മട്ടാഞ്ചേരി: ശ്രീനാരായണ ഗുരുദേവന് നിത്യപൂജയൊരുക്കി പശ്ചിമകൊച്ചിയിലെ ആദ്യ ഗുരുദേവ ക്ഷേത്രപ്രതിഷ്ഠ നടന്നു. കരുവേലിപ്പടി ചക്കനാട് ശ്രീ മഹേശ്വരി ക്ഷേത്രാങ്കണത്തിലാണ് ഗുരുദേവ നിത്യപൂജക്ഷേത്രം. കന്നിമാസ പ്രഥമ പ്രഭാതത്തില്‍ രാവിലെ 8ന് ഭക്തജനകണ്ഠങ്ങളില്നിന്ന് ഉയര്‍ന്ന ഓംകാരവും ഗുരുമന്ത്രവും വാദ്യഘോഷങ്ങളുമുയര്ന്ന മുഹൂര്‍ത്തത്തില്‍ സന്യാസിവര്യന്റെ സാന്നിധ്യത്തിലാണ് ഗുരുദേവവിഗ്രഹ പ്രതിഷ്ഠ നടന്നത്. ചെങ്ങന്നൂര്‍ കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധര്മ്മമഠാധിപതി ശിവബോധാനന്ദ സ്വാമികളുടെ സാന്നിധ്യത്തില്‍ ക്ഷേത്രംതന്ത്രി അയ്യമ്പിള്ളി ധര്മ്മന് തന്ത്രികളാണ് വിഗ്രഹപ്രതിഷ്ഠയും പാദുക പ്രതിഷ്ഠയും നടത്തിയത്. തുടര്‍ന്ന് ഭദ്രദീപം തെളിയിക്കല്‍, കലശാഭിഷേകം, വിശേഷാല്‍ ഗുരുപൂജ എന്നിവ നടന്നു.
ക്ഷേത്രാങ്കണത്തില്‍ ഗുരുപ്രതിമകള്‍ സ്ഥാപിക്കുന്നതില്‍നിന്നും വേറിട്ട് കൊണ്ടുള്ളതാണ് ഗുരുദേവ നിത്യപൂജ. ക്ഷേത്രസങ്കല്‍പ്പം കൊച്ചി യൂണിയന് എസ്എന്‍ഡിപി യോഗം ചക്കനാട് ശാഖയാണ് മഹേശ്വരി ക്ഷേത്രാങ്കണത്തില്‍ ഗുരുദേവ നിത്യപൂജാ ക്ഷേത്രം നിര്‍മ്മിച്ചത്. ഗുരുദേവ പഞ്ചലോഹ പാദുക പ്രതിഷ്ഠയോടെയുള്ള ഗര്‍ഭഗൃഹം, പ്രാര്‍ത്ഥനാലയം എന്നിവയടങ്ങുന്ന ക്ഷേത്രസമുച്ചയ നിര്‍മ്മാണത്തിന് 14 ലക്ഷത്തോളം രൂപ ചെലവായതായി ക്ഷേത്രനിര്‍മ്മാണത്തിന് നേതൃത്വം നല്കിയ ശാഖാ അഡ്മിനിസ്ട്രേറ്റര്‍ പി.കെ.ബാബു, ക്ഷേത്രഭരണസമിതിയംഗം കെ.പി.ബോസ് എന്നിവര്‍ പറഞ്ഞു. ക്ഷേത്രത്തിലേക്കുള്ള പഞ്ചലോഹ ഗുരുദേവവിഗ്രഹം കൊച്ചി യൂണിയന് പ്രസിഡന്റ് എ.കെ.സന്തോഷാണ് നല്‍കിയിരിക്കുന്നത്. ശ്രീനാരായണ ഗുരുദേവ വിഗ്രഹപ്രതിഷ്ഠയും പാദുക പ്രതിഷ്ഠയും നടത്തിയ നിത്യപൂജാ ക്ഷേത്രത്തില്‍ ഗുരുദേവന് രചിച്ച ശാന്തിഹോമ മന്ത്രത്താല്‍ രാവിലെ പാദുക പൂജയും ശാന്തിഹോമവും വൈകിട്ട് ദീപാരാധനയും നടക്കുമെന്ന് ക്ഷേത്രം മേല്‍ശാന്തി കെ.എസ്.സതീശ് പറഞ്ഞു. ക്ഷേത്രപ്രതിഷ്ഠയ്ക്കുശേഷം നടന്ന ചടങ്ങില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ക്ഷേത്രസമര്‍പ്പണം നടത്തി. എ.കെ.സന്തോഷ് അധ്യക്ഷത വഹിച്ചു. യോഗം ദേവസ്വം സെക്രട്ടറി അഴയ്ക്കല് സന്തോഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ശിവബോധാനന്ദസ്വാമി അനുഗ്രഹപ്രഭാഷണം നടത്തി. യോഗം കൗണ്‍സില്‍ അംഗം ഇ.കെ.മുരളീധരന് മാസ്റ്റര്‍, സി.പി.കിഷോര്‍, നഗരസഭാംഗം വി.എസ്.പ്രകാശന്, വനിതാസംഘം പ്രസിഡന്റ് പ്രഭാവതി തങ്കപ്പന്, സെക്രട്ടറി സീന സത്യശീലന്, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ഷൈന്‍ കുട്ടുങ്കല്‍, സെക്രട്ടറി സുധീര്‍, വി.കെ.ശശിധരന്, അഡ്വ. കെ.പി.മണിലാല്‍, സുഭദ്രാ ടീച്ചര്‍, ആര്.സന്തോഷ്, സി.രവീന്ദ്രന്, എം.കെ.അശോകന്, കെ.ആര്.ചന്ദ്രന്, ബാബു വിജയാനന്ദ്, പ്രഭാകരന്, പി.കെ.ബാബു, ചന്ദ്രബോസ് എന്നിവര്‍ സംസാരിച്ചു. ചക്കനാട്ടമ്മ മാതൃപൂജാസ്തവം പുസ്തകം അയ്യമ്പിള്ളി ധര്മ്മന് തന്ത്രി എ.കെ.സന്തോഷിന് നല്കി പ്രകാശനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: