മരട്: വികല വികസനം മൂലം കൈപ്പുനീര്കുടിക്കേണ്ടിവന്ന കുട്ടികള്‍ പ്രതിഷേധവുമായി നിരത്തിലിറങ്ങി. മരട് കുണ്ടന്നൂരിലെ നക്ഷത്രഹോട്ടലിന്റെ മലിനീകരണം മൂലം പൊറുതിമുട്ടിയ പരിസരവാസികളായ കുട്ടികളാണ് പ്ലക്കാര്‍ഡുകളുമായി നിരത്തിലെത്തിയത്. ഹോട്ടലിനു പുറകില്‍ താമസിക്കുന്ന നിരവധികുടുംബങ്ങള്, സ്ഥാപനത്തില്‍ നിന്നുള്ള ഡീസല്‍ പുകയും, മാലിന്യസംസ്കാരണ പ്ലാന്റിലെ രാസവസ്തുക്കളുടെ ഗന്ധവും കാരണം ഒരു വര്‍ഷത്തോളമായി യാതന അനുഭവിക്കുകയാണ്.
ദേശീയ പാതയോരത്ത് പുതുതായി നിര്‍മ്മിച്ചിരിക്കുന്ന ക്രൗണ്‍പ്ലാസ നക്ഷത്രഹോട്ടലില്നിന്നുമാണ് 1110 കെവിയുടെ ഡീസല്‍ ജനറേറ്ററില്‍ നിന്നുമുള്ള പുക ഇടതടവില്ലാതെ പുറം തള്ളി പരിസരവാസികളെ കഷ്ടത്തിലാക്കിയിരിക്കുന്നത്. ഇതിനു പുറമെ ജല ശുദ്ധീകരണ ശാലയില്‍ നിന്നും പുറത്തുവരുന്ന രാസപദാര്‍ത്ഥങ്ങളുടെ രൂക്ഷ ഗന്ധവും പരിസരത്തു താമസിക്കുന്നവരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. കളക്ടര്‍ക്കും മുഖ്യമന്ത്രിക്കും വരെ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. തുടര്‍ന്ന് പ്രദേശത്തെ റെസിഡന്‍സ് അസോസിയേഷന് നീതിക്കുവേണ്ടി കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോള്‍. സ്ഥലം നേരിട്ട് കണ്ട് റിപ്പോര്‍ട്ട് നല്കാന് കോടതി കമ്മീഷനെ നിയോഗിച്ചു. കമ്മീഷന്റെ സ്ഥലം സന്ദര്‍ശനം ഇന്നലെയായിരുന്നു. ഈ അവസരത്തിലാണ് സ്വൈര്യജീവിതം ഉറപ്പുവരുത്തണം എന്ന ആവശ്യവുമായി കുട്ടികള്‍ പരസ്യമായി പ്രതിഷേധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: