കൊച്ചി: ജില്ല ഭരണകൂടവും ടൂറിസം പ്രമോഷന് കൗണ്‍സിലും ചേര്‍ന്നൊരുക്കുന്ന ലാവണ്യം-2012 ന്റെ ഭാഗമായി നടക്കുന്ന നാടകോത്സവത്തിന് തിരി തെളിഞ്ഞു. ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലൊരുക്കിയ ജി.ശങ്കരപ്പിള്ള നഗറില്‍ നടക്കുന്ന ചടങ്ങ് ഫിഷറീസ് മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമ മടി രേവതി മുഖ്യാതിഥിയായിരുന്നു.
ജ്ഞാനപീഠം അവാര്‍ഡ് ജേതാവായ പ്രശസ്ത കവി ജി.ശങ്കരപിള്ളയുടെ പേരില്‍ സാംസ്കാരിക വേദിയുണ്ടാക്കാന്‍ സര്‍ക്കാര്‍ വിട്ടുകൊടുത്ത സ്ഥലമുപയോഗപ്പെടുത്തി കൊച്ചിയില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ സാംസ്കാരിക കേന്ദ്രം നിര്‍മിക്കുന്നത് പരിഗണനയിലാണെന്ന് മന്ത്രി കെ.ബാബു പറഞ്ഞു. ഇതിലൂടെ സ്ഥിരം വേദിയുണ്ടാക്കുന്നതോടൊപ്പം സാംസ്കാരിക ഗ്രാമം സൃഷ്ടിക്കുക കൂടിയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ സമ്പന്നമായ പാരമ്പര്യമാണ് നാടകകലയക്കുള്ളത്. എന്നാല്‍ പഴയകാല സമ്പന്നതയും ഊര്‍ജ്ജസ്വലതയും നാടകകലയ്ക്ക് ഇന്നുണ്ടോയെന്നത് സംശയകരമാണ്. നാടകങ്ങളുടെ നിര്ജീവാവസ്ഥ മാറ്റിയെടുക്കുന്നതിന് എല്ലാവരും മുന്നോട്ടു വരേണ്ടതുണ്ട്. മറ്റു രാജ്യങ്ങളിലെല്ലാം നാടകകല മാറ്റങ്ങളുള്കൊണ്ടു ഏറെ മുന്നേറി. മാറ്റങ്ങളുള്‍കൊണ്ട് നാടകകലയ്ക്ക് വ്യക്തമായ പ്രാധാന്യം നല്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് സര്‍ക്കാര്‍ മന്കൈയെടുക്കും. സാംസ്കാരിക രംഗത്തെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ഡിസംബറില്‍ സര്‍ക്കാരിന്റെ സഹായത്തോടെ ജില്ല ഭരണകൂടം കൊച്ചിയില്‍ അന്താരാഷ്ട്ര ചലചിത്ര മേള സംഘടിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ലോകനിലവാരത്തില്‍ കൊച്ചിയില്‍ നാടകവേദിയുണ്ടാക്കുന്നതിന് അധികാരികളും ഭരണകൂടവും മുന്‍കൈയെടുക്കണമെന്ന് ചലചിത്രനടി രേവതി പറഞ്ഞു. നാടകോത്സവത്തിന്റെ ഭാഗമായി ജില്ലയില്‍ നിന്നും നാടകരംഗത്തും മറ്റു കലാ, സാംസ്കാരിക രംഗത്തും മികച്ച സംഭാവനകള്‍ നല്കിയ പ്രശസ്ത സിനിമ, നാടക നടി ശാന്തകുമാരിയമ്മ, സീറോ ബാബു, തോപ്പില്‍ ആന്റോ, പറവൂര്‍ ജോര്‍ജ്ജ്, മരട് ജോസഫ് തുടങ്ങിയവരെ ആദരിച്ചു.
ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ 10 വര്‍ഷത്തിനു ശേഷമാണ് പ്രൊഫഷണല്‍ നാടകങ്ങള്‍ എറണാകുളം നഗരത്തിലെത്തുന്നതെന്ന പ്രത്യേകതയോടെയാണ് നാടകോത്സവത്തിന് ആരംഭം കുറിച്ചത്. നാടകകാലം എന്ന മലയാള നാടകോത്സവത്തില്‍ നിന്ന് പത്തു അവതരണങ്ങളാണ് കൊച്ചിയുടെ നാടക ആസ്വാദകര്‍ക്കായി രംഗത്തെത്തുന്നത്. പ്രശസ്ത നാടകാചാര്യന് കാവാലം നാരായണപ്പണിക്കര്‍ സംവിധാനവും രചനയും നിര്‍വഹിച്ച കല്ലുരുട്ടി എന്ന നാടകത്തോടെയായിരുന്നു നാടകകാലത്തിന്റെ തുടക്കം. ഇനിയുള്ള ആറു ദിവസങ്ങളിലായി തമിഴ് നാടോടി കലാപാരമ്പ്യര്യത്തിലെ സുപ്രധാന ഘടകമായ തെരുക്കൂത്തു മുതല്‍ മലയാളത്തിലെ കൊമേഴ്സ്യല്‍ നാടകവേദിയെ പ്രതിനിധാനം ചെയ്യുന്ന കെ.പി.എ.സിയുടെ നാടകം വരെ കൊച്ചിയുടെ മണ്ണില്‍ ജനങ്ങള്‍ക്ക് മുന്നിലെത്തും. 31 വരെയാണ് നാടകോത്സവം നടക്കുക.
ചടങ്ങില്‍ ഹൈബി ഈഡന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ല കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത്, കാവാലം നാരായണപണിക്കര്‍, ഡെപ്യൂട്ടി മേയര്‍ ബി.ഭദ്ര, രമേഷ് വര്‍മ, ചന്ദ്രദാസന്‍, ടി.കലാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: