രാജയോഗം എന്നാല്‍ ചിത്തവൃത്തിനിരോധനമാണല്ലോ. എന്താണ് ചിത്തവൃത്തിനിരോധനം? ഈ രാജ്യത്ത് യോഗം എന്ന ഭാവനയോടുകൂടി നിങ്ങള്‍ പലവിധം അലൗകികഭൂതങ്ങളെയും ഉള്‍പ്പെടുത്തി വിചാരിക്കാറുണ്ട്. അതുകൊണ്ട് ആദ്യംതന്നെ നിങ്ങളോട് ഇതില്‍ ആ വക ഭാവനകളുടെ ബന്ധമേ ഇല്ലെന്ന് പറയാം. യോഗങ്ങളൊന്നും യുക്തിയെ, വിവേചനാശക്തിയെ, കൈവിടുന്നില്ല. നിങ്ങള്‍ വഞ്ചനയില്പ്പെടണമെന്നോ നിങ്ങളുടെ വിവേചനശക്തിയെ ഏതെങ്കിലും മതാചാര്യന്നധീനമാക്കണമെന്നോ ആവശ്യപ്പെടുന്നില്ല. വല്ല ദിവ്യപുരുഎഷനെയും പ്രമാണമാക്കി വണങ്ങണമെന്നും പറയുന്നില്ല. നേരെമറിച്ച് ഓരോ യോഗവും നിങ്ങളോടുപദേശിക്കുന്നത്, നിങ്ങള്‍ നിങ്ങളുടെ വിവേചനാശക്തിയെ മുറുകെപിടിക്കണം. വിടാതെ പിടിക്കണം എന്നത്രേ. എല്ലാ ജീവികളിലും ജ്ഞാനസമ്പാദനത്തിന് മൂന്നുതരം കരണങ്ങള്‍ കാണ്മാനുണ്ട്. ഒന്ന് സഹജവാസന. ഇത് ഏറ്റവും വികസിച്ചുകാണുന്നത് തിര്യക്കുകളിലാണ്. ഇത് ഏറ്റവും താണ കരണവുമാണ്. രണ്ടാമത്തേ യുക്തിവിവേചനശക്തി. ഇത് ഏറ്റവും വികസിച്ചുകാണുന്നത് മനുഷ്യരിലാണ്. സഹജവാസന തികവുറ്റ കരണമേ ആകുന്നുള്ളൂ. തിര്യക്കുകള്‍ ചുരുങ്ങിയ പരിധിയില്‍ മാത്രം വ്യാപരിക്കുന്നു. അതില്‍ സഹജവാസനമതി. എന്നാല്‍ വിവേചനശക്തിയും ഒട്ടും മതിയായതല്ല. അതിന് അല്പദൂരം പോകുവാനേ കഴിവുള്ളൂ. അവിടെ നില്‍ക്കുകയും ചെയ്യാം. മുന്നോട്ടുപോകാന്‍ ശക്തിയില്ല. ഉന്തിത്തള്ളിയാല്‍ കുഴപ്പമാകും. വിവേചനം അവിവേചനമാകും. തര്ക്കഗതി വെറുതെ വട്ടം ചുറ്റും.
നാം ഇന്ദ്രിയങ്ങളെക്കൊണ്ട് അറിയുന്നതും മനസ്സുകൊണ്ട് വിചാരിക്കുന്നതുമായ ഈ ലോകം അപരിമിതമായ പരമാര്‍ത്ഥവസ്തുവിന്റെ ഒരു കണിക പ്രജ്ഞാതലത്തിലേക്ക് നീട്ടിവിട്ടതുപോലെയാണ്. ആ പ്രജ്ഞാവലയത്തില്, ഇടുങ്ങിയ പരിധിയില്‍, പ്രവര്‍ത്തിക്കുന്നതാണ് നമ്മുടെ വിചാരശക്തി; അതിനപ്പുറം അതിന് ഗതിയില്ല. അതുകൊണ്ട് ഈ പരിമിതപരിധിയെ കടന്നുപകോണമെങ്കില് മറ്റൊരു കാരണം വേണം. അതത്രേ അന്തഃപ്രബോധം. അങ്ങനെ ജ്ഞാനത്തിന് സഹജവാസന, വിചാരശക്തി, അന്തഃപ്രബോധം എന്നീ മൂന്നുകാരണങ്ങളുണ്ട്. സഹജവാസന തിര്യക്കുകള്‍ക്കും, വിചാരശക്തി മനുഷ്യര്‍ക്കും, അന്തഃപ്രബോധം അതിമാനുഷികര്ക്കും ചേര്‍ന്നതാണ്. ഈ മൂന്നു പ്രഭാകരണങ്ങളുടെയും ബീജങ്ങള്‍ ഏറെക്കുറെ വികസിച്ച് എല്ലാ മനുഷ്യരിലും കാണാം.
താണതരം കരണം ഉയര്ന്നതരമാണെന്ന് തെറ്റിദ്ധരിക്കുന്നത് വലിയ അപകടമാണെന്ന് എപ്പോഴും ഓര്‍മ്മവേണം. സഹജവാസനയെ ദിവ്യജ്ഞാനോദയമാണെന്ന് പലപ്പോഴും ലോകസമക്ഷം പ്രഖ്യാപനം ചെയ്യപ്പെട്ടിട്ടുണ്ട്. അതിനെ തുടര്‍ന്ന് ഭാവിയെ പ്രചനം ചെയ്വാന് ശക്തിയുണ്ടെന്നുള്ള വ്യാജവാദങ്ങളും ഉദ്ഭവിക്കും. മൂഢനോ അരക്കിറുക്കനോ തന്റെ തലച്ചോറില്‍ കടന്നുകൂടിയ കലക്കം അന്തഃപ്രബോധമാണെന്ന് ധരിച്ച്, ജനങ്ങള്‍ തന്നെ അനുഗമിക്കണം എന്നാഗ്രഹിക്കുന്നു. ലോകത്തില്‍ തീരെ യുക്തിഹീനവും പരസ്പരവിരുദ്ധവുമായി പ്രഖ്യാപിച്ചിട്ടുള്ള വിഡ്ഡിത്തങ്ങള്, ഭ്രാന്തന്മാരുടെ കലങ്ങിയ ബുദ്ധികളില്‍ നിന്ന് പുറപ്പെട്ട് അന്തഃപ്രബോധനവാക്യങ്ങളായി വിലസാന്‍ ശ്രമിക്കുന്നത് അസംബന്ധ പ്രലോപനങ്ങള്‍ മാത്രമാണ്.
സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: