ആര്. രഞ്ജിത്ത്
മുണ്ടക്കയം: 20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചിത്രകലയിലേക്ക് തിരിച്ചെത്തിയ ചിത്രകാരന് ലഭിച്ചത് മികവിന്റെ അംഗീകാരം. മുണ്ടക്കയം ചിറ്റടി സ്വദേശി ഗുരുവിലാസം വീട്ടില്‍ ജി.എന്‍ മധുവിനാണ് അന്താരാഷ്ട്ര വാട്ടര്‍കളര്‍ മത്സരത്തില്‍ പോപ്പുലര്‍ വോട്ടിംഗ് കാറ്റഗറിയില്‍ രണ്ടാംസ്ഥാനം ലഭിച്ചത്. ഒന്നാംസ്ഥാനം സ്പെയിനിലെ ബാഴ്സലോണ സ്വദേശി ആല്‍ബര്‍ട്ട് ഗെയിഗോയ്ക്ക് ലഭിച്ചു. ഉക്രയിന് ആസ്ഥാനമായുള്ള ഇന്റര്‍നാഷല്‍ വാട്ടര്‍കളര്‍ സൊസൈറ്റിയാണ് ഓണ്‍ലൈന്‍ മത്സരം സംഘടിപ്പിച്ചത്.
ചെറുപ്പത്തില്‍ തന്നെ ചിത്രകലയില്‍ ആഭിമുഖ്യം തോന്നിയ മധുവിന് അധ്യാപകര്‍ മികച്ച പ്രോത്സാഹനം നല്കി. വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ നിരവധി ചിത്രരചനാ മത്സരത്തില്‍ പങ്കെടുത്ത് ഒട്ടേറെ അവാര്‍ഡുകളും സ്വന്തമാക്കി. 1985 ല്‍ ബാലരമയും പൂമ്പാറ്റയും ചേര്‍ന്ന് നടത്തിയ അഖിലകേരള ചിത്രരചനാ മത്സരത്തില്‍ സംസ്ഥാന ജേതാവായി. തുടര്‍ന്ന് തിരുവനന്തപുരം ഫൈന്‍ ആട്സ് കോളേജില്‍ വിദ്യാഭ്യാസം തുടര്‍ന്ന മധു 1992 ല്‍ അഡ്വര്‍ടൈസിംഗ് ഗ്രാഫിക് ഡിസൈനിംഗില്‍ ഒന്നാംറാങ്കോടെയാണ് ബിരുദം പൂര്‍ത്തിയാക്കിയത്. പിന്നീട് ഇന്റീരിയര്‍ ഡിസൈനറും ആര്‍ക്കിടെക്ചറും പ്രൊഫഷനാക്കി വിദേശത്തേക്ക് പോയി. നീണ്ട 20 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് വിട നല്കി നാട്ടില്‍ എത്തിയ മധു തന്റെ പഴയപ്രതിഭയെ തിരിച്ചറിയുകയായിരുന്നു. ചിത്രകലയില്‍ തുടരാന്‍ തീരുമാനിച്ച മധുവിന് ഇപ്പോള്‍ ലഭിച്ച അന്താരാഷ്ട്ര പുരസ്കാരം വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
കുട്ടിക്കാലം മുതല്‍ വരച്ച് കൂട്ടിയചിത്രങ്ങള് ഒരു നിധിപോലെ മധു ഇന്നും സൂക്ഷിക്കുന്നു. അംഗീകാരം ലഭിച്ചപ്പോള്‍ പുറത്തിറക്കിയ പത്രതാളുകളും മധുവിന്റെ ശേഖരത്തിലുണ്ട്. ചിത്രകലയോടൊപ്പം തടിയിലും കളിമണ്ണുകൊണ്ടും ശില്പങ്ങള് സൃഷ്ടിക്കുവാനും മധുവിന് നിഷ്പ്രയാസം കഴിയും. തന്റെ ജന്മസിദ്ധമായ പ്രതിഭയെ ജീവനോപാധിയാക്കുവാനുള്ള തയ്യാറെടുപ്പിലാണ് മധു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: