സംസ്ഥാനത്ത് ഒരു മണിക്കൂര്‍ വൈദ്യുതി നിയന്ത്രണം നിലവില്‍ വന്നിരിക്കുകയാണ്. രാവിലെയും വൈകിട്ടും അരമണിക്കൂര്‍ വീതമാണ് നിയന്ത്രണം. ഗാര്‍ഹിക ഉപഭോഗം 200 യൂണിറ്റിന് മുകളില്‍ എത്തിയാല്‍ യഥാര്‍ത്ഥ വിലയും നല്‍കേണ്ടി വരും. വ്യവസായ വാണിജ്യ ഉപഭോക്താക്കള്‍ക്ക് പവര്‍ക്കട്ട് 25 ശതമാനമാണ്. സംസ്ഥാനം രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഇത് അനിവാര്യമാണെന്ന് വൈദ്യുതി മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്ഷെഡിംഗ്-പ്രത്യേകിച്ച് ഗ്രാമീണ മേഖലയില്‍ ഉണ്ടായിരുന്നു. കേന്ദ്രത്തില്‍നിന്നും വൈദ്യുതി ലഭിക്കാന്‍ സാധ്യതയില്ല. കാലവര്‍ഷത്തില്‍ വന്ന കുറവ് കാരണം സംസ്ഥാനത്തെ അണക്കെട്ടുകളില്‍ 45 ദിവസത്തേക്കുള്ള വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുളള 42.59 ശതമാനം വെള്ളം മാത്രമേ ഉള്ളൂ. കഴിഞ്ഞ വര്‍ഷത്തെ ജലലഭ്യതയുടെ നേര്‍പകുതി. ഇവിടെ ആഭ്യന്തര ഉല്‍പ്പാദനം ദിനംപ്രതി 30 ദശലക്ഷത്തില്‍ താഴെയാണ്. വൈദ്യുതി ഉപയോഗം ക്രമാതീതമായി വര്‍ധിച്ചതും സ്ഥിതി വഷളാക്കി. കേന്ദ്രത്തില്‍നിന്നും വൈദ്യുതി കൊണ്ടുവരുന്ന സതേണ്‍ ഗ്രിഡില്‍ നിയന്ത്രണം വന്നതോടെ സംസ്ഥാനത്തിന് ലഭിക്കേണ്ട വൈദ്യുതിയില്‍ 170 മുതല്‍ 200 മെഗാ വാട്ട് വരെ കുറവുണ്ടായി. ഇപ്പോഴത്തെ നിയന്ത്രണം നവംബര്‍ 30 വരെ മാത്രമായിരിക്കും എന്ന പ്രഖ്യാപനം തുലാവര്‍ഷത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ബോര്‍ഡില്‍ സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമാണത്രെ.
പുറത്തുനിന്നും വൈദ്യുതി വാങ്ങുന്നതിനാല്‍ ഭീമമായ നഷ്ടമാണ് അനുഭവിക്കേണ്ടിവരുന്നത്. കായംകുളം വൈദ്യുതിയ്ക്ക് ഒരു യൂണിറ്റിന് 12.18 രൂപയും പുറത്തുനിന്നും യൂണിറ്റിന് എട്ടു രൂപയ്ക്ക് വൈദ്യുതി വാങ്ങുമ്പോള്‍ ഒരുമാസം 330 കോടി രൂപയാണ് ചെലവ് വരുന്നത്. കേരളത്തില്‍ ഇടുക്കി ജലവൈദ്യുത പദ്ധതികള്‍ക്ക് ശേഷം ഒരു ജലവൈദ്യുത പദ്ധതിയും സ്ഥാപിക്കാനാകാതിരുന്നത് പരിസ്ഥിതി ആഘാതം ഭയന്ന് കേന്ദ്രം അനുമതി നിഷേധിച്ചതിനാലാണ്.
വ്യാജപ്രചാരണം കാരണം മുല്ലപ്പെരിയാല്‍ അണക്കെട്ട് പൊട്ടിയാല്‍ ഒഴുകി വരുന്ന ജലം ശേഖരിക്കാന്‍ ഇടുക്കിയിലെ ജലം കൂടുതല്‍ ഉപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചതും ഡാം ലെവല്‍ താഴാന്‍ കാരണമായി. ഇടുക്കി ജലനിരപ്പ് പരമാവധി സംഭരണശേഷിയോടടുത്തപ്പോഴാണ് ഈ മണ്ടത്തരം വൈദ്യുതി വകുപ്പ് ചെയ്തത്. കാലവര്‍ഷം കുറഞ്ഞതും സംഭരിച്ച വെള്ളം ഒഴുക്കി കളഞ്ഞതും എനര്‍ജി മാനേജ്മെന്റ് സംവിധാനം അട്ടിമറിക്കപ്പെടാന്‍ വഴിയൊരുക്കി. കേരളത്തില്‍ ജപ്പാന് മാതൃകയില്‍ ചെറുകിട ജലസേചന പദ്ധതികള്‍ സ്ഥാപിക്കണമെന്നുള്ള നിര്‍ദ്ദേശം അവഗണിക്കപ്പെട്ടു. പരമ്പരാഗത ഊര്‍ജ്ജ സ്രോതസ്സുകളുടെ സാധ്യതയും പരീക്ഷിക്കപ്പെട്ടില്ല. കാറ്റാടി വൈദ്യുതി, സൗരോര്‍ജ്ജം മുതലായവയും അവഗണിക്കപ്പെട്ട് കേരളം കേന്ദ്രസഹായത്തിനുവേണ്ടി കേണുകൊണ്ടിരിക്കുകയായിരുന്നു ചെയ്തത്.
എമെര്‍ജിംഗ് കേരള നിക്ഷേപ സംഗമത്തിന്റെ ഭാഗമായി സൗരോര്‍ജ്ജത്തില്‍നിന്നും 330 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതിയ്ക്ക് കൊറിയന്‍ കമ്പനിയുമായി ധാരണയിലെത്തിയിട്ടുണ്ട്. കൊറിയന്‍ കമ്പനിയായ ഹാങ്ങോക്ക് എനര്‍ജി ആന്‍ഡ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡുമായാണ് സൗരോര്ജ്ജോല്പ്പാദനത്തിനും ധാരണയായത്. 330 മെഗാവാട്ടില്‍ ആദ്യത്തെ 30 മെഗാവാട്ട് ആറുമാസത്തിനുള്ളില്‍ വിതരണം ചെയ്യാന്‍ സാധ്യമാകുമെന്നാണ് പ്രതീക്ഷ. പാലക്കാട് ഇത് ആറുമാസത്തിനുള്ളില്‍ വിതരണം ചെയ്യാന്‍ സാധ്യമാകുമെന്നാണ് കണക്കുകൂട്ടല്‍. പാലക്കാട് ഇത് ആറുമാസത്തിനുള്ളില്‍ നിലവില്‍ വരും. യൂണിറ്റൊന്നിന് 3.25 രൂപ വിലയാണ്. കമ്പനി നിര്‍ദ്ദേശം ഈ ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കുന്നത് അല്‍പ്പം ആശ്വാസകരമാണ്. അതോടൊപ്പം ജനങ്ങളും സോളാര്‍ പാനലുകളും മറ്റും സ്ഥാപിച്ച് സൗരോര്‍ജ്ജം ഉപയോഗിക്കാനുള്ള ശ്രമം തുടങ്ങേണ്ട സന്ദര്‍ഭം കൂടിയാണിത്. കായംകുളം, ബ്രഹ്മപുരം നിലയങ്ങളുടെ ശേഷി ഉയര്‍ത്തുക, പാരമ്പര്യ ഊര്‍ജ്ജ സ്രോതസ്സുകള്‍ ഉപയോഗിക്കാന്‍ തയ്യാറാകുക-ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധി തരണം ചെയ്യാനുള്ള ഉപാധി. കാരണം കാലാവസ്ഥാവ്യതിയാനം മണ്‍സൂണ്‍ പ്രതിഭാസത്തെ കാര്യമായി ബാധിക്കും എന്ന വസ്തുത നാം തിരിച്ചറിഞ്ഞുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: