ആലുവ: കഴിഞ്ഞ ജൂലൈ 30ന് അഞ്ച് കിലോ കഞ്ചാവ് കെഎല്‍-38-5742 എന്ന നമ്പറുള്ള മോട്ടോര്‍ സൈക്കിളില്‍ കടത്തിക്കൊണ്ടുവന്ന കേസില്‍ രണ്ടുപേരെക്കൂടി എക്സൈസ് അറസ്റ്റ് ചെയ്തു. അടിമാലി മേലേചിന്നാറില്‍ പാറയില്‍ ജോച്ചന് മൈക്കിള്‍, മേലേചിന്നാര്‍ പാലമൂട്ടില്‍ ബിനു എന്നിവരാണ് അറസ്റ്റിലായത്. അഞ്ച് കിലോ കഞ്ചാവുമായി വന്ന മൂവാറ്റുപുഴ തെക്കുംമല കരയില്‍ വള്ളൂര്‍ വീട്ടില്‍ ബിജോ ജോസഫിനെയും തൊടുപുഴ ഇളംദേശം കരയില്‍ കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ ജിജോയെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബിജോ ജോസഫിനേയും ജിജോയേയും എക്സൈസ് കസ്റ്റഡിയില്‍ വാങ്ങി നടത്തിയ അന്വേഷണത്തിലാണ് ജോച്ചന് മൈക്കിളും ബിനുവും ഈ കേസില്‍ ഉള്‍പ്പെട്ടതായി വിവരം ലഭിച്ചത്.
ആന്ധ്രയില്‍നിന്നും കഞ്ചാവ് ട്രെയിന്‍ വഴി കൊണ്ടുവന്ന് ഇടുക്കിക്ക് കൊണ്ടുപോയി ഇടുക്കി കഞ്ചാവ് എന്ന പേരില്‍ വില്‍പ്പന നടത്തിവരികയായിരുന്നു ജോച്ചനും ബിനുവും. ജോച്ചന്റെ ഉടമസ്ഥതയിലും കൈവശത്തിലുമുള്ള കെഎല്‍-6ഇ-3456 എന്ന രജിസ്ട്രേഷന് നമ്പറിലുള്ള ആള്‍ട്ടോ കാറിലാണ് വണ്ണപ്പുറത്തുവച്ച് ബിജോ ജോസഫിനും ജിജോക്കും കഞ്ചാവ് കൈമാറിയത്. കഞ്ചാവ് കടത്തുവാന്‍ ഉപയോഗിച്ച കാര്‍ എറണാകുളം എക്സൈസ് സ്പെഷ്യല്‍സ്ക്വാഡ് സിഐ കെ.കെ.അനില്‍കുമാറും സംഘവും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തു. എറണാകുളം അസി.എക്സൈസ് കമ്മീഷണര്‍ എം.ജെ.ജോസഫിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ.അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: