പെരുമ്പാവൂര്‍: കാല്‍ലക്ഷം രൂപയുടെ ബ്രൗണ്‍ ഷുഗറുമായി പ്ലൈവുഡ് കമ്പനി തൊഴിലാളികളായ മൂന്ന് പശ്ചിമബംഗാള്‍ സ്വദേശികള്‍ പെരുമ്പാവൂരില്‍ പോലീസിന്റെ പിടിയിലായി. പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശികളായ ലിഖായതിന്റെ മകന് സിദ്ദിഖ് മണ്ഡല് (20), മൊല്ലയുടെ മകന് മിലന് മൊല്ല (20), സുലൈമാന്‍ ഷെയ്ഖിന്റെ മകന് ലാലം ഷെയ്ഖ് (22) എന്നിവരെയാണ് എസ്ഐ ഹണി കെ.ദാസും സംഘവും പിടികൂടിയത്. പ്രതികള്‍ സൗത്ത് വല്ലം റോഡിലുള്ള ജെജെ പ്ലൈവുഡ് എന്ന സ്ഥാപനത്തിന് സമീപത്തുനിന്ന് ബ്രൗണ്‍ഷുഗര്‍ വില്‍പ്പന നടത്തുന്നുവെന്ന് ഡിവൈഎസ്പി കെ.ഹരികൃഷ്ണന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.
പൊതുവിപണിയില്‍ ഒരു കിലോയ്ക്ക് ഒരുകോടി രൂപ വിലവരുന്ന രണ്ടരഗ്രാം ബ്രൗണ്‍ഷുഗര്‍ പ്രതികളുടെ കൈയില്‍നിന്നും പോലീസിന് ലഭിച്ചു. ഇത് ചെറിയ പൊതികളാക്കിയാണ് ഇവര്‍ കച്ചവടം നടത്തിയിരുന്നത്. ഒരു പൊതിക്ക് ആയിരം രൂപയാണ് ഈടാക്കിയിരുന്നതെന്നും പോലീസ് പറഞ്ഞു. പശ്ചിമബംഗാള്‍ അടക്കമുള്ള വടക്കന്‍ സംസ്ഥാനങ്ങളില്‍നിന്നും മിലന് മൊല്ലയാണ് പെരുമ്പാവൂരില്‍ ബ്രൗണ്‍ഷുഗര്‍ എത്തിച്ച് നല്‍കുന്നത്. സിദ്ദിഖ്, ലാലം ഷെയ്ഖ് എന്നിവര്‍ വല്ലത്തുള്ള ജെജെ പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളികളാണ്.
ഇത്രയും വിലയേറിയ ബ്രൗണ്‍ഷുഗര്‍ വില്‍ക്കുന്നതിന് പ്ലൈവുഡ് കമ്പനിയുടെ മുതലാളിമാരുടെ പങ്കുണ്ടോ എന്നും അന്വേഷണം നടത്തുമെന്നും എസ്ഐ പത്രസമ്മേളനത്തില്‍ പറഞ്ഞു. എസ്ഐ റെജി, എഎസ്ഐ കുര്യാക്കോസ്, സീനിയര്‍ സിപിഒമാരായ ഇബ്രാഹിം ഷുക്കൂര്‍, ബദര്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: