മൂവാറ്റുപുഴ: കോണ്‍ഗ്രസ്സ് ബ്ലോക്ക് കമ്മിറ്റി ഓഫീസ് മന്ദിരത്തിന് വേണ്ടി മൂവാറ്റുപുഴയില്‍ എ ഐ ഗ്രൂപ്പുകള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമാവുന്നു. ബ്ലോക്ക് കമ്മിറ്റി ഓഫീസ് മന്ദിരം ട്രസ്റ്റാക്കി ഐ വിഭാഗം കൈവശപ്പെടുത്തിയെന്ന ആരോപണവുമായാണ് എ ഗ്രൂപ്പ് നേതാവായ എ മുഹമ്മദ് ബഷീര്‍ രംഗത്ത് വന്നിരിക്കുന്നത്. എന്നാല്‍ കെ. കരുണാകരന് സപ്തതി സ്മാരക ട്രസ്റ്റിന്റേതാണ് കോണ്‍ഗ്രസ്സ് ഓഫീസ് ഇരിക്കുന്ന മന്ദിരമെന്ന് ട്രസ്റ്റ് ചെയര്‍മാനും ബ്ലോക്ക് പ്രസിഡന്റുമായ മറു പ്രസ്താവനയുമായി രംഗത്തെത്തുകയും ചെയ്തതോടെയാണ് ഇരുവിഭാഗവും തമ്മില്‍ മന്ദിരത്തിന്റെ പേരില്‍ സംഘര്‍ഷത്തിലേക്ക് എത്തിയിരിക്കുന്നത്.
പൊതുജനങ്ങളില്‍ നിന്ന് കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ പേരില്‍ പിരിച്ചെടുത്ത തുക കൊണ്ട് വാങ്ങിയ സ്ഥലവും പിന്നീട് നിര്‍മ്മിച്ച കെട്ടിടവും ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ട്രസ്റ്റാക്കി കച്ചവടം നടത്തുകയാണെന്നും കൂടാതെ ഇന്ദിരാഗാന്ധിയുടെ പേരില്‍ ട്രസ്റ്റുണ്ടാക്കി വിദ്യാഭ്യാസ കച്ചവടവും കെ കരുണാകരന്റെ പേരില്‍ നിര്‍മ്മിച്ച കെട്ടിടം വില്‍പ്പന നടത്തി തട്ടിപ്പ് നടത്തുകയുമാണെന്നാണ് എ ഗ്രൂപ്പ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
1993ല്‍ അന്നത്തെ പ്രസിഡന്റ് കെ. പി. ചെറിയാന്റെ പേരില്‍ വാങ്ങിയ സ്ഥലം ഇപ്പോള്‍ ട്രസ്റ്റിന്റെ പേരിലാണ് നടക്കുന്നതെന്നുമാണ് ആരോപിച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് വാടകയ്ക്ക് നല്കിയ മുറികള്‍ കഴിഞ്ഞ ദിവസം എ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ കയ്യേറി തടഞ്ഞിരുന്നു. അനധികൃത വില്‍പ്പനയ്ക്ക് എതിരെയും ട്രസ്റ്റാക്കിയെതിനെതിരെയും കോണ്‍ഗ്രസ്സ് ഹൈക്കമാന്റിനും സംസ്ഥാന നേതൃത്വത്തിനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയെന്നും എ മുഹമ്മദ് ബഷീര്‍ അറിയിച്ചു.
എന്നാല്‍ കെ. കരുണാകരന്റെ സപ്തതി സ്മാരകം നിര്‍മ്മിക്കുന്നതിനെ എതിര്‍ത്തവരാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സ് ഓഫീസായി അവകാശം ഉന്നയിക്കുന്നതെന്ന് ട്രസ്റ്റ് ചെയര്‍മാനും ബ്ലോക്ക് പ്രസിഡന്റുമായ കെ. എം. പരീത് പറഞ്ഞു. സ്ഥലം വാങ്ങി കെട്ടിടം നിര്‍മ്മിക്കുന്നതിനെ പാരവച്ചവര്‍ ഫണ്ട് പിരിച്ച് പോക്കറ്റിലിട്ടു. നിലവില്‍ കെട്ടിടത്തിന്റെ ഒരു ഭാഗവും വിറ്റട്ടില്ല, മറിച്ചുള്ള ആരോപണം കള്ള പ്രചാരണമാണെന്നും ഇപ്പോള്‍ ഓഫീസിനു വേണ്ടി അവകാശമുന്നയിക്കുന്നവര്‍ ട്രസ്റ്റ് അംഗങ്ങളല്ലെന്നും കോണ്‍ഗ്രസ്സ് സംസ്കാരം വളര്‍ത്തുന്നതിന് സമാന സ്വഭാവമുള്ളവരെ ചേര്‍ത്ത് രൂപീകരിച്ച ട്രസ്റ്റാണ് ഇതെന്നും കെ എം പരീത് പറയുന്നു. എ ഐ ഗ്രൂപ്പുകള്‍ ഒന്നിച്ച് തീരുമാനിച്ചാണ് സ്മാരക മന്ദിരം നിര്‍മ്മിച്ചിട്ടുള്ളതെന്നും പ്രസിഡന്റ് പറഞ്ഞു.
മന്ദിരത്തിനുള്ളില്‍ കോണ്‍ഗ്രസ്സ് ഓഫീസിനും പോഷക സംഘടനകള്‍ക്കും പ്രവര്‍ത്തിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തിട്ടുണ്ടെന്നും കാലാകാലങ്ങളില്‍ ട്രസ്റ്റിലുണ്ടാകുന്ന മേല്‍ നോട്ടക്കാരാണ് തീരുമാനം എടുക്കുന്നതെന്നും ട്രസ്റ്റിന്റെ നിയമാവലി അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും കെ. എം. പരീത് പറഞ്ഞു.
കോണ്‍ഗ്രസ്സ് എ ഐ വിഭാഗങ്ങള്‍ തമ്മിലുള്ള ചേരിതിരിവ് രൂക്ഷമായതോടെയാണ് ഓഫീസ് ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള തര്‍ക്കം ഇപ്പോള്‍ രൂക്ഷമായിരിക്കുന്നത്. ഇരു വിഭാഗങ്ങളുടെയും അവകാശ വാദം മൂവാറ്റുപുഴയില്‍ കോണ്‍ഗ്രസ്സ് അണികളിലേക്കും വ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: