കണ്ണൂരിനെ തീഗോളമാക്കി മലയാളികളുടെ ഓണാഘോഷത്തില്‍ കരിനിഴല്‍ വീഴ്ത്തിയ ടാങ്കര്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. പത്തുപേരുടെ നില അതീവഗുരുതരമായി തുടരുന്നു. കണ്ണൂര്‍ ദേശീയപാതാ ബൈപാസിന് സമീപം ചാലയില്‍ റോഡില്‍ അശാസ്ത്രീയമായി നിര്‍മിച്ച ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടന്ന മൂന്ന് സ്ഫോടനങ്ങളില്‍ നാല്പതിലധികംപേര്ക്ക് പൊള്ളലേറ്റിരുന്നു. ഇവരില്‍ ആറുപേരാണ് ഇതുവരെ മരിച്ചത്. ഒട്ടേറെ വീടുകളും കടകളും മരങ്ങളും മൃഗങ്ങളും വെന്തുമരിച്ചു. മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത. അശാസ്ത്രീയമായി നിര്‍മ്മിച്ചിരിക്കുന്ന ഡിവൈഡറുകള്‍ എന്നും അപകടകാരികളാണ്. ദേശീയപാത വണ്‍വേ കഴിയുന്നതോടെ ഇടുങ്ങിയ റോഡായി കയറ്റവും ഇറക്കവും കൊടുംവളവുകളും ഉള്ളതായി മാറുമ്പോള്‍ അവിടെ അപകടസാധ്യത അറിയിക്കുന്ന ബോര്‍ഡുകളോ ലൈറ്റുകളോ സ്ഥാപിക്കാന്‍ ബന്ധപ്പെട്ടവര്‍ മെനക്കെട്ടിട്ടില്ല. വാഹനങ്ങളുടെ നിയന്ത്രണം ഇവിടെ നഷ്ടപ്പെട്ടാല്‍ ചെന്നുനില്ക്കുക റെയില്‍വേ ലൈനിലായിരിക്കും. ഈ ഇറക്കം ഇറങ്ങിവരുന്ന ടാങ്കറുകള്‍ അപകടത്തില്‍പ്പെടുന്നത് ഇതാദ്യമല്ല. കഴിഞ്ഞ ശനിയാഴ്ചയും ഒരു ടാങ്കര്‍ അപകടം ഉണ്ടായി. രണ്ടാഴ്ചകള്‍ക്ക് മുമ്പ് മറ്റൊരു ടാങ്കര്‍ വളവില്‍ നിയന്ത്രണംവിട്ട് മറിഞ്ഞെങ്കിലും കുരുക്കില്‍പ്പെട്ടതിനാല്‍ താഴേക്ക് വീണില്ല. പാചകവാതകം നിറച്ച ടാങ്കര്‍ലോറികള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം രാത്രി പകല്ഭേദമെന്യേ പായുന്നുണ്ട്. ഇവയുടെ സുരക്ഷാ സംവിധാനം ശക്തമല്ല എന്ന ആരോപണത്തിനും പഴക്കമുണ്ട്.
ടാങ്കറിന്റെ സൈഡുകളില്‍ സ്ഥാപിച്ചിരിക്കുന്ന വാല്‍വുകള്‍ മുകളില്‍ സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ഇത് ഇപ്പോഴും പ്രാവര്‍ത്തികമായിട്ടില്ല. വാല്‍വ് മുകളിലായാല്‍ വാതകച്ചോര്‍ച്ച തടയാന്‍ കൂടുതല്‍ എളുപ്പമാണ്. സുരക്ഷാസംവിധാനങ്ങള്‍ ഉറപ്പാക്കാന്‍ പിഡബ്ല്യൂഡിയും ശ്രമിച്ചിട്ടില്ല. സ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രിയുടെയും മറ്റും നിര്‍ദ്ദേശപ്രകാരം ഡിവൈഡര്‍ അവിടെ മാത്രം പൊളിച്ചു മാറ്റപ്പെട്ടു. ഇപ്പോള്‍ മാത്രമാണ് അപകടകാരിയായ ഈ ഡിവൈഡറില്‍ റിഫ്ലക്ടര്‍ സ്ഥാപിക്കാന്‍ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. വന്‍ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ പരിശോധന കര്‍ശനമാക്കി നടപടികള്‍ വാഗ്ദാനംചെയ്യാറുണ്ടെങ്കിലും അവ പ്രാവര്‍ത്തികമാക്കാന്‍ ബന്ധപ്പെട്ടവര്‍ ശുഷ്കാന്തി കാണിക്കാറില്ല. അതിവേഗം തീപിടിക്കാന്‍ സാധ്യതയുള്ള വാതകങ്ങളും ദ്രാവകങ്ങളും രാസവസ്തുക്കളും കയറ്റി പായുന്ന അനേകം ടാങ്കറുകളാണ് കേരളത്തലുടനീളം സഞ്ചരിക്കുന്നത്. കരുനാഗപ്പള്ളിയിലും മൂന്നുവര്‍ഷംമുമ്പ് ടാങ്കര്‍ ലോറി മറിഞ്ഞ് പന്ത്രണ്ടുപേര്‍ മരിച്ച സംഭവത്തിലും അന്വേഷണ റിപ്പോര്‍ട്ടും നടപടി പ്രഖ്യാപനവും ഉണ്ടായതാണ്. അവ നടപ്പിലായോ എന്ന് നാട്ടുകാര്‍ക്കിന്നും അറിയില്ല. കണ്ണൂര്‍ ദുരന്തത്തിന് പിന്നില്‍ ഡ്രൈവറുടെ അശ്രദ്ധയും കാരണമായതായി റിപ്പോര്‍ട്ടുണ്ട്. അപായകരമായ വസ്തുക്കള്‍ കയറ്റിക്കൊണ്ടുപോകുന്ന ടാങ്കര്‍ലോറികളുടെ വേഗം, പ്രധാന റോഡുകളില്‍ ഓടേണ്ട രീതി, ഡ്രൈവര്‍മാരുടെ യോഗ്യത തുടങ്ങിയ കാര്യത്തില്‍ നിബന്ധനകളുള്ളതാണ്. പക്ഷെ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നുണ്ടോ? കേരളത്തില്‍ ടാങ്കര്‍ലോറി ഗതാഗതം അനുദിനം വര്‍ധിച്ചുവരുന്നുണ്ട്. ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോകുന്നതും അമിതവേഗത്തില്‍ പോകുന്നതും അലക്ഷ്യമായി ഡ്രൈവ് ചെയ്യുന്നതും ദുരന്തം ക്ഷണിച്ചുവരുത്തുന്നു.
ടാങ്കര്‍ലോറികളില്‍ രണ്ട് ഡ്രൈവര്‍മാര്‍ വേണമെന്ന നിബന്ധനയും പാലിക്കപ്പെടാറില്ല. ചാല ദുരന്തത്തില്‍ മൊബെയില്‍ ഫോണും വില്ലനായി എന്ന വാര്‍ത്തയുണ്ടായിരുന്നു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും ചികിത്സാസഹായവും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒപ്പം താഴെ ചൊവ്വ റോഡിന്റെ വീതികൂട്ടുമെന്നും സ്ഥലം ലഭ്യമാകുമെങ്കില്‍ നാലുവരിപ്പാതയാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ അപകടം കഴിയുമ്പോഴും അന്വേഷണവും വാഗ്ദാനങ്ങളും പെയ്തിറങ്ങാറുണ്ടെങ്കിലും അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു എന്ന വസ്തുത തെളിയിക്കുന്നത് ഇതെല്ലാം പാഴ്വാഗ്ദാനങ്ങളാണെന്നാണ്. കൂത്തുപറമ്പ്-കണ്ണൂര്‍ ബൈപ്പാസില്‍ കിഴുത്തുള്ളി മുതല്‍ ചാല വരെയുള്ള ഭാഗങ്ങളില്‍ 2010 നുശേഷം ഒന്‍പത് അപകടങ്ങള്‍ക്കും കാരണം റോഡിലെ ഡിവൈഡര്‍ ആണ്. കാര്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞും ലോറിയും ബൈക്കും കൂട്ടിയിടിച്ചും ലോറികള്‍ കൂട്ടിയിടിച്ചും മറ്റുമാണ് ഈ അപകടങ്ങള്‍. അന്നുമുതല്‍ അശാസ്ത്രീയമായി നിര്‍മ്മിച്ച ഡിവൈഡര്‍ നീക്കംചെയ്യണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. കേരള സിനിമയിലെ അതുല്യ നടന് ജഗതി ശ്രീകുമാറിന്റെ അപകടത്തിലെ വില്ലനും ഡിവൈഡര്‍ ആയിരുന്നല്ലോ. ഇത്രയധികം ദുരന്തങ്ങള്ക്കുശേഷവും ഡിവൈഡര്‍ മാറ്റാനോ അപകടസൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കാനോ ട്രാഫിക് ലൈറ്റ് സ്ഥാപിക്കാനോ സാധിക്കാത്ത അധികാരികള്‍ അന്വേഷണം നടത്തിയിട്ട് എന്ത് പ്രയോജനം?
കോണ്‍ഗ്രസ് ദല്ലാളുകള്‍ ?
ഖജനാവിന് 1,86,000 കോടി രൂപ നഷ്ടം വരുത്തിവെച്ച കല്‍ക്കരി കുംഭകോണം അഥവാ കോള്‍ഗേറ്റ് വിവാദത്തില്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രധാന പ്രതിപക്ഷമായ ബിജെപി ഉറച്ചുനില്‍ക്കുമ്പോള്‍ അഴിമതി പുറത്തുകൊണ്ടുവരാന്‍ അത് സഹായകരമാകില്ലെന്ന് വാദിച്ച് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായംസിംഗും ഇടതുപക്ഷവും രംഗത്തെത്തിയിരിക്കുകയാണ്. കോള്‍ഗേറ്റില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ അവര്‍ ധര്‍ണ ഇരിക്കുമത്രെ. കോള്‍ഗേറ്റില്‍ 1,86,000 കോടി രൂപ അഴിമതി നടന്നുവെന്ന സിഎജി കണ്ടെത്തലിനെ ഭരണപക്ഷം ചോദ്യംചെയ്യുകയാണ്. 2 ജി സ്പെക്ട്രത്തില്‍ സീറോ നഷ്ടം പ്രഖ്യാപിച്ചത് കപില്‍ സിബലായിരുന്നെങ്കില് ഇപ്പോള്‍ ധനമന്ത്രി ചിദംബരമാണ് സിഎജിയെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കുന്നത്. പക്ഷെ 142 കല്‍ക്കരിപ്പാടങ്ങള്‍ ലേലം ചെയ്യാതെ കോര്‍പ്പറേറ്റുകള്‍ക്ക് വീതിച്ച് നല്‍കിയത് മന്മോാഹന്സിംഗ് കല്ക്കരിമന്ത്രികൂടിയായിരിക്കുമ്പോഴാണ്.
ഒരു ടണ്‍ കല്‍ക്കരിക്ക് 295.44 രൂപ ലാഭം എന്ന കണക്ക് കൂട്ടിയാണ് 628 കോടി ടണ്‍ കല്‍ക്കരി ലേലം ചെയ്യാതെ നല്‍കിയത്. സിഎജി ഇതില്‍ പ്രധാനമന്ത്രിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോള്‍ സിഎജിയുടെ കണക്കുകള്‍ തെറ്റാണെന്ന് സ്ഥാപിക്കാനാണ് ചിദംബര പ്രഭൃതികളുടെ ശ്രമം. പക്ഷെ തന്റെ റിപ്പോര്‍ട്ട് പബ്ലിക് അക്കൗണ്ട്സ് കമ്മറ്റിക്ക് മുമ്പാകെ സമര്‍പ്പിക്കാന്‍ സിഎജി തയ്യാറെടുക്കുകയാണ്. സിഎജി റിപ്പോര്‍ട്ട് പൂര്‍ണവും സുതാര്യവുമാണ്. അതുകൊണ്ടുതന്നെ സിഎജി റിപ്പോര്‍ട്ടിനെ നിസാരവല്ക്കരിക്കാനുള്ള പ്രധാനമന്ത്രിയുടെയും യുപിഎയുടെയും നീക്കത്തെ ഒരു ഭരണഘടനാ സംവിധാനത്തെ തകര്‍ക്കാനുള്ള ദുരുദ്ദേശ്യപരമായ നീക്കമാണ്. ബിജെപിയാകട്ടെ പ്രധാനമന്ത്രിയുടെ രാജി ഒഴികെ മറ്റൊരു ഒത്തുതീര്‍പ്പിനും സന്നദ്ധമല്ലെന്ന ശക്തമായ നിലപാടെടുക്കുമ്പോള്‍ പരോക്ഷമായി കോണ്‍ഗ്രസിനെ പിന്തുണക്കാനുള്ള ശ്രമമാണ് മുലായത്തിന്റെയും ഇടതുപാര്‍ട്ടികളുടെയും ഭാഗത്തുനിന്നുണ്ടാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: