ഗാന്ധിനഗര്‍: രാജ്യപുരോഗതിക്ക് ഗുജറാത്ത് സര്‍ക്കാരിന്റെ വികസനമാതൃകകള്‍ പിന്തുടരാന് പ്രധാനമന്ത്രിയോട് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി. ഗുജറാത്ത് അതിവേഗമാണ് വികസനത്തിലെത്തിയതെന്നും രാജ്യത്തിന്റെ അവസ്ഥ മാറ്റാന്‍ ഗുജറാത്തിന്റെ മാര്‍ഗം സ്വീകരിക്കാനും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ഇപ്പോള്‍ തെറ്റായ ദിശയിലാണ് സഞ്ചരിക്കുന്നതെന്നും രാജ്യത്തിന്റെ നിലവിലെ അവസ്ഥക്ക് കാരണം അതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുജറാത്ത് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണങ്ങളെ മോഡി നിശിതമായി വിമര്‍ശിച്ചു. അഹമ്മദാബാദില്‍ പെണ്‍കുട്ടികള്‍ക്കായി സംഘടിപ്പിച്ച ചെസ് മത്സരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭാതെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് യോഗങ്ങള്‍ സംഘടിപ്പിക്കാനാണ് ശ്രദ്ധ നല്‍കേണ്ടതെന്ന് ആളുകള്‍ തന്നെ ഉപദേശിക്കുമെന്നും എന്നാല്‍ സംസ്ഥാനത്തിന്റെ വികസനം ആഗ്രഹിക്കുന്നതിനാലാണ് ഇത്തരത്തിലുള്ള പരിപാടികളില്‍ താന്‍ ശ്രദ്ധിക്കുന്നതെന്നും മോഡി പറഞ്ഞു. ചെസ് കളിക്കുന്നത് മനസ്സിനെ വികസിപ്പിക്കും. അനാവശ്യമായ സംഘര്‍ഷം കുറയ്ക്കും. അതിനാലാണ് കൂടുതല്‍ പെണ്‍കുട്ടികള്‍ ചെസ്സ് കളിക്കട്ടെ എന്ന് സര്‍ക്കാര്‍ തീരുമാനിച്ചതെന്നും മോഡി വ്യക്തമാക്കി. പാര്‍ലമെന്റ് സമ്മേളനം ഉപേക്ഷിച്ചാണ് താന്‍ എത്തിയതെന്നും ഒരു കൂരയ്ക്ക് കീഴെ നാലായിരത്തോളം പെണ്‍കുട്ടികള്‍ ഒന്നിച്ച് പങ്കെടുക്കുന്ന ചെസ് മത്സരത്തിന്റെ കാഴ്ച വളരെ വലുതാണെന്നും പരിപാടിയില്‍ പങ്കെടുത്ത മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: