പ്രശസ്ത കഥകളികലാകാരനും, ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തിലെ അദ്ധ്യാപകനുമായ കലാനിലയം ഗോപിയാശാന് നാല്പതോളം വര്‍ഷങ്ങളായി നടനമികവോടെ അരങ്ങിനെ അലങ്കരിച്ചുകൊണ്ടിരിക്കുന്നു. സമാദരണത്തിന്റെ നിറവില്‍ നില്ക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ആശാനെ, കലാസ്നേഹവും അനുഭവസമ്പത്തുമുള്ള മുതിര്‍ന്ന ആസ്വാദകരുടെ പൂര്‍ണ്ണസഹകരണത്തോടെ, ആദരിക്കുകയാണ്.
കലാകാരന് നാടിന്റെ ആവേശവും, ചൈതന്യവും, സ്വത്തുമാണല്ലോ. അഭ്യാസമികവിന്റെ തേജസ്സും, വിവേകത്തിന്റെ ദാര്‍ഢ്യവും, അര്‍പ്പണബുദ്ധിയുടെ സംതൃപ്തിയും, വിനയത്തിന്റെ ചാരുതയും ഒത്തിണങ്ങിയ ഗോപിയാശാന് നിശ്ചയമായും സമാദരണീയനാണ്. 2004 ല്‍ കഥകളിയിലെ സമഗ്രസംഭാവനയെ മാനിച്ച് കേരളകലാമണ്ഡലം അദ്ദേഹത്തെ ആദരിച്ചു.
ഗോപിയാശാനെപ്പോലൊരു ഗുരുവില്‍ നിന്ന് പഠിക്കുവാന്‍ അനവധിയുണ്ട്. കഥകളിയിലെ ബുദ്ധിമുട്ടുള്ള സങ്കേതങ്ങള്‍ പോലും ലളിതമായി പകര്‍ന്നു തന്ന് പരിശീലിപ്പിച്ചുറപ്പിക്കുന്ന രീതീക്ക് പുറമേ, ആശാന്റെ അരങ്ങവതരണത്തില്‍ നിന്നും മനസ്സിലാക്കാനുള്ളതും കുറച്ചല്ല. അണിയറയിലെ പെരുമാറ്റം മുതല്‍ പാത്രാവിഷ്കരണത്തിലെ സൂക്ഷ്മത വരെയുള്ള ഒരു കലാകാരന്റെ സവിശേഷതകള്‍ ഗോപിയാശാനെ വത്യസ്തനാക്കുന്നു.
തികഞ്ഞ ഭക്തന്‍കൂടിയായ ഗോപിയാശാന്, ക്ലാസ്സിക്കല്‍ കലകളുടെ അവതരണ വേദിയായ കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിലെ അവിഭാജ്യഘടകമാണ്. ഉത്സവത്തിന് വലിയവിളക്ക് നാളില്‍ നടത്തുന്ന ശ്രീരാമപട്ടാഭിഷേകം കഥകളി 100 വര്‍ഷത്തോളമായി ഇവിടെ അവതരിപ്പിച്ചു വരുന്നതായി പറയപ്പെടുന്നു. പട്ടാഭിഷേകം കഥകളിക്ക് കൂടല്‍മാണിക്യം ക്ഷേത്രപ്രതിഷ്ഠയുമായി അടുത്ത ബന്ധമുണ്ട്. 14 വര്‍ഷത്തെ വനവാസം കഴിഞ്ഞ് ശ്രീരാമാദികളുടെ വരവ് പ്രതീക്ഷിച്ചിരിക്കുന്ന ഭരതന് അവരെക്കാണാഞ്ഞ് അഗ്നിപ്രവേശനത്തിനൊരുങ്ങവെ, ഹനുമാനില്‍ നിന്ന് ശ്രീരാമന്റെ ആഗമനവൃത്താന്തമറിഞ്ഞ് സന്തുഷ്ടചിത്തനായിരിക്കുന്ന ഭരതനാണ് കൂടല്‍മാണിക്യസ്വാമിയുടെ പ്രതിഷ്ഠാസങ്കല്പം. പട്ടാഭിഷേകം കഥകളിയില്‍ ഹനുമാനായി 18 വര്‍ഷമായി അരങ്ങത്ത് വരുന്നത് ഗോപിയാശാനാണ്. ആശാന്റെ വേഷം കൂടല്‍മാണിക്യസ്വാമിയെ പ്രസന്നചിത്തനാക്കുന്നു എന്നതില്‍ സംശയിക്കാനില്ല.
വീരരസത്തിന്റെ ചിട്ടയും സ്ഥായിയും അണുമാത്രം തെറ്റാതെ ദുര്യോധനനും, രാവണനും, ചെറിയനരകാസുരനും, കീചകനും, ശൂര്പ്പകനും ഗോപിയാശാനില്‍ ഭദ്രം. അനുജനോടുള്ള വാത്സല്യം ഒളിപ്പിച്ചുകളിപ്പിക്കുന്ന കല്യാണസൗഗന്ധികത്തിലെ ഹനുമാനും, കുശലവന്മാരോട് ഹൃദ്യമായ നര്‍മ്മവും സീതയോട് ഭക്തിസഹതാപങ്ങളും വഴിഞ്ഞൊഴുകുന്ന ലവണാസുരവധത്തിലെ ഹനുമാനും, തന്റെ സ്വാമിയുടെ സന്ദേശം വഹിക്കുന്ന തോരണയുദ്ധത്തിലെ വീരഹനുമാനും ആശാന് അനവദ്യസുന്ദരമാക്കുന്നു. കിരാതത്തിലെ കാട്ടാളനും, നളചരിതത്തിലെ ഹംസവും സുദേവനും, സന്താനഗോപാലത്തിലെ ബ്രാഹ്മണനും, സുഭദ്രാഹരണത്തിലെ ബലരാമനും, ദക്ഷയാഗത്തിലെ ദക്ഷനും, രുഗ്മിണീസ്വയംവരത്തിലെ സുന്ദരബ്രാഹ്മണനും, നരകാസുരവധത്തിലെ നക്രതുണ്ഡിയും ഗോപിയാശാനു നന്നായി വഴങ്ങും. തന്റെ ഗുരുവായ പത്മഭൂഷണ്‍ രാമന്കുട്ടിനായരാശാന് രൂപപ്പെടുത്തിയ സീതാസ്വയംവരത്തിലെ പരശുരാമന് ആശാന് ഏറെ ഇഷ്ടപ്പെടുന്ന വേഷമാണ്.
ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ സുപ്രസിദ്ധമായ വന്ദേമാതരത്തിന് കഥകളിഭാഷ രൂപപ്പെടുത്തിയത് ഗോപിയാശാനാണ്. ദൈവവും, പ്രകൃതിയും, മനുഷ്യനും ഒന്നിക്കുന്നു എന്ന ആശയമാണ് വൈവിധ്യമാര്‍ന്ന ഈ മൂന്നു വേഷങ്ങളിലൂടെ സൂചിപ്പിക്കുന്നത്. കഥകളിയിലെ സങ്കേതങ്ങളായ കലാശങ്ങള്‍, അഷ്ടകലാശം തുടങ്ങിയവ കോര്‍ത്തിണക്കി, നയനമനോഹരവും അതിലുപരി ദേശഭക്തിയും വിന്യസിക്കുന്ന ദൃശ്യചാരുതയാണ് ആസ്വാദകസമക്ഷം സമര്‍പ്പിച്ചിരിക്കുന്നത്. അരമണിക്കൂറോളം വരുന്ന രംഗക്രിയകള്‍ക്ക് ചെമ്പട, ചമ്പ എന്നീ താളങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.
ഗീതാഗോവിന്ദരുടെ അഷ്ടപതി ഗോപിയാശാന് അഷ്ടപതിയാട്ടമായി അവതരിപ്പിച്ചതിലൂടെ ആസ്വാദകര്‍ക്കും അവതാരകര്‍ക്കും നൂതനതലങ്ങളിലേക്ക് ചിന്തിക്കാനുള്ള കവാടമാണ് തുറന്ന് കിട്ടിയത്. ഒരുമണിക്കൂറോളം വരുന്ന ഈ ആശയാവിഷ്കാരത്തില്‍ കൃഷ്ണനും, രാധയും, ഒരു പുരുഷവേഷവുമാണ് രംഗത്ത് വരുന്നത്. ഈ പുരുഷവേഷം പല പല കഥാപാത്രങ്ങളായി പകര്‍ന്നാടി ആസ്വാദകര്‍ക്ക് നിസ്സീമമായ രസത്തെ പ്രദാനം ചെയ്യുന്നു.
ജയദ്രഥചരിതം എന്ന ആട്ടക്കഥയുടെ (മഹാഭാരതത്തിലെ വനപര്‍വ്വത്തില്‍ നിന്നെടുത്തത്) രംഗപാഠമൊരുക്കുകയും, ജയദ്രഥന് എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത ഗോപിയാശാന്, ത്രിപുട മേളത്തിന്റെ സൗന്ദര്യത്തേയും, വീരസ്ഥായിയുടെ ഉജ്ജ്വലതയേയും, പതിഞ്ഞകാലം മുതല്‍ ദ്രുതകാലം വരെയുള്ള നടന്റെ ശരീരഭാഷയേയും, രസാഭിനയത്തിന്റെ മനോഹാരിതയേയും കാഴ്ചവച്ചതിയൂടെ ആസ്വാദകവൃന്ദത്തിന്റെ പ്രശംസക്ക് പാത്രീഭവിച്ചു.
വിനോദ് വാരിയര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: