മട്ടാഞ്ചേരി: ഇന്ത്യ-അമേരിക്ക വാണിജ്യ ബന്ധങ്ങളുടെ വളര്‍ച്ചയില്‍ കേരളത്തിന് ഏറെ വികസന സാധ്യതകള്‍ പ്രയോജനപ്പെടുത്തുവാന്‍ കഴിയുമെന്ന് ഇന്ത്യയിലെ അമേരിക്കന്‍ അംബാസിഡര്‍ സി.ജെ.പവ്വല് പറഞ്ഞു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനകം അഞ്ചിരട്ടി വ്യാപാര-വാണിജ്യ വര്‍ധനവാണ് അമേരിക്ക-ഇന്ത്യ ഇടപാടുകളിലുണ്ടായിരിക്കുന്നത്. 2001 ല്‍ 18 ബില്ല്യണ്‍ ഡോളറില്‍നിന്ന് 2011 ലിത് 90 ബില്ല്യണ്‍ ഡോളറായാണ് വര്‍ധന, പവ്വല് കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ വാണിജ്യ-വ്യവസായ മണ്ഡലം ഹാളില്‍ അമേരിക്കന്‍ ബിസിനസ്സ് കോര്‍ണര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അമേരിക്കന്‍ അംബാസിഡര്‍. കേരളത്തിലെ തിരുവനന്തപുരം-കൊച്ചി ബിസ്സിനസ്സ് കോര്ണറുകളുമായി ബന്ധപ്പെട്ട് അമേരിക്കയിലെ കമ്പനികളുമായി ആശയവിനിമയത്തിനും വ്യാപാര സാധ്യതകളും വളര്‍ത്തിയെടുക്കാന്‍ അവസരമുണ്ടാകും. ഇത് കേരളത്തിലെ വ്യാപാരികള്‍ക്ക് അമേരിക്കയുമായുള്ള വ്യാവസായിക ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും വളര്‍ത്താനും അവസരങ്ങള്‍ സൃഷ്ടിക്കും. സംസ്ഥാനത്തെ എബിസി കോര്‍ണര്‍ പ്രവര്‍ത്തനത്തിന് നല്ല വികസന ഭാവിയുണ്ടാക്കുവാന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും പവ്വല് പറഞ്ഞു. ചടങ്ങില്‍ ഇന്ത്യന്‍ വാണിജ്യമണ്ഡലം പ്രസിഡന്റ് പ്രകാശ് ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. അമേരിക്കന്‍ കോണ്സുലേറ്റര്മാരായ ജെന്നിഫര്‍ മെര്ക്കിന്റാ, ജെയിംസ് ഗോള്സെണ്, മൈക്കിള്‍ കാത്തേ, വാണിജ്യമണ്ഡലം വൈസ് പ്രസിഡന്റ് നിശേഷ് ഷാ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: