കൊച്ചി: പെരിയാറിന് കുറുകെ ഏലൂര്‍, കടുങ്ങല്ലൂര്‍ പ്രദേശങ്ങളെ ബന്ധിപ്പിച്ച് നിര്‍മിക്കുന്ന പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. ആരോഗ്യ പ്രശ്നങ്ങളാല്‍ വിശ്രമിക്കുന്ന മുഖ്യമന്ത്രി ടെലഫോണ്‍ മുഖേനയാണ് ഏലൂര്‍, കടുങ്ങല്ലൂര്‍ ഭാഗത്തെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്.
ഇതോടെ പ്രദേശവാസികളുടെ ഏറെനാളായുള്ള പ്രശ്നങ്ങള്‍ക്ക് വിരാമമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏലൂര്‍, മഞ്ഞുമ്മല്‍ പ്രദേശത്തെ ശുദ്ധജലപ്രശ്നങ്ങള്ക്കും കൃഷി ആവശ്യങ്ങള്‍ക്കായുള്ള വെള്ളത്തിന്റെയും ബുദ്ധിമുട്ടുകള്‍ ഇതോടെ പരിഹരിക്കാനാകും. രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റെഗുലേറ്റര്‍ കം ബ്രിഡ്ജ് വരുന്നതോടെ പ്രദേശവാസികളുടെ ശുദ്ധജല ലഭ്യതയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ജലവിഭവ മന്ത്രി പി.ജെ.ജോസഫ് പറഞ്ഞു. ഓരുവെള്ളം കയറി കുടിവെള്ളം മലിനമാകുന്നത് തടയുന്നതിന് പ്രത്യേകം ശ്രദ്ധചെലുത്തും. പദ്ധതി സമയബന്ധിതമായി നടക്കുന്നുണ്ടോ എന്ന് ഓരോ ഘട്ടത്തിലും നിരീക്ഷിക്കും. റെഗുലേറ്റര്‍ കം ബ്രിഡ്ജ് വരുന്നതോടെ ഓരോ വര്‍ഷവും താത്കാലിക ബണ്ട് നിര്‍മിക്കുന്നതിന് വരുന്ന ഏകദേശം 40 ലക്ഷം രൂപയോളം ലാഭിക്കാനാവുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൊച്ചിന് റിഫൈനറിയുടെ ലാഭത്തിന്റെ ഒരു വിഹിതം കൊച്ചിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കിവരുന്നത് നാടിന്റെ വളര്‍ച്ചയ്ക്ക് മുതല്‍കൂട്ടാകുമെന്ന് കേന്ദ്രമന്ത്രി കെ.വി.തോമസ് പറഞ്ഞു. എല്ലാ തടസങ്ങളും നീക്കി പദ്ധതി കൃത്യ സമയത്ത് തന്നെ പൂര്‍ത്തീകരിക്കുമെന്ന് മരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. 60 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 11.05 കോടി രൂപ കൊച്ചിന് റിഫൈനറി നല്കാമെന്നേറ്റിട്ടുണ്ട്. പദ്ധതിക്കായി 54 കോടി രൂപയുടെ സാങ്കേതികാനുമതി നല്‍കിയിട്ടുണ്ടെന്നും ഇബ്രാഹിംകുഞ്ഞ് കൂട്ടിച്ചേര്‍ത്തു.
പദ്ധതിക്കായി 7.50 മീറ്റര്‍ വീതമുള്ള രണ്ടു വരി ഗതാഗത പാലവും 180 മീറ്റര്‍ നീളത്തില്‍ റെഗുലേറ്ററുമാണ് വിഭാവനം ചെയ്തിട്ടുള്ളത്. കൊച്ചിന് റിഫൈനറിയുടെ സഹായത്തിനു പുറമെ നബാര്‍ഡിന്റെ സഹായത്തോടുകൂടിയാണ് പദ്ധതി നടപ്പാക്കുക. അപ്രോച്ച് റോഡിന്റെ ആവശ്യങ്ങള്‍ക്കായി പാതാളം ഭാഗത്ത് 153 മീറ്റര്‍ നീളത്തിലും 10.5 മീറ്റര്‍ വീതിയിലും കടുങ്ങല്ലൂര്‍ ഭാഗത്ത് 446 മീറ്റര്‍ നീളവും 10.5 മീറ്റര്‍ വിതിയുമുള്ള കാനയോടുകൂടിയ റോഡും നിര്‍മിക്കും. ഇതിലേക്കായി പാതാളം ഭാഗത്ത് പുറമ്പോക്ക് ഭൂമിക്ക് പുറമെ 25 സെന്റോളം ഭൂമി മാത്രമാണ് ഏറ്റെടുക്കേണ്ടി വരിക. കൂടാതെ പാതാളം ഭാഗത്തുള്ള വീട്ടുകാരുടെ യാത്രാബുദ്ധിമുട്ട് പരിഗണിച്ച് ഇവര്‍ക്കായി സര്‍വീസ് റോഡും നിര്‍മിക്കും. പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇതിനോടനം ആരംഭിച്ചിട്ടുണ്ട്.
ചടങ്ങില്‍ കെ.പി.ധനപാലന് എം.പി, ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത്, മധ്യമേഖല ജലസേചന വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ജോര്‍ജ്ജ് ജോസഫ്, കടുങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ജിന്നാസ്, മെക്കാനിക്കല്‍ ചീഫ് എഞ്ചിനീയര്‍ കെ.എം.ഇസ്മായില്‍, ജില്ലാ പഞ്ചായത്ത് മെംബര്‍മാര്‍, വിവിധ തദ്ദേശ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: