ഓരോരുത്തരുടെയും പൂര്വസംസ്കാരത്തെ ആശ്രയിച്ചാണ് പുതിയ ജന്മം ലഭിക്കുന്നത്. പൂര്‍വസംസ്കാരം കൊണ്ട് മനുഷ്യജന്മം കിട്ടി. വീണ്ടും സത്കര്‍മങ്ങള്‍ അനുഷ്ഠിച്ച് ശുദ്ധമായ ജീവിതം നയിച്ചാല്‍ അവന് ഈശ്വരനായിത്തീരാം. എന്നാല്‍ മനുഷ്യജന്മം ലഭിച്ചിട്ടും വീണ്ടും മൃഗതുല്യം ജീവിതം നയിക്കുകയാണെങ്കില്‍ അധോയോനികളിലായിരിക്കും പിന്നീട് ജനിക്കേണ്ടി വരുക.
നമ്മുടെ ശരീരത്തിന് ചുറ്റും ഒരു ഓറയുണ്ട്. ടേപ്പില്‍ സംഭാഷണങ്ങളും പാട്ടുകളും എങ്ങനെ പിടിച്ചെടുക്കുന്നവോ അതുപോലെ ഇത് നമ്മുടെ ഓരോ ചിന്തകളും പ്രവൃത്തികളും ടേപ്പു ചെയ്യുന്നുണ്ട്. ഓരോന്നിനും പ്രത്യേക ഭാഗങ്ങളുണ്ട്. സത്കര്‍മങ്ങള്‍ ചെ യ്താല്‍ അരയ്ക്ക് മുകളിലോട്ടുള്ള ഭാഗവും ദുഷ്കര്‍മങ്ങള്‍ ചെയ്താല്‍ അരയ്ക്ക് കീഴ്പ്പോട്ടുള്ള ഭാഗവും പിടിച്ചെടുക്കും. സത്കര്‍മങ്ങളാണ് കൂടുതല്‍ ചെയ്തിട്ടുള്ളതെങ്കില് മരിച്ച് കഴിയുമ്പോള്‍ ഉയര്‍ന്ന തലത്തിലെത്തും.പിതൃലോകത്തിലെത്തും. അല്ലെങ്കില്‍ ചെയ്തിട്ടുള്ള കര്‍മങ്ങളുടെ പരിധിക്കനുസരിച്ചുള്ള ജന്മം കിട്ടും. എന്നാല്‍ ചീത്ത കര്‍മങ്ങളാണ് കൂടുതല്‍ ചെയ്തിട്ടുള്ളതെങ്കില് ഓറ താഴേക്ക് വീണ്, കൃമികീടങ്ങള്‍ക്കും മറ്റും ആഹാരമായി പക്ഷിമൃഗാദികളായി വീണ്ടും ജന്മമെടുക്കും.
സാധന ചെയ്ത് മനസ്സ് സൂക്ഷ്മമായാല്‍ കഴിഞ്ഞ ജന്മത്തിലെ പ്രവൃത്തികള്‍പോലും അറിയാറാകും. മുജ്ജന്മകര്‍മഫലം എന്ന് പറയുമ്പോള്‍, ഈ ജന്മത്തില്ത്തന്നെ അറിയാതെ ചെയ്തകര്മത്തിന്റെ ഫലവും ഉള്‍പ്പെടും. മുജ്ജന്മമായാലും ഈ ജന്മമായാലും ചെയ്ത കര്‍മങ്ങളുടെ ഫലമാണ് ഇന്നനുഭവിക്കുന്ന സുഖവും ദുഃഖവും. കര്‍മം ശ്രദ്ധാപൂര്‍വം ബുദ്ധിപൂര്‍വം വേണ്ടരീതിയില്‍ ചെയ്യുകയാണെങ്കില്‍, സംതൃപ്തമായ ജീവിതം നയിക്കാം. ആനന്ദത്തിന്റെ സന്താനങ്ങളായിത്തീരാം.
കള്ളം പറഞ്ഞാല്‍ കണ്ണ് പൊട്ടും എന്ന് കുട്ടികളോട് പറയുന്നമ്പോള്‍ കുട്ടിക്ക് കള്ളം പറയാനുള്ള പ്രവണത ഇല്ലതാകും. അങ്ങനെ കുട്ടിയെ കള്ളം പറയുന്ന ശീലത്തില്‍നിന്ന് തിരുത്താന്‍ കഴിയും. ഈ ശീലങ്ങളൊക്കെ മനുഷ്യരില്‍ നല്ല ഗുണങ്ങള്‍ വളര്‍ത്തുവാന്‍വേണ്ടി നമ്മുടെ പൂര്‍വികര്‍ നടപ്പിലാക്കിയിട്ടുള്ളതാണ്. ഇതുപോലെയാണ് അന്യരുടെ കാലില്‍ തട്ടിയാല്‍ തൊട്ടുവന്ദിക്കണമെന്ന് പറയുന്നത്. വിനയം വളര്‍ത്തുവാനാണ് ഇത് ചെയ്യുന്നത്. ഇത് ശീലമാക്കിയ ഒരാള്‍ ദേഷ്യം വന്നാല്ക്കൂടി മറ്റൊരാളെ ചവിട്ടാന്‍ തയ്യാറാകില്ല.
മാതാഅമൃതാനന്ദമയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: