കാഞ്ഞങ്ങാട്: കേരളത്തിലും കര്‍ണ്ണാടകയിലുമായി കവര്‍ച്ച തൊഴിലാക്കിയ കുപ്രസിദ്ധ കവര്ച്ചക്കാരന് തമിഴ്നാട് സ്വദേശിയായ രാജു എന്ന തങ്കരാജ് (59) പാലക്കാട്ടെ കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായ വിവരമറിഞ്ഞതോടെ തങ്കരാജിണ്റ്റെ ഭാര്യ ചിന്താമണിയും മകനും കാഞ്ഞങ്ങാട് മുറിയനാവിയിലെ താമസ സ്ഥലത്ത് നിന്നും മുങ്ങി. കഴിഞ്ഞ ദിവസമാണ് മുറിയനാവിയിലെ വീട്ടില്‍ നിന്നും ഇരുവരും അപ്രത്യക്ഷരായത്. തങ്കരാജിനെ പാലക്കാട് കസബ പോലീസ് ചോദ്യം ചെയ്തതോടെ ഭാര്യ ചിന്താമണിക്കും കവര്‍ച്ചയുമായി ബന്ധമുണ്ടെന്ന് വ്യക്തമായിരുന്നു. ഇതേതുടര്‍ന്ന് പാലക്കാട് പോലീസ് കാഞ്ഞങ്ങാട്ടേക്ക് അന്വേഷണത്തിന് വരുമെന്നുറപ്പായതോടെയാണ് ചിന്താമണിയും മകനും വീട് പൂട്ടി കടന്നു കളഞ്ഞത്. തങ്കരാജ് കവര്‍ച്ച ചെയ്ത് കൊണ്ടുവരുന്ന സ്വര്ണ്ണാഭരണങ്ങളൊക്കെയും വില്‍പ്പന നടത്തി പണമുണ്ടാക്കുന്നതും ഈ പണം ഉപയോഗിച്ച് സ്വത്തുക്കള്‍ വാരിക്കൂട്ടുന്നതും ചിന്താമണിയുടെ ചുമതലയായിരുന്നു. കാഞ്ഞങ്ങാട്ടും പരിസരങ്ങളിലുമായി കവര്‍ച്ചാ പണമുപയോഗിച്ച് വന്‍തോതിലാണ് ചിന്താമണി മുഖേന തങ്കരാജ് ഭൂമി വാങ്ങിക്കൂട്ടിയത്. തങ്കരാജ് എട്ടുവര്‍ഷം മുമ്പ് കാഞ്ഞങ്ങാട്ട് നിന്നും, പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച കേസിലും പ്രതി ചേര്‍ക്കപ്പെട്ടിരുന്നു. തമിഴ്നാട് തൂത്തുക്കുടി സ്വദേശിയും കാഞ്ഞങ്ങാട് മുറിയനാവിയില്‍ താമസക്കാരനുമായ തങ്കരാജ് പടന്നക്കാട് സ്വദേശിനിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയിരുന്നു. തലശ്ശേരിയിലെ ഒരു വാടക വീട്ടില്‍ തടങ്കലിലായിരുന്ന പെണ്‍കുട്ടിയെ പിന്നീട് പോലീസെത്തി മോചിപ്പിക്കുകയും പിന്നീട് അനാഥാലയത്തിലാക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: