എരുമേലി: ദേവസ്വംബോര്‍ഡ് ഭരണസംവിധാനങ്ങളെ നാണം കെടുത്തുംവിധം കുത്തഴിഞ്ഞ അനാസ്ഥയാണ് എരുമേലി ദേവസ്വംവക സ്ഥലങ്ങള്‍ മാഫിയകളുടെ കൈകളിലെത്തിച്ചത്. ക്ഷേത്രത്തിന് മുന്‍വശത്തെ സ്ഥലം സ്കൂളിനോട് ചേര്‍ന്നുള്ള പഴയ സ്കൂള്‍ കെട്ടിടം എന്നുതുടങ്ങി എവിടെയും ആര്‍ക്കും കയറി എന്തും ചെയ്യാം എന്ന ദയനീയസ്ഥിതിലേക്കാണ് എത്തിയിരിക്കുന്നത്.
പകലെന്നോ രാത്രിയെന്നോ ഇല്ലായെ മദ്യ മയക്കുമരുന്നു മാഫിയകള്‍ അഴിഞ്ഞാടുമ്പോള്‍ കളിസ്ഥലം വാഹനമാഫിയ കച്ചവടക്കാര്‍ കയ്യടക്കി വച്ചിരിക്കുകയാണ്. ക്ഷേത്രത്തിന് ചുറ്റും ഏതു സമയവും തുറന്നിട്ടിരിക്കുന്ന വാതിലുകളാണ് ക്ഷേത്രദര്‍ശനത്തിന് പോലും ഭീഷണിയായിരിക്കുന്നത്. യാതൊരു സുരക്ഷാബോധവുമില്ലാതെ തുറന്നിട്ടിരിക്കുന്ന ക്ഷേത്ര മൈതാനങ്ങള്‍ താവളമാക്കിയ സാമൂഹ്യവിരുദ്ധരുടെ ശല്യം പൊതുജനങ്ങളും സ്കൂള്‍ അധികൃതരും മടുത്തിരിക്കുകയാണ്. പോലീസിന്റെ മൂക്കിന് താഴെ നടക്കുന്ന പല സംഭവങ്ങളിലും നടപടിയെടുക്കാതെ ഉത്തരരവാദപ്പെട്ടവര്ക്ക് തീരാതലവേദനയായിത്തീരുന്ന ദേവസ്വംവക സ്ഥലം അടച്ചുപൂട്ടണമെന്ന ആവശ്യം ശക്തമായിട്ടും നടപടിയായില്ല.
സാമൂഹ്യവിരുദ്ധരുടെ ഗുണ്ടാവിളയാട്ടത്തിനുപുറമേ അനശാസ്യ പ്രവര്‍ത്തനത്തിന് കൂടി ദേവസ്വം ബോര്ഡ്വകസ്ഥലം ഇത്തരക്കാര്‍ ഉപയോഗിച്ച് തുടങ്ങിയതാണ് ക്ഷേത്രവിശ്വാസികള്‍ക്ക് നാണക്കേടായി തീര്‍ന്നിരിക്കുന്നത്. ദേവസ്വം ഭൂമികള്‍ സംരക്ഷിക്കേണട ജീവനക്കാര്‍ തന്നെ കടുത്ത അനാസ്ഥാകാട്ടുന്നതും ഇതിന് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തുകൊടുക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു.പരിപാവനമായ ക്ഷേത്രാചാരമര്യാദകളെ കാറ്റില്‍ പറത്തുന്ന മിക്ക പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നതും ഉത്തരവാദപ്പെട്ടവര്‍ തന്നെയാണെന്നും നാട്ടുകാര്‍ ഒന്നടങ്കം പറയുന്നു. കഴിഞ്ഞ ദിവസം ക്ഷേത്രമൈതാനിയില്‍ കഴുകാന്‍ കയറ്റിയ ബസ് ഭിത്തിയിലിടിച്ച് ഭിത്തി തകര്‍ന്നിരുന്നു.
ക്ഷേത്രത്തിന് ചുറ്റുപാടുമുള്ള തുറന്ന വാതിലുകള്‍ കെട്ടി അടയ്ക്കണമെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍. വാസുവിന്റെ സന്ദര്‍ശനവേളയില്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യാതൊരുവിധ നടപടിയുമില്ലാത്തതാണ് നാട്ടുകാരെ പ്രതിഷേധത്തിലാക്കിയിരിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വംബോര്ഡ്വക ക്ഷേത്രവും അനുബന്ധ സ്ഥലങ്ങളും സംരക്ഷിക്കാന്‍ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രതിഷേധ സമരവുമായി രംഗത്തിറങ്ങേണ്ടിവരുമെന്നും നാട്ടുകാര്‍ മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: