കൊച്ചി: അപകടത്തില്‍ കൊല്ലപ്പെട്ട മകന്റെ മരണത്തെക്കുറിച്ച് ഊര്‍ജ്ജിത അന്വേഷണം നടത്തണമെന്ന ആവശ്യവുമായി മാതാപിതാക്കള്‍. മൂവാറ്റുപുഴ കല്ലൂര്‍കാട് സ്വദേശി സജിത് കുമാറിന്റേത് അപകടമരണമല്ല മകനെ കൊലപ്പെടുത്തിയതാണെന്നും പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും സജിത്തിന്റെ പിതാവ് എ.സി. ശങ്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ അഞ്ചിന് പുത്തന്‍കുരിശ് ചെകുത്താന്വളവില് സജിത് കുമാര്‍ സഞ്ചരിച്ചിരുന്ന കാര്‍ കണ്ടെയ്നറുമായി കൂട്ടിയിടിച്ചാണ് സജിത് മരിക്കുന്നത്. അപകടത്തില്‍ സജിത്തിനൊപ്പം കാറിലുണ്ടായിരുന്ന ആറ് സൃഹൃത്തുകള്ക്കും യാതൊരു പരിക്കും ഏറ്റിട്ടില്ല. രാത്രി 11.30 ന് അപകടമുണ്ടായിട്ടും മൂന്ന് മണിക്കൂര്‍ വൈകിയാണ് സജിത്തിനെ ആശുപത്രിയിലെത്തിക്കുന്നത്. അഞ്ച് മിനിറ്റുകള്‍ക്കകം കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തുമായിരുന്നിട്ടും ഇത്രയും സമയം വൈകി ആശുപത്രിയില്‍ ചികിത്സക്കെത്തിച്ചത് ദുരൂഹമാണ്. അപകടസമയം ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണു അപകടത്തെക്കുറിച്ച് പറയുന്നത്. ആര്‍ഡിഒയുടെയും തഹസില്‍ദാറിന്റെയും അഭാവത്തിലാണ് സജിത്തിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത്. തലയുടെ പിന്‍ഭാഗത്തേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. എങ്ങനെ മുറിവുണ്ടായി എന്നത് വ്യക്തമല്ല. അപകടത്തില്‍പ്പെട്ട സജിത് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ആരാണെന്ന ചോദ്യത്തിനും ഡോക്ടറും ആശുപത്രി അധികൃതരും മൗനം പാലിക്കുകയാണ്.
അപകടത്തിന് കാരണമായ കണ്ടെയ്നര്‍ ലോറിക്ക് കേടുപാടുകള്‍ ഒന്നും തന്നെയില്ല. ഈ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല. കണ്ടെയ്നറില്‍ അല്ല മരത്തിലാണ് കാറിടിച്ചതെന്നും പോലീസും സുഹൃത്തുക്കളും പറയുന്നുണ്ട്. എന്നാല്‍ അങ്ങനെയൊരു മരം പോലുമില്ലെന്നും അദ്ദേഹം.
മകന്റെ അപകടത്തിന് പിന്നില്‍ അയല്‍വാസിയായ ഐപ്പ് ജോസഫിന്റെ മക്കളാണെന്നും അവര്‍ക്കെതിരെ അന്വേഷണം നടത്താന്‍പോലും പോലീസ് തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പട്ടികജാതി കോളനിയിലേക്കുള്ള പൊതുവഴിയുടെ പേരില്‍ ഇവരുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. മകനെ കൊല്ലുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സജിത്തിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ അന്വേഷണത്തില്‍ പുരോഗതിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും സമരപരിപാടികള്‍ ആരംഭിക്കുമെന്നും ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ പറഞ്ഞു. സജിത്തിന്റെ മാതാവ് ഉഷാ കുമാരിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: