മട്ടാഞ്ചേരി: ഇന്ധന വിലവര്‍ധനവിന്റെ ഇരുട്ടടിക്ക് പിന്നാലെ കടല്‍മാക്രി ആക്രമണം മത്സ്യബന്ധനമേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ഡീസല്‍, ഐസ് വിലവര്‍ധനവിന്റെ ആശങ്ക വിട്ടുമാറും മുമ്പേയാണ് കൊച്ചി തീരദേശത്ത് മത്സ്യബന്ധന വലകളെ നശിപ്പിച്ചുകൊണ്ട് കടല്‍മാക്രി ആക്രമണം വ്യാപകമായിരിക്കുന്നത്. ചൊവ്വാഴ്ച ആറോളം മത്സ്യബന്ധന ബോട്ടുകളുടെ വലകളാണ് കടല്‍മാക്രികള്‍ നശിപ്പിച്ചത്. അഞ്ച് ലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. മത്സ്യബന്ധന വലകളില്‍ കുടുങ്ങുന്ന കടല്‍ മാക്രികള്‍ കൂട്ടമായാണ് വലക്കണ്ണികള്‍ കടിച്ച് മുറിക്കുന്നത്. വലകള്‍ നശിക്കുന്നതോടൊപ്പം മത്സ്യങ്ങള്‍ രക്ഷപ്പെടുകയും മണിക്കൂറുകള്‍ നീണ്ട അധ്വാനം ഇതോടെ നിഷ്ഫലമായി തീരുകയും ചെയ്യുന്നു. കഴിഞ്ഞ ഒരുമാസത്തിനകം കൊച്ചി കടല്‍തീരത്ത് കടല്‍മാക്രി ആക്രമണംമൂലം മുപ്പതിലേറെ വലകളാണ് നശിപ്പിക്കപ്പെട്ടതെന്ന് മത്സ്യബന്ധന മേഖലയിലുള്ളവര്‍ പറഞ്ഞു.
ഡീസല്‍ വില ലിറ്ററിന് അഞ്ച് രൂപ വര്‍ധിക്കുകയും ഐസ്ബ്ലോക്ക് ഒന്നിന് 20 രൂപയോളം ഉയരുകയും ചെയ്തത് 20,000ത്തോളം രൂപയുടെ അധികബാധ്യതയാണ് ഒരു വേളയില്‍ ഒരു മത്സ്യബന്ധന ബോട്ടിനുണ്ടായിരിക്കുന്നത്. ഇത് മത്സ്യവിപണിയില്‍ മത്സ്യ വിലവര്‍ധനവിനും ഇടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: