ഥരോട് പഴിചാരാന്‍ കഴിയില്ല. ഇന്നലെ നടന്ന പഞ്ചായത്തുകമ്മറ്റിയില്‍ സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയിട്ടാണ് കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിന് കോട്ടയത്തിന് പോയതെന്നും സെക്രട്ടറി എസ്.സുരേഷ് പറഞ്ഞു. ഭരണതലത്തിലുണ്ടാകുന്ന പ്രതിസന്ധികള്‍ വികസന രേഖ രൂപീകരണത്തെ ഒരിക്കലും ബാധിക്കാറില്ലെന്നും എന്നാല്‍ എരുമേലി പഞ്ചായത്തില്‍ മാത്രം ഇത് തിരിച്ചാണെന്നും സെക്രട്ടറി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: