യുഡിഎഫ് സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ എമര്‍ജിംഗ് കേരള 2012 കേരളത്തിലെ പരിസ്ഥിതിയുടെ മരണമണി മുഴക്കുകയാണ്. ആഗോള ടൂറിസം കേന്ദ്രങ്ങളില്‍ പ്രമുഖ സ്ഥാനം ഇപ്പോള്‍ തന്നെ വഹിക്കുന്ന ഹരിത കേരളത്തെ വികസിപ്പിക്കുക എന്ന സ്വപ്നത്തോടെ യുഡിഎഫ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് കേരളത്തിലെ ഹൃദയഹാരികളായ ടൂറിസ്റ്റ് സങ്കേതങ്ങള്‍ക്ക് ശ്മശാനമൊരുക്കുകയാണ്. നെല്ലിയാമ്പതി പ്രശ്നത്തില്‍ ഉദയംകൊണ്ട ഹരിത രാഷ്ട്രീയം കത്തിനില്‍ക്കവെയാണ് വ്യവസായ വകുപ്പ് എമര്‍ജിംഗ് കേരള പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഗ്രീന്‍ രാഷ്ട്രീയവും ഗ്രീഡി രാഷ്ട്രീയവും തമ്മില്‍ ഉടലെടുത്ത വടംവലി കൂടുതല്‍ ശക്തി പ്രാപിക്കാന്‍ നിലമൊരുക്കിയാണ് എമര്‍ജിംഗ് കേരള അവതരിപ്പിച്ചിരിക്കുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ തയ്യാറാക്കിയ 200ല്‍ പരം പദ്ധതികളാണ് എമര്‍ജിംഗ് കേരളയുടെ ഭാഗമായി പ്രഖ്യാപിക്കപ്പെടാന്‍ പോകുന്നത്. കേരളത്തിലെ നിക്ഷേപ സാധ്യതകളെ ഷോകേസ് ചെയ്യുന്ന ഈ ‘ഗ്ലോബല്‍ കണക്ട്’ പരിപാടി ഉദ്ഘാടനം ചെയ്യുന്നത് പ്രധാനമന്ത്രി മന്മോഹന് സിംഗ് ആണ്. നിക്ഷേപവും പൊതു താല്‍പ്പര്യവും സംയോജിപ്പിച്ച പദ്ധതി പുതിയ വ്യവസായ നിക്ഷേപക സാധ്യതകള്‍ക്ക് വഴി തുറക്കും എന്നാണ് വാഗ്ദാനം. വ്യവസായം, വാണിജ്യം, ഐടി, ആരോഗ്യം, ഭക്ഷ്യ സംസ്ക്കരണം, തുറമുഖം, വസ്ത്രനിര്‍മാണം, ടൂറിസം മുതലായ പദ്ധതികളില്‍ ടൂറിസം വകുപ്പിന്റെതായ 25 പദ്ധതികളാണ് പരിസ്ഥിതിയെ സ്നേഹിക്കുന്നവരുടെ നെഞ്ചില്‍ തീ കോരി ഇടുന്നത്. കെടിഡിസിയും ടൂറിസ്റ്റ് റിസോര്‍ട്ട്സും ചേര്‍ന്ന് 1000 കോടിയുടെ നിക്ഷേപ പദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നത്.
ഇപ്പോള്‍ തന്നെ വനഭൂമിയുടെ അഞ്ചുശതമാനം വിനോദ സഞ്ചാര വികസനത്തിന് വിട്ടുകൊടുക്കാനുള്ള നീക്കം എതിര്‍പ്പുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇതില്‍ ഒരു ലക്ഷം ഏക്കര്‍ വനം റിസോര്‍ട്ടുകളും കോണ്‍ക്രീറ്റ് വനങ്ങളും ആയി മാറും. ഒരുകാലത്ത് പ്രകൃതിരമണീയമായിരുന്ന വാഗമണ്‍ ഇപ്പോള്‍ തന്നെ കയ്യേറ്റ മാഫിയയുടെ കടന്നുകയറ്റത്തിനിരയായിരിക്കയാണ്. ഇമര്‍ജിംഗ് കേരള പദ്ധതിപ്രകാരം വാഗമണിലെ വന മധ്യത്തില്‍ 150 ഏക്കര്‍ ഗോള്‍ഫ് കോഴ്സിനും റിസോര്‍ട്ടുകള്‍ക്കും നല്‍കുകയാണ്. 135 കോടി മുടക്കി അഡ്വൈഞ്ചര്‍ ടൂറിസം സ്പോര്‍ട്സ് അരിനയും വിഭാവനം ചെയ്യുന്നു. പീരുമേട്ടിലെ വനഭൂമിയില്‍ 26 കോടി മുടക്കി ഹെല്‍ത്ത് റിസോര്‍ട്ടും അരൂക്കുറ്റി വേമ്പനാട്ട് കായലില്‍ 150 കോടിയുടെ അണ്ടര്‍വാട്ടര്‍ അക്വേറിയവും ആണ് നിര്‍മിക്കുക. വിവാദം കെട്ടടങ്ങാത്ത നെല്ലിയാംപതിയിലെ സംരക്ഷിത വനമേഖലയിലാണ് ബോട്ടാണിക്കല്‍ ഗാര്‍ഡന്‍സ്, ഫോറസ്റ്റ് ലോഡ്ജ് മുതലായവ 50 കോടി മുടക്കി നിര്‍മിക്കുക. തലശ്ശേരിക്ക് സമീപം ധര്‍മ്മടം തുരുത്തില് സമുദ്രത്തിന് നടുവിലായി മറൈന്‍ ലെയ്ഷര്‍ ഐലന്റ് (150 കോടി), ദേവികുളത്തെ സംരക്ഷിത വനമേഖലയില്‍ റിസോര്‍ട്ട്, കോട്ടയം ജില്ലയിലെ പാരിസ്ഥിതിക ദുര്‍ബല പ്രദേശമായ ഇലവീഴാ പൂഞ്ചിറയില്‍ 150 കോടിയുടെ ടൂറിസം റിസോര്‍ട്ട്, കോഴിക്കോട് കക്കയം വനമേഖലയില്‍ 50 ഏക്കറില്‍ ഇക്കോ ക്യാമ്പ് മുതലായവയാണ് എമര്‍ജിംഗ് കേരള വാഗ്ദാനം ചെയ്യുന്നത്.
എമര്‍ജിംഗ് കേരളയുടെ ലക്ഷ്യം വനം തന്നെയാണ്. കേരളത്തില്‍ വനഭൂമി സംരക്ഷണത്തിനുവേണ്ടി ഒരുവിഭാഗം രാഷ്ട്രീയക്കാരും പരിസ്ഥിതി പ്രവര്‍ത്തകരും വാദിക്കുമ്പോള്‍ വിവാദങ്ങള്‍ക്ക് വിരാമമിടാന്‍ ലക്ഷ്യമിട്ടാണ് വനം എന്ന സങ്കല്‍പ്പംപോലും നശിപ്പിക്കുന്ന എമര്‍ജിംഗ് കേരള പദ്ധതികള്‍ വരുന്നത്. സമസ്ത മേഖലകളിലും വികസനം വാഗ്ദാനം ചെയ്യുന്ന എമര്‍ജിംഗ് കേരള വികസിപ്പിക്കാന്‍ പോകുന്നത് മാഫിയകളെയായിരിക്കുമെന്നാണ് പൂര്‍വ്വാനുഭവങ്ങള്‍. ഭൂമാഫിയ, മണല്‍ മാഫിയ, കരിമണല്‍ മാഫിയ, തടി മാഫിയ-വനം മാഫിയ മുതലായവ സംസ്ഥാനത്തിന്റെ പ്രകൃതിവിഭവങ്ങളും പൊതുസമ്പത്തും കൊള്ളചെയ്യുമ്പോള്‍ ഇത്തരം നിക്ഷേപവും പൊതുതാല്‍പ്പര്യവും എങ്ങനെ സമന്വയിപ്പിക്കുമെന്നതാണ് ജനങ്ങളെ അലട്ടുന്ന ചിന്ത. കേരളത്തില്‍ മാഫിയകളുടെ പ്രധാന ലക്ഷ്യം ഭൂമിയും വനവും പൊതുസമ്പത്തുമാണല്ലൊ. കരിമണല്‍ ഖാനനം സ്വകാര്യവല്ക്കരിക്കപ്പെട്ടാലത്തെ ഭയാനക വിപത്ത് ഭാവനാതീതമാണ്. പക്ഷേ രാഷ്ട്രീയക്കാര്‍ ലക്ഷ്യമിടുന്നത് സ്വന്തം പോക്കറ്റ് വികസനമാകുമ്പോള്‍ വിദേശനിക്ഷേപവും വികസനം എന്ന പേരുപോലും മലയാളിയെ കിടിലം കൊള്ളിക്കുന്നു. കണ്ണൂരിലെ കണ്ടല്‍പാര്‍ക്ക് തന്നെ കണ്ടലിന്റെ ശ്മശാന ഭൂമിയായി. വികസനം പരിസ്ഥിതി സൗഹൃദമാകേണ്ടതിന്റെ ആവശ്യം രാഷ്ട്രീയക്കാര്‍ക്ക് മനസിലാകാത്ത വസ്തുതയാണെന്ന് വികസനത്തിന്റെ പേരില്‍ വരുന്ന പദ്ധതികള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു. വേമ്പനാട്ട് കായലിന്റെ മുകളില്‍ ആകാശനഗരം നിര്‍മ്മിക്കാന്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അനുമതി നല്കാന് തുടങ്ങിയതാണല്ലോ.
മനുഷ്യന്റെ നിലനില്‍പ്പുപോലും പ്രകൃതിയുടെ നിലനില്‍പ്പിനേയും സന്തുലിതാവസ്ഥയെയും ആശ്രയിച്ചിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനമോ പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളിലെ കരിങ്കല്‍ ഖാനനം മൂലം സംഭവിക്കുന്ന ഉരുള്‍പൊട്ടലോ രാഷ്ട്രീയക്കാര്‍ക്ക് പാഠമാകുന്നില്ല. പക്ഷേ കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെന്നും നിക്ഷേപകരെ കൊള്ളക്കാരെന്ന നിലയില്‍ വീക്ഷിക്കുന്നുവെന്നുമുള്ള ആരോപണങ്ങളാണ് നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ഉയര്‍ത്തുന്നത്.
എമര്‍ജിംഗ് കേരളയിലെ ഈ പ്രയോജനമുള്ള പദ്ധതികള്‍ മാത്രം പ്രയോഗത്തില്‍ വരുത്തി രാജ്യത്തിന്റെ പ്രകൃതിവിഭവവും പൊതുസമ്പത്തും കൊള്ളയടിക്കപ്പെടാതെ ജാഗ്രത പുലര്‍ത്തേണ്ടത് പ്രബുദ്ധരായ കേരള സമൂഹമാണ്. കേരളം നിക്ഷേപകരെ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നത് ഇവിടെവന്ന പ്ലാച്ചിമടയും ഗ്വാളിയോര്‍ റയോണ്‍സും ടൈറ്റാനിയവും മറ്റും നല്കിയ പാഠങ്ങളാണ്. നെല്ലിയാമ്പതിയിലെ വനം തട്ടിപ്പ് എമര്‍ജിംഗ്കേരളയില്‍ നിഴല്‍ വീഴ്ത്തരുതെന്ന് ആഗ്രഹിക്കുന്നവര്‍പോലും എന്നും ജോലി തേടി പ്രവാസജീവിതത്തിന് വിധിക്കപ്പെട്ട മലയാളിക്ക് നല്ല ജോലിയും ഭാവിയും ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കാത്തവരല്ല. പക്ഷേ എമര്‍ജിംഗ്കേരള ആനയിക്കുന്ന സംരംഭകര്‍ക്ക് സര്‍ക്കാര്‍ കാഴ്ചവയ്ക്കുന്നത് ഇവിടുത്തെ നിത്യഹരിത വനങ്ങളും കായലും തുരുത്തുകളും നദികളും എല്ലാമാണ്. സംരക്ഷിതമേഖലകള്‍ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്ക് കൈമാറുന്നതിനെ ചെറുക്കേണ്ട ബാധ്യത ഭാവി അപകടം തിരിച്ചറിയേണ്ടുന്ന കേരള നിവാസികളാണ്. ഇപ്പോള്‍തന്നെ 2005 മുതല്‍ നെല്‍വയല്‍ കരഭൂമിയാക്കി നികത്തിയ ഭൂമിയെ മുന്‍കാല പ്രാബല്യത്തോടെ കരഭൂമി സ്റ്റാറ്റസ് നല്കാന് തയ്യാറെടുക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ആറന്മുളയില് സ്വകാര്യ കമ്പനിക്കുവേണ്ടി തികച്ചും അനാവശ്യമായ വിമാനത്താവളം നിര്‍മ്മിക്കാനും നികത്താന്‍ പോകുന്നത് ഏക്കറുകണക്കിന് വയലുകളാണ്. നെല്‍പ്പാടങ്ങളും തണ്ണീര്‍ത്തടങ്ങളും ചതുപ്പ് നിലങ്ങളും എല്ലാം സാവധാനം അപ്രത്യക്ഷമാകുമ്പോള്‍ 44 നദികള്‍ നീര്‍ച്ചാലുകളായ കേരളം ഇന്ന് കുടിവെള്ളക്ഷാമംപോലും അനുഭവിക്കുന്നു. എമര്‍ജിംഗ് കേരള 2012 എമര്‍ജിംഗ് ഡേഞ്ചര്‍ 2012 ആകുമോ എന്ന ഭീതി സ്വാഭാവികം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: