മൂവാറ്റുപുഴ: ബൈക്കിലെത്തിയ അജ്ഞാതര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് കെട്ടിടത്തില്‍ ഇടിച്ച് ഡ്രൈവറും കണ്ടക്ടറുമടക്കം ഒമ്പതോളം പേര്‍കക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെയും കണ്ടക്ടറെയും കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. ഡ്രൈവര്‍ പാലക്കാട് തൃത്താലകുന്നത്ത് പറമ്പില്‍ കെ. വി. അയ്യപ്പന്‍കുട്ടി(52), കണ്ടക്ടര്‍ മലപ്പുറം കരുവാക്കുണ്ട് ചോളയ്ക്കല്‍ സുനില്‍കുമാര്‍(35), യാത്രക്കാരനായ പൂഞ്ഞാര്‍ പാതാംമ്പുഴ വെള്ളപുരയ്ക്കല്‍ ബെന്നി ജോസഫ്(39) എന്നിവരെയാണ് കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. ഡ്രൈവറുടെ തലയ്ക്കും വയറിനുമാണ് ഗുരുതരമായി പരിക്കുണ്ട്. കണ്ടക്ടറുടെ മുഖത്തിനും പരിക്കുണ്ട്. സാരമായി പരിക്കേറ്റ യാത്രക്കാരായ അലി സി മുഹമ്മദ്(25) തോട്ടുവ കണ്ടങ്ങാട്ടില്‍ ആര് അശ്വതി(20) കിടങ്ങൂര്‍ പൗര്‍ണ്ണമിയില്‍ എസ് ദീപു(25) പാമ്പാടി ആശാകിരണത്തില്‍ സി. സുരേഷ്(40), ആലുവ കരുവേലിപറമ്പില്‍ കെ. പി. തമ്പി(50), കുന്നംകുളം ഉള്ളൂക്കാരന്‍ വി. ബി. ബെന്നി(26) എന്നിവരെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മടക്കി അയച്ചു.
ശനിയാഴ്ച പുലര്‍ച്ചെ 2.30മണിയോടെ മൂവാറ്റുപുഴ പെരുമ്പാവൂര്‍ എം സി റോഡില്‍ പേഴയ്ക്കാപ്പിള്ളിക്ക് സമീപമാണ് സംഭവം. തിരുവനന്തപുരത്തുനിന്നും പെരുന്തല്‍മണ്ണയ്ക്ക് പോവുകയായിരുന്നു സൂപ്പര്‍ ഫാസ്റ്റിന് നേരെയാണ് മൂന്ന് ബൈക്കിലെത്തിയ ആറംഗ സംഘം തുരുതുരെ കല്ലെറിഞ്ഞത്. കല്ല് ഡ്രൈവറുടെ നെറ്റിയില്‍ കൊള്ളുകയും ബസ് നിയന്ത്രണം വിട്ട് സമീപത്തുള്ള പറമ്പിലേക്ക് ഓടിക്കയറി പണിതുകൊണ്ടിരുന്ന കെട്ടിടത്തിന്റെ തൂണില്‍ ഇടിച്ച് നില്‍ക്കുകയുമായിരുന്നു. രാത്രി ആയതിനാല്‍ ഇതുവഴി മറ്റ് വാഹനങ്ങള്‍ വരാത്തതും കച്ചവടസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാത്തതും വന്‍ ദുരന്തം ഒഴിവാക്കി.
ഡ്രൈവറുടെ മനകരുത്താണ് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാവാതിരിക്കുവാന്‍ കാരണമെന്ന് യാത്രക്കാര്‍ പറഞ്ഞു. മുപ്പതോളം യാത്രക്കാരുണ്ടായിരുന്ന ബസിന്റെ ഡ്രൈവര്‍ ഇരിക്കുന്ന ഭാഗം തകര്‍ന്ന് അടിഞ്ഞു . ശബ്ദം കേട്ട് ഓടികൂടിയ സമീപവാസികളും വിവരമറിഞ്ഞെത്തിയ പൊലീസും രക്തത്തില്‍ കുളിച്ച് കിടന്ന ഡ്രൈവറെയും മറ്റുള്ളവരെയും ആശുപത്രിയില്‍ ആക്കിയത്.
ഈ അപകടത്തിന് തൊട്ടുമുമ്പ് നിലമ്പൂര്‍ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന കെ എസ് ആര് ടി സി ബസിനു നേരെ വാഴപ്പിള്ളിയില്‍ വച്ച് കല്ലേറുണ്ടായി. കല്ലേറില്‍ ബസിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്ന് വീണു. പുറകെ വന്ന മറ്റൊരു ബസിന് നേരെയും കല്ലെറിഞ്ഞുവെങ്കിലും കൊള്ളാതെ രക്ഷപെടുകയായിരുന്നു. രാത്രിയില്‍ വ്യാപകമായി കെ എസ് ആര് ടി സിക്ക് നേരെ നടന്ന അക്രമണത്തിന്റെ ഗൗരവം കണക്കിലെടുത്ത് പൊലീസ് അന്വോഷണം ആരംഭിച്ചു. ഇതിനു പുറകില്‍ ചില മതതീവ്രവാദ സംഘടനകളാണെന്നും പ്രതികളെ സംബന്ധിച്ച ചില സൂചനകള്‍ ലഭിച്ചിട്ടുള്ളതായും അറിയുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ആലുവ റൂറല്‍ എസ് പി കോലഞ്ചേരി മെഡിക്കല്‍ കോളേജിലെത്തി ബസിലെ കണ്ടക്ടറെയും യാത്രക്കാരനെയും സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: