ഒരു ജനതയുടെ ഐക്യത്തിന്റെയും സമൃദ്ധിയുടേയും പ്രതീകാത്മക വിളംബരമായിട്ടാണ് ഓണം പ്രത്യക്ഷപ്പെടുന്നത.് മലയാളിയുടെ സാംസ്കാരിക തനിമ വിളിച്ചോതുന്ന മുദ്രയും ജീവിതചര്യയുടെ കൊടിയടയാളവുമാണത്. കര്‍ക്കടത്തിന്റെ വറുതികളോട് വിടപറഞ്ഞ് ചിങ്ങം പുഞ്ചിരിതൂകിവന്നെത്തുന്ന പൂക്കാലത്തിന്റെയും കൊയ്ത്തുകാലത്തിന്റെയും സമാഗമം മലയാളിക്കാഹ്ലാദം പകര്‍ന്നു നല്കുന്നു. പ്രത്യാശയുടെ പൊന്‍വെളിച്ചവുമായി പൊന്നോണം കടന്നുവരുമ്പോള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കാന്‍ ആബാലവൃദ്ധം ജനങ്ങളും അണിനിരക്കുന്ന നാടാണ് കേരളം. ജാതിമതചിന്തകള്‍ക്കതീതമായ ചരിത്ര-സാംസ്കാരിക പ്രതിബദ്ധതയാണ് ഓണാഘോഷത്തിനാധാരം.
ഓണത്തിനെതിരേ മതപരമായ പ്രതിഷേധത്തിന്റെ മങ്ങലുകള്‍ ഇവിടെ സൃഷ്ടിക്കുന്ന ദുഷ്ടശക്തികള്‍ക്കെതിരേ സ്വന്തം പാളയത്തില്‍നിന്നുതന്നെ ഇത്തവണ നേരിയ തോതിലെങ്കിലും എതിര്‍പ്പും പ്രതിഷേധവും ഉയര്‍ന്നു വന്നിട്ടുണ്ട്. നിലവിളക്കുകൊളുത്തുന്നതും കൈകൂപ്പി അഭിവാദ്യം ചെയ്യുന്നതും ഓണാഘോഷം നടത്തുന്നതും അനിസ്ലാമികമെന്ന് കൊട്ടിഘോഷിച്ച് നടക്കുന്ന മുസ്ലീംലീഗ് നിലപാടിനെതിരേ ഡോ:ഫസല്‍ ഗഫൂറും ഡോ: കെ.ടി.ജലീലും ഉയര്‍ത്തിയ വാക്ശരങ്ങളെ നേരിന്റെ നേരിയ നേര്‍വെളിച്ചമായി കാണുന്നതില്‍ തെറ്റില്ല. ഒരു പക്ഷേ ഇതൊരു രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി രൂപപ്പെട്ടതായിരിക്കാം. എങ്കിലും മതേതര ഭരണഘടനതൊട്ട് അധികാരം കൈയ്യാളുന്നവര് നമ്മുടെ സംസ്കാരത്തേയും പൈതൃകത്വത്തേയും പിന്നില്‍നിന്ന് കുത്തുമ്പോള്‍ അതിനെതിരേ ഉണ്ടാകുന്ന ഏതു എതിര്സ്പന്ദവും സ്വാഗതം ചെയ്യപ്പെടുകതന്നെ വേണം.
ഓണം; ജനങ്ങള്‍ പരസ്പരം സ്നേഹത്തോടെ കളവും കള്ളം പറയലുമില്ലാതെ, ചതിയും വഞ്ചനയുമില്ലാതെ, സ്വരുമയും ഒരുമയും നെഞ്ചിലേറ്റിക്കഴിഞ്ഞ കാലഘട്ടത്തിന്റെ ഓര്‍മ്മയാണ്. ഇതിനെ മതപരമായ ഒരു ആഘോഷമായി മലയാളി കണക്കാക്കുന്നില്ല. സംസ്കൃതപദമായ ശ്രാവണത്തില്നിന്നും ലോപിച്ചുണ്ടായ ഓണം സമൃദ്ധിയുടേയും സദ്ഭരണത്തിന്റെയും സന്ദേശമാണ് തലമുറകള്‍ക്ക് കൈമാറിക്കൊണ്ടിരിക്കുന്നത്. നമ്മുടെ രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം ഭരണം സുരാജ്യത്തിനുപകരം കൊലയും കൊള്ളയും അരങ്ങുതകര്‍ക്കുന്ന പരിതാപകരമായ സ്ഥിതിയിലേക്കു ആണ്ടുപൊയ്ക്കൊണ്ടിരിക്കുന്നു. സുരാജ്യം സ്വപ്നം കണ്ട് സ്വാതന്ത്ര്യത്തിനുവേണ്ടി ജീവിതം ബലിയര്‍പ്പിച്ച എത്രയോ ധീരദേശാഭിമാനികളുടെ ആത്മാവുകള്‍ ഇതെല്ലാം കണ്ട് അസ്വസ്ഥരായി ചുറ്റും വലയം തീര്ത്തുനില്ക്കുന്നു. ദേശീയ ഉത്സവമായ ഓണത്തിന്റെ തിമിര്‍പ്പില്‍ പാട്ടും കൂത്തും മൃഷ്ടാന്നഭോജനവുമായി ആഹ്ലാദം പങ്കിടുമ്പോള്‍ നഷ്ടസ്മൃതികളുടെ കൂമ്പാരങ്ങള്‍ നമുക്കിടയില്‍ പ്രേതഭൂമിതീര്ത്തിരിക്കുന്നു. മഹാബലി ദാനശീലത്തിന്റെയും മിതവ്യയത്തിന്റെയും വാക്കുപാലിക്കലിന്റെയും പ്രതീകമാണെങ്കില്‍ ഇന്നത്തെ ഭരണാധിപന്മാര് അതിന്റെ നേരെ എതിര്‍ദിശയിലാണ് നിലകൊള്ളുന്നത്.
പ്രകൃതിയുടെ സൂഷ്മഭാവങ്ങളും ഋതുഭേദമര്മ്മങ്ങളും തൊട്ടറിഞ്ഞ ഒരു ജനസഞ്ചയത്തിന്റെ ആത്മാവിഷ്കാരമാണ് ഓണസന്ദേശം പകര്‍ന്നു നല്‍കുന്നത്. എന്നാല്‍ ഇവിടത്തെ ഭരണക്കാരും പിണിയാളുകളും പ്രകൃതിയോട് ഇണങ്ങാനും അതിനെ സംരക്ഷിക്കാനും മനസ്സില്ലെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നവരാണ്. മൗനം കുറ്റകരമാകുംവിധം പ്രധാനമന്ത്രിപോലും പലപ്പോഴും വാല്മീകത്തില് അടയിരിക്കുന്ന നാടാണിത്. ഫലമോ തോടു നീക്കി അഴിമതിയുടെ കൊള്ളക്കാര്‍ പത്തിവിടര്‍ത്തി ചീറ്റിയടുക്കുന്നു. ശുദ്ധവായുവും ശുദ്ധജലവും അന്യമാകുന്ന അപകട സ്ഥിതിയിലേക്കാണ് മലയാളക്കര ഇപ്പോള്‍ അടിവെച്ചു നീങ്ങികൊണ്ടിരിക്കുന്നത്. ആകാശത്തോളം ഉയരുന്ന ഭീദിത കോണ്‍ക്രീറ്റ് സൗധങ്ങളും ആവോളം അണുപ്രസരം നടത്തുന്ന കേബിള്‍ ടിവി ടവറുകളും ഒരു ജനതതിയുടെ ഔന്നിത്യത്തിന്റെ മേലങ്കിയായി അണിയുന്നതിലര്ത്ഥമില്ല. വരവിലും ചിലവിലും രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തിനില്‍ക്കുന്ന കേരളം അടിസ്ഥാന ഉല്പാദനരംഗത്ത് ഏറ്റവും പിന്നിലാണുള്ളത്. പ്രവാസികള്‍ സൃഷ്ടിക്കപ്പെട്ട ഇന്നത്തെ സമ്പന്ന കേരളം അന്താരാഷ്ട്രരംഗത്തുണ്ടാകുന്ന അപകടകരമായ വിസ്ഫോടനങ്ങള്‍ താങ്ങാനാവാതെ ഏത് നിമിഷവും നിലംപരിശാകാവുന്ന അവസ്ഥയിലാണ്. പ്രവാസികള്‍ പകര്‍ന്നു നല്കുന്ന സമൃദ്ധിയ്ക്കുനേരെ മുഖം തിരിക്കേണ്ടതില്ല. പക്ഷേ പ്രവാസികളെ ആശ്രയിച്ച് മാത്രം എത്രകാലം മുന്നോട്ടുപോകാനാകും എന്ന വിഷയത്തെകുറിച്ച് ഗൗരവപൂര്‍വ്വം ചിന്തിക്കാനെങ്കിലും മലയാളിയ്ക്ക് കഴിയേണ്ടതുണ്ട്.
ഓണമെന്ന ആനന്ദോത്സവം നമ്മുടെ സിരകളെ ലഹരിപ്പിടിപ്പിക്കുമ്പോള് നാമോര്‍ക്കുക, മദ്യത്തിന്റെ ഉപഭോഗത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനക്കാരാണ് നമ്മള്. ഇവിടെ ബിവറേജസ് കോര്‍പ്പറേഷന്‍വഴി സര്‍ക്കാര്‍ സമ്പന്നമാകുന്നു. ഇതൊന്നും ഒരു നാടിന് ഭൂഷണമല്ല. ക്രൈം നിരക്കിലും കുറ്റകൃത്യനിരക്കിലും ആത്മഹത്യാനിരക്കിലും സ്ത്രീകള്‍ക്കെതിരായ അതിക്രമകണക്കിലും കേരളമിന്ന് മറ്റു സ്റ്റേറ്റുകളേക്കാള്‍ മുന്നിലാണുള്ളത്. ധാര്‍മ്മിക തകര്‍ച്ചയുടെ അഗ്നിപര്‍വ്വതം അപകടം വാരിവിതറുന്ന കാലമാണിത്.
കമ്യൂണിസ്റ്റ് രാജ്യത്തുനിന്നും മുതലാളിത്ത രാജ്യങ്ങളിലേക്ക് ഉപജീവനം തേടി ആളുകള്‍ ചേക്കേറുന്നത് വലിയ കുറച്ചിലായാണ് പ്രസ്തുത രാജ്യങ്ങള്‍ എപ്പോഴും കരുതുന്നത്. കമ്യൂണിസ്റ്റ് സ്വാധീനംവഴി രൂപപ്പെട്ടതെന്ന് അക്കൂട്ടര്‍ കരുതുന്ന കേരളം ഇതുവരെയും നാട്ടില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ തല്പ്പരരേയല്ല. ഓണം ഒരുമയുടെ ആഘോഷമെങ്കിലും ഇവിടം ഭീകരവാദികളുടെ കളിത്തൊട്ടിലാണ്. ജാതിമതരാഷ്ട്രീയം കത്തിക്കാളുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളമുള്ളത്. പൂവിളികളും പൂക്കളവും അന്യമാകയോ വിപണിവല്ക്കരിക്കപ്പെടുകയോ ചെയ്യപ്പെട്ടുകഴിഞ്ഞു. കേരളമെങ്ങനെ ജീവിക്കുന്നു എന്നതിനെകുറിച്ച് ഇവിടെയാരും ചിന്തിക്കുന്നില്ല. മാതൃഭാഷയും മലയാളിത്തനിമയും നഷ്ടപ്പെടുമ്പോഴും ഓണം നമ്മെ ചിരിപ്പിക്കുന്നു. ഓണം മലയാളത്തിന്റെ അതിരുകള്‍ വിട്ട് ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നു. രാഷ്ട്രീയ അതിപ്രസരം ഒരു നാടിന്റെ പുരോഗതിയെ എങ്ങനെ തകര്‍ക്കുമെന്നതിന്റെ ക്ലാസിക് സാമ്പിളാണ് കേരളം.
പണമുണ്ടാക്കാനുള്ള വെമ്പലില്‍ ആത്മാവ് നഷ്ടപ്പെടുന്നസമൂഹമായി എത്രനാള്‍ നമുക്ക് മുന്നോട്ടുപോകാനാകും ? ലോകം കണ്ടതില്‍വെച്ച് ഏറ്റവും നല്ല രാജ്യഭരണം നടത്തിയ മാതൃകാഭരണാധിപനായ മഹാബലിയുടെ സ്മരണയില്‍ നമുക്കഭിമാനിക്കാം. കള്ളവും ചതിയും ഒന്നുമില്ലാതിരുന്ന സമൃദ്ധഭരണത്തിന്റെ സ്മൃതികളിലൂടെ അഭിരമിക്കാം. ദാരിദ്ര്യമൊട്ടുമില്ലാത്ത ജനക്ഷേമത്തിന്റെ സന്തോഷവും ഐശ്വര്യവും കാഴ്ചവെച്ച ആ ഭരണത്തിനായി ആഹ്ലാദതിമിര്‍പ്പോടെ കാത്തിരിക്കാം. ഓണം നമ്മുടെ മോഹവും ദാഹവും ലഹരിയുമായി ആഹ്ലാദപ്പൂക്കള് സമ്മാനിക്കുമ്പോള്‍ അതുള്‍ക്കൊണ്ടിരുന്ന സമൃദ്ധിയും സംസ്കാരത്തിന്റെ സംശുദ്ധിയും വീണ്ടെടുക്കാന്‍ നാം പുനരര്‍പ്പണം ചെയ്യുകയും വേണം. വായനക്കാര്‍ക്ക് നന്മ നിറഞ്ഞ ഓണാശംസകള്‍ നേരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: