എരുമേലി: പ്രമോഷനിലൂടെ ജോലിസ്ഥാനകയറ്റം ലഭിച്ച വെഹിക്കിള്‍ സൂപ്പര്വൈസറെക്കൊണ്ട് ഷണ്ടിംഗ് ജോലി ചെയ്യിക്കാനുള്ള കെഎസ്ആര്‍ടിസി യുടെ നീക്കത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയന് നേതാക്കള്‍ എടിഒ യ്ക്ക് പരാതി നല്കി. എരുമേലി ഡിപ്പോയിലെ സീനിയര്‍ സൂപ്പര്‍വൈസറും വെഹിക്കിള്‍ സൂപ്പര്‍വൈസറുമായ മുട്ടപ്പള്ളി സ്വദേശി കാഞ്ഞിരത്തുംമൂട്ടില്‍ രാജുവിനെക്കൊണ്ട് ഷണ്ടിംഗ് ജോലി ചെയ്യിക്കുന്ന വിവരം ജന്മഭൂമിയാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതു സംബന്ധിച്ച് ഡിപ്പോയിലെ സംയുക്ത ട്രേഡ് യൂണിയന് നേതാക്കളുടെ സംഘം പൊന്‍കുന്നം എടിഒ യ്ക്ക് നോട്ടീസ് നല്‍കുകയായിരുന്നു. വൈകുന്നേരം 5 മണി മുതല്‍ ആരംഭിക്കുന്ന വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ ജോലിയും, ഷണ്ടിംഗ് ജോലിയും അവസാനിക്കുന്നത് രാവിലെ 9 മണിക്കാണ്. ഈ രണ്ടു ജോലിയും ഒരാളെക്കൊണ്ട് ചെയ്യിക്കാനുള്ള നീക്കമാണ് ജീവനക്കാരുടെ പ്രതിഷേധത്തിന് വഴിയൊരുക്കിയത്. മറ്റെല്ലാ ഡിപ്പോകളിലും രണ്ടു ജോലിക്കും രണ്ടുപേരാണുള്ളത്. എന്നാല്‍ എരുമേലിയില്‍ മാത്രം ഒരാള്‍ മതിയെന്ന ഉന്നതാധികാരികളുടെ നിലപാടാണ് പ്രതിഷേധത്തിലെത്തിച്ചത്. നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് പ്രശ്നം പരിഹരിക്കുന്നതിനായി രണ്ടാഴ്ചത്തെ സമയം വേണമെന്ന് എടിഒ ആവശ്യപ്പെട്ടതായും എന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ നടപടിയുണ്ടായില്ലെങ്കില്‍ ൧൮-ാം തീയതി മുതല്‍ ഡ്രൈവര്‍മാര്‍ ഷണ്ടിംഗ് ജോലി ബഹിഷ്കരിക്കുമെന്നും യൂണിയന് നേതാക്കളായ അനസ്, ടി.എസ്. ജയകുമാര്‍ എന്നിവര്‍ പറഞ്ഞു. ഇതിനിടെ ഡിപ്പോയിലെ ഷണ്ടിംഗ് ജോലി ചെയ്യുകയില്ലെന്ന് കാട്ടി ഡ്രൈവര്‍ ഒന്നടങ്കം രേഖാമൂലം ഉന്നതാധികാരിക്ക് എഴുതികൊടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അധിക ജോലി എതിര്‍ത്ത ചില ജീവനക്കാര്‍ക്കെതിരെ സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ള നടപടികള്‍ക്കും രഹസ്യനീക്കം നടക്കുന്നതായും സൂചനയുണ്ട്. ജീവനക്കാരെക്കൊണ്ട് അധികജോലി ചെയ്യിക്കാനുള്ള തീരുമാനത്തെ എതിര്ത്തതിണ്റ്റെ പേരില്‍ ഏതെങ്കിലും വിധത്തില്‍ നടപടികള്‍ ആര്ക്കെതിരെയുണ്ടായാലും അതിനെ ശക്തമായി തന്നെ നേരിടുമെന്നും യൂണിയന് നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: