അങ്കമാലി: എം.സി റോഡിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിയുന്ന നായത്തോട് ജംഗ്ഷന് പൊട്ടിപ്പൊളിഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. രാത്രികാലങ്ങളില്‍ ഈ പ്രദേശത്തെ വഴിവിളക്കുകള്‍ കത്താത്തതും ഈ ഭാഗത്ത് അപകടങ്ങള്‍ കൂട്ടാന്‍ കാരണമായിട്ടുണ്ട്. തകര്‍ന്നുകിടക്കുന്ന റോഡ് അപകടഭീഷണി ഉയര്‍ത്തുന്നതൊടൊപ്പം എം.സി റോഡില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നതിനും കാരണായിട്ടുണ്ട്. ഈ പ്രദേശത്തെ വഴിവിളക്കുകള്‍ കത്താത്തതില്‍ മുനിസിപ്പല്‍ അധികൃതരോട് പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഗതാഗതകുരുക്കും അപകടങ്ങളും ഉണ്ടാകുന്ന വിധം ഈ റോഡ് തകര്‍ന്നിട്ടും കാണേണ്ടവര്‍ കാണാതിരിക്കുകയും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താതിരിക്കുയും ചെയ്യുന്നതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഇരുന്നൂറു മീറ്ററോളം ഭാഗത്തെ ടാറിംഗ് പൂര്‍ണമായും ഇളകിപ്പോയ നിലയിലാണ്. പെയ്ത്തുവെള്ളം കുത്തിയൊഴുകി റോഡ് തോടായി മാറിയിരിക്കുന്നു. കുഴികളില്‍ ഇറങ്ങികയറി വാഹനങ്ങള്‍ നിരങ്ങിനീങ്ങുന്നത് വന്‍ ഗതാഗതക്കുരുക്കാണ് സൃഷ്ടിക്കുന്നത്. വിമാനത്താവള റോഡിലേക്ക് പ്രവേശിക്കേണ്ട വാഹനങ്ങള്‍ ഏറെ നേരം കാത്തുകിടക്കേണ്ട സ്ഥിതിയാണ്. മൂന്നു മാസത്തോളം മുമ്പാണ് ഇവിടെ ചെറിയ കുഴികള്‍ കണ്ടു തുടങ്ങിയത്.
തുടര്‍ച്ചയായി വാഹനങ്ങള്‍ ചാടിയതോടെ മെറ്റലുകള്‍ ഇളകി വലിയ കുഴികള്‍ രൂപപ്പെടുകയായിരുന്നു. മഴ തുടങ്ങിയതോടെ കുഴികള്‍ വ്യാപകമായി. മഴ സമയത്ത് വെള്ളം കെട്ടിക്കിടക്കുമ്പോള്‍ കുഴികള്‍ തിരിച്ചറിയാന്‍ കഴിയാതെ വാഹനങ്ങള്‍ ഇതില്‍ ചാടുന്നു. കുഴികളില്‍ നിന്നു ഇളകിത്തെറിച്ച മെറ്റലുകള്‍ റോഡിലാകെ പരന്നു കിടക്കുന്നത് ഇരുചക്രവാഹന യാത്രികര്‍ക്ക് വലിയ ഭീഷണിയാണ്. കുഴികളില്‍ ചാടി സ്വകാര്യബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിക്കുന്നതായും പരാതിയുണ്ട്. അങ്കമാലി ഭാഗത്തേയ്ക്കുള്ള യാത്രക്കാര്‍ ബസ് കാത്തുനില്ക്കുന്ന വെയിറ്റിംഗ് ഷെഡിന്റെ മുന്നിലും നിരവധി കുഴികളുണ്ട്. കുഴികള്‍ ഒഴിവാക്കാന്‍ വാഹനങ്ങള്‍ റോഡിന്റ ഇടതുവശത്തേക്ക് ചേര്‍ത്ത് എടുക്കുന്നതിനാല്‍ ജീവന് പണയംവച്ചാണ് യാത്രക്കാര്‍ ഇവിടെ ബസ് കാത്തുനില്‍ക്കുന്നത്. റോഡ് അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യമുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: