ഏതൊന്നിനും തട്ടിയിടാവുന്ന ഈ ശരീരത്തെ നാം നിരന്തരം കാത്തുസൂക്ഷിക്കുകയാണ്. അതിനാല്‍ നാം സ്ഥിരഭയാവസ്ഥയില് ജീവിക്കുകയും ചെയ്യുന്നു. കലമാനിന് ഭയം കാരണം നാള്‍തോറും ശരാശരി അറുപതോ എഴുപതോ നാഴിക ഓടേണ്ടിവരുന്നുവെന്ന് വായിച്ചിട്ടുണ്ട്. ഈ കലമാനിനേക്കാള്‍ കഷ്ടമായ ഒരവസ്ഥയിലാണ് മനുഷ്യന്. മാനിന് അല്‍പ്പം വിശ്രമമുണ്ട്. നമുക്കൊട്ടുമില്ല. വേണ്ടത്ര പുല്ലുകിട്ടിയാല് മാനിന് തൃപ്തിയായി. നാമാകട്ടെ നമ്മുടെ ആവശ്യങ്ങള്‍ സര്‍വദാ വര്‍ധിപ്പിച്ചുകൊണ്ടിരിക്കും. ആവശ്യങ്ങളെ വര്‍ധിപ്പിക്കുകയെന്നത് നമ്മുടെ ഒരു കേടുതൃഷ്ണയായിരിക്കുകയാണ്. പ്രകൃത്യാ ഉള്ളതൊന്നും നമ്മെ തൃപ്തിപ്പെടുത്തില്ല. നാം സര്‍വദാ കെടുവിഷയങ്ങളെ പിടികൂടാന്‍ പായുന്നു, നമുക്ക് പ്രകൃതിവിരുദ്ധമായ ഉദ്വേഗം വേണം. പ്രകൃതിവിരുദ്ധമായ തീറ്റയും കുടിയും ചുറ്റുപാടും ജീവിതവും.
നമുക്കെങ്ങനെ ഈ അവസ്ഥയില്‍നിന്ന് നമ്മെ മോചിപ്പിക്കാം. നാം പ്രകൃതിയുടെ ഒരടിമയായിരിക്കുന്നതിടത്തോളം നമുക്കതില്‍നിന്ന് മോചനമുണ്ടാവില്ല. നിങ്ങള്‍ അതിന് എത്രയധികം പണിപ്പെടുന്നുവോ അത്രയധികം കുടിങ്ങിപ്പോകും. നിങ്ങളെ സുഖിപ്പിക്കാന്‍ നിങ്ങള്‍ പദ്ധതികള്‍ രചിക്കുന്നു. നിത്യരക്ഷയില്ലെങ്കിലും നമ്മുടെ തൃഷ്ണകളെല്ലാം പൂരിതമാകുമെന്ന് നാം വിചാരിക്കുന്നു. അതിനാല്‍ സ്വര്ഗത്തുപോകാന് നാം ആഗ്രഹിക്കുന്നു. ഈ നിത്യമായ, കെടാത്ത ദാഹം എപ്പോഴും വല്ലതും വേണം! മനുഷ്യന് യാചകനായിരിക്കുമ്പോള് അയാള്‍ക്ക് പണം വേണം. അയാള്‍ക്ക് പണം കിട്ടിയാല്‍ മറ്റുകാര്യങ്ങള്‍ വേണം. ഒരിക്കലും വിശ്രാന്തിയില്ല. എങ്ങനെ ഇത് ശമിപ്പിക്കാം? നാം സ്വര്ഗത്തിലായാല് അത് തൃഷ്ണയെ വര്‍ധിപ്പിക്കുകയേയുള്ളൂ. ദരിദ്രന് ധനവാനായാല്‍, അയാളുടെ തൃഷ്ണകളെ കെടുത്തുന്നില്ല. അത് എരിതീയില്‍ നെയ്യൊഴിക്കുന്നതുപോലെയാണ്. അതിന്റെ ഉജ്ജ്വലകളെ വര്‍ധിപ്പിക്കുന്നു. സ്വര്‍ഗത്തു പോവുകയെന്നാല്‍ നിര്ഭരധനികനാവുകയെന്നര്ത്ഥം, അപ്പോള്‍ തൃഷ്ണകളുംവരും. എങ്ങനെ നോക്കിയാലും ഈ സ്വര്‍ഗപ്രാപ്തിക്കുള്ള തൃഷ്ണ ഒരു ഭോഗതൃഷ്ണയാണ്. ഇതുപേക്ഷിച്ചേ പറ്റൂ. സ്വര്‍ഗത്തില്‍ പോകുന്നതിനെപ്പറ്റി ചിന്തിക്കുന്നതു നിങ്ങള്‍ക്ക് അതിതുച്ഛം, അതിപ്രാകൃതം തന്നെ. ‘ഞാനൊരി കോടീശ്വരനായി ജനങ്ങളെ കുതിരകയറും’ എന്ന് വിചാരിക്കുന്നതിനൊപ്പം തന്നെയാണിത്.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: